ലക്‌നൗ: ഉത്തര്‍പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രമാദിത്വം രാഷ്ട്രീയ എതിരാളികളെ കുറച്ചന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ ഈ വന്‍വിജയം ബിജെപി അക്കൗണ്ടില്‍ ഒരു സുപ്രഭാതത്തില്‍ വന്നുചേര്‍ന്നതല്ല. തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുമ്പെ ബിജെപി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കഠിന പ്രയത്‌നത്തിന്റെ ഫലമായി 26 വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി യുപിയുടെ അധികാരം പിടിച്ചെടുത്തു. 403ല്‍ 312 സീറ്റുകളും സ്വന്തമാക്കി രാഷ്ട്രീയ ചരിത്രത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വിജയം.
ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മേല്‍ നോട്ടത്തില്‍ നടത്തിയ ഗെയിംപ്ലാനിന് യുപിയുടെ ചുമതലയുള്ള ഓം മാഥൂര്‍, സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.
1999ല്‍ രാമജന്മഭൂമി വിവാദകാലത്താണു ബിജെപി ഇതിനു മുമ്പ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത്. അന്ന് അവിഭക്ത യുപിയിലെ 425 മണ്ഡലങ്ങളില്‍ 221 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. തുടര്‍ന്ന് ബിജെപിയുടെ സീറ്റുകള്‍ ഓരോ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞ് കുറഞ്ഞു വരുന്നതാണ് കണ്ടത്. 1996ല്‍ 174, 2002ല്‍ 88, 2007ല്‍ 51, 2012ല്‍ 47 എന്നിങ്ങനെ ക്ഷയിച്ച് പോകുന്നതിനിടയിലാണ് ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൊയ്തത്.
175 മണ്ഡലങ്ങളിലെ ദളിത്-ഒബിസി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അമിത്ഷാ തിരഞ്ഞെടുപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ഈ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടി അമിത് ഷായടക്കം റാലിയില്‍ പങ്കാളിയായി. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലായി 453 പൊതു യോഗങ്ങളാണ് സംഘടിപ്പിച്ചത്. മായാവതിയുടെ കയ്യിലുള്ള ദളിത് വോട്ട് ബാങ്കായിരുന്നു ധര്‍മ്മ ചേതന യാത്രയുടെ മുഖ്യ ലക്ഷ്യം.
സെപ്തംബറില്‍ നടത്തിയ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള ക്യാമ്പയിനായിരുന്നു ബിജെപി വിജയത്തിലെ മറ്റൊരു സുപ്രധാന വഴിത്തിരിവ്. കോളേജ് ക്യാമ്പസുകളും പൊതുയിടങ്ങളും കേന്ദ്രീകരിച്ച് സെപ്തംബര്‍ ഒന്നു മുതല്‍ 17 വരെ നടത്തിയ ക്യമ്പയിനില്‍ 9.14 ലക്ഷം യുവ വോട്ടര്‍മാരെയാണ് ചേര്‍ത്തത്. 6,235 ക്യാമ്പുകളാണ് ഇതിനായി സംഘടിപ്പിച്ചത്.
പ്രചാരണത്തിന്റെ ഭാഗമായി നാലു പരിവര്‍ത്തന്‍ യാത്രകള്‍ സംഘടിപ്പിച്ചു. 403 നിയമസഭാ മണ്ഡലങ്ങളിലും പര്യാടനം പൂര്‍ത്തിയാക്കി വന്ന യാത്രയുടെ സമാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുത്തു. അതിന്റെ ഭാഗമായി ലക്‌നൗവില്‍ വന്‍ റോഡ് ഷോയും നടന്നു. നാലു പരിവര്‍ത്തന്‍ യാത്രകളിലുമായി 50.65 ലക്ഷം പേര്‍ പങ്കെടുത്തതായാണ് ബിജെപി വക്താക്കള്‍ പറയുന്നത്.
യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് 1650 കോളേജ് സഭകള്‍ സംഘടിപ്പിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യുവാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. വിദ്യാര്‍ത്ഥിനികളേയും വനിതകളേയും ലക്ഷ്യമിട്ട് സമൃതി ഇറാനിയുടെ നേതൃത്വത്തില്‍ 88 യുവ സമ്മേളനങ്ങളും 77 വനിതാ സമ്മേളനങ്ങളും നടത്തി.
ഒബിസി വിഭാഗക്കാര്‍ക്കായി 200 പിച്ച്ദാ വര്‍ഗ് സമ്മേളനങ്ങളും പട്ടികജാതി-വര്‍ഗക്കാര്‍ക്കായി സ്വഭിമാന്‍ സമ്മേളനങ്ങളും കച്ചവടക്കാര്‍ക്കായി വ്യാപാരി സമ്മേളനവും സംഘടിപ്പിച്ചു.
വിവര സാങ്കേതിക വിദ്യയില്‍ വിദഗ്ദ്ധരായ 25 അംഗ ടീമായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം നിയന്ത്രിച്ചിരുന്നത്. ഇവര്‍ക്ക് കീഴില്‍ 21 അംഗങ്ങള്‍ വീതമുള്ള ആറു റീജ്യണല്‍ യൂണിറ്റുകള്‍, 15 അംഗങ്ങളുള്ള 90 ജില്ലാ യൂണിറ്റുകളും സമൂഹമാധ്യമങ്ങളിലുടെയുള്ള പ്രചാരണത്തിന് മുഴുവന്‍ സമയം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 10,344 വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വീഡിയോ ക്ലിപ്പുകളും ഓഡിയോ സന്ദേശങ്ങളും കൈമാറിക്കൊണ്ടിരുന്നു. നാലു ഫേസ്ബുക്ക് പേജുകളും പ്രചാരണത്തിനുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് മുമ്പേ 33 എംപിമാര്‍ സജീവമായി മണ്ഡലങ്ങളില്‍ നിലക്കൊണ്ടു. തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഉണ്ടാക്കുന്നതിനായി ജനങ്ങളുടെ പ്രതികരണമറിയാന്‍ 75 വീഡിയോ വാനുകളാണ് ഏര്‍പ്പാടാക്കിയിരുന്നത്. ഓരോ മണ്ഡലത്തിലുമുള്ള പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു ഗവേഷണ സംഘവും ഉണ്ടായിരുന്നു.
കര്‍ഷകര്‍ക്കായി പ്രത്യേക ക്യാമ്പയിനുകള്‍, 900 തിരഞ്ഞെടുപ്പ് റാലികളില്‍ 23 എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റൊരു ആകര്‍ഷകമായ സവിശേഷത എല്ലാ മണ്ഡലങ്ങളിലും നേതാക്കള്‍ ഹെലികോപ്ടറിലെത്തുന്നത് ഉറപ്പ് വരുത്തിയിരുന്നു എന്നതാണ്.
തിരഞ്ഞെടുപ്പ് റാലികളിലും പരിപാടികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുടെ പദ്ധതികളും മറ്റും പ്രചരിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയ് ബഹദൂര്‍ പതകിനെയായിരുന്നു. അതോടൊപ്പം പാര്‍ട്ടി നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നില്ലെന്നും ഉറപ്പുവരുത്തിയിരുന്നു.
പ്രത്യേക ക്യാമ്പയിനുകള്‍ വഴി ബിജെപിയില്‍ പുതുതായി 2.03 കോടി അംഗങ്ങള്‍ ചേര്‍ന്നുവെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പിനായി 67,000 സജീവ അംഗങ്ങളാണ് പ്രവര്‍ത്തന സജ്ജരായി ഉണ്ടായിരുന്നത്. ഇവര്‍ക്കായി 10,25 പരിശീലനക്യാമ്പുകളാണ് നടത്തിയത്. അജീവന്‍ സഹ്യയോഗ് നിധി എന്ന പേരില്‍ പാര്‍ട്ടി പരിപാടികള്‍ക്കായി അംഗങ്ങളില്‍ നിന്ന് 16.91 കോടി രൂപയാണ് പിരിച്ചെടുത്തത്.