ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി(എസ്.പി.)യുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ അംബികാ ചൗധരി ബി.എസ്.പിയില്‍ ചേര്‍ന്നു. ലഖ്‌നൗവില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലേക്ക് കടന്നുവന്നാണ് അംബികാ ചൗധരി എസ്.പി. വിടുന്ന വിവരം നാടകീയമായി പ്രഖ്യാപിച്ചത്.
അംബികാ ചൗധരിയെ മായാവതി ബൊക്കെ നല്‍കി സ്വീകരിച്ചു. മുലായംസിങ് യാദവിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് അംബികാ ചൗധരി. മുലായം മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന അദ്ദേഹം 40 വര്‍ഷമായി രാഷ്ട്രീയരംഗത്തുണ്ട്. കാല്‍നൂറ്റാണ്ടായി എസ്.പിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ്. അഖിലേഷ് മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും പുനഃസംഘടനയില്‍ മാസങ്ങള്‍ക്കുമുമ്പ് ഒഴിവാക്കപ്പെട്ടു.
അതേസമയം, ബി.എസ്.പി. മുന്‍ എം.എല്‍.എമാരായ വിജയ് കുമാറും അലോക് കുമാറും സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇറ്റായില്‍നിന്നുള്ള എം.എല്‍.എ. ആശിഷ് യാദവ് എസ്.പിയില്‍നിന്ന് രാജിപ്രഖ്യാപിച്ചിട്ടുണ്ട്.
ബല്ലിയ ജില്ലയില്‍ എസ്.പി. സ്ഥാനാര്‍ഥിയായി സീറ്റ് ലഭിക്കുമെന്ന് ചൗധരി കരുതിയിരുന്നു. എന്നാല്‍, അഖിലേഷ് യാദവ് പുറത്തുവിട്ട പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ല. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇതോടെ ബല്ലിയ ജില്ലയിലെ രസ്ര മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ബി.എസ്.പി. തീരുമാനിച്ചു. ബി.ജെ.പിയെ തോല്‍പ്പിക്കാനായി മായാവതിക്കൊപ്പം പോരാടുമെന്ന് അംബികാ ചൗധരി വ്യക്തമാക്കി.
പ്രധാന നേതാവായിരുന്നിട്ടും തന്നെ അഖിലേഷ് അവഗണിച്ചുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതിന് പകരം സമാജ്വാദി പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് മറ്റെന്തൊക്കെയോ ആണെന്നും ചൗധരി വിമര്‍ശിച്ചു. അധികാരതര്‍ക്കത്തില്‍ അഖിലേഷ് മുലായത്തെ നാണംകെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ എസ്.പിക്ക് വോട്ടുനല്‍കി സമ്മതിദാനാവകാശം പാഴാക്കരുതെന്നാണ് തന്റെ അഭ്യര്‍ഥനയെന്ന് വാര്‍ത്താസമ്മേളനത്തില്‍ മായാവതി പറഞ്ഞു. ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ ബി.എസ്.പി.ക്ക് വോട്ടുചെയ്യാന്‍ അവര്‍ അഭ്യര്‍ഥിച്ചു.