ലഖ്‌നൗ: അനിശ്ചിതത്വം നീങ്ങി. ഉത്തര്‍പ്രദേശില്‍ ഒരുമിച്ചുമത്സരിക്കുമെന്ന് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. 403 അംഗ നിയമസഭയില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി.) 298 സീറ്റിലും കോണ്‍ഗ്രസ് 105 സീറ്റിലും മത്സരിക്കും.
ലഖ്‌നൗവില്‍നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്.പി.സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തംപട്ടേല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സഖ്യതീരുമാനം പ്രഖ്യാപിച്ചത്. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനാണ് സഖ്യമെന്ന് ഇരുനേതാക്കളും പറഞ്ഞു.
അഖിലേഷ് യാദവായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്നും നേതാക്കള്‍ വ്യക്തമാക്കി. അഖിലേഷും രാഹുല്‍ഗാന്ധിയുമാണ് സഖ്യത്തെ നയിക്കുകയെന്ന് രാജ് ബബ്ബാര്‍ പറഞ്ഞു.
തകര്‍ച്ചയുടെ വക്കില്‍നിന്നാണ് രണ്ടുപാര്‍ട്ടികളും ഞായറാഴ്ച സഖ്യത്തെ തിരിച്ചുപിടിച്ചത്. 120 സീറ്റുവേണമെന്ന് കോണ്‍ഗ്രസും നൂറേ തരൂവെന്ന് എസ്.പി.യും നിലപാടെടുത്തതോടെ ശനിയാഴ്ച ചര്‍ച്ചകള്‍ അലസിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും പ്രിയങ്കയുടെയും ഇടപെടലാണ് ഞായറാഴ്ച ഫലം കണ്ടത്. സോണിയ അഖിലേഷുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ന്നാണ് സഖ്യം യാഥാര്‍ഥ്യമായത്.
അജിത് സിങ്ങിന്റെ ആര്‍.എല്‍.ഡി. അടക്കമുള്ള ചെറുപാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് മാത്രം മതി സഖ്യത്തിലെന്ന നിലപാടാണ് സമാജ്വാദി പാര്‍ട്ടി സ്വീകരിച്ചത്.