പ്രഷര്‍ കുക്കര്‍, സ്മാര്‍ട്ട്‌ഫോണ്‍, കാന്റീന്‍... 'അമ്മ'വഴിയില്‍ അഖിലേഷ്‌


1 min read
Read later
Print
Share

ലഖ്‌നൗ: ദരിദ്രകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രഷര്‍കുക്കര്‍, വിദ്യാര്‍ഥികള്‍ക്ക് പഠനസഹായത്തിനായി സ്മാര്‍ട്ട് ഫോണ്‍, സ്‌കൂള്‍ കൂട്ടികള്‍ക്ക് സൗജന്യമായി നെയ്യും പാല്‍പ്പൊടിയും, വിലക്കുറവില്‍ ഭക്ഷണം ലഭ്യമാക്കുന്ന കാന്റീനുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളുമായി സമാജ്വാദിപാര്‍ട്ടിയുടെ പ്രകടനപത്രിക. തമിഴ്‌നാട്ടില്‍ ജയലളിത പലവട്ടം പരീക്ഷിച്ച ജനപ്രിയപദ്ധതികളോട് സാമ്യമുള്ളതാണ് ഞായറാഴ്ച മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്തിറക്കിയ പ്രകടനപത്രിക.

ഒരുകോടി ജനങ്ങള്‍ക്ക് ആയിരംരൂപ മാസപെന്‍ഷന്‍, സര്‍ക്കാര്‍വക വൃദ്ധസദനങ്ങള്‍, കൃഷിക്കാര്‍ക്ക് വളവും കാര്‍ഷികസാമഗ്രികളും, കന്യാവിദ്യാന്‍സ്‌കീം എന്നപേരില്‍ പെണ്‍കുട്ടികളുടെ പഠനത്തിന് പ്രത്യേകസഹായം, ജോലിചെയ്യുന്ന സ്ത്രീകള്‍ക്കായി പ്രത്യേകഹോസ്റ്റലുകള്‍, ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് തുടങ്ങിയവയാണ് മറ്റ് ജനകീയപ്രഖ്യാപനങ്ങള്‍. ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ ഗ്രീന്‍ ഫീല്‍ഡ് എക്‌സ്​പ്രസ് വേ, ആഗ്രയിലും കാന്‍പുരിലും മെട്രോറെയില്‍ എന്നീ വാഗ്ദാനങ്ങളും പത്രികയിലുണ്ട്.
വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യ ബജറ്റ് മെട്രോ ട്രെയിനിലിരുന്ന് അവതരിപ്പിക്കുമെന്ന് ചടങ്ങില്‍ അഖിലേഷ് പറഞ്ഞു.
പാര്‍ട്ടിആസ്ഥാനത്ത് രാവിലെനടന്ന ചടങ്ങില്‍ ദേശീയഅധ്യക്ഷന്‍ അഖിലേഷ് യാദവും ഭാര്യ ഡിംപിള്‍ യാദവും ചേര്‍ന്നാണ് പത്രിക പ്രകാശിപ്പിച്ചത്. മുതിര്‍ന്നനേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങില്‍ മുലായംസിങ്ങിന്റെയും ശിവപാല്‍ യാദവിന്റെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുലായംസിങ് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയെങ്കിലും ചടങ്ങില്‍ പങ്കെടുത്തില്ല.

ചടങ്ങില്‍ അഖിലേഷ് യാദവ് നരേന്ദ്രമോദിക്കെതിരേ കടുത്തവിമര്‍ശനം നടത്തി. വികസനത്തിന്റെപേരില്‍ മോദി നടത്തുന്നത് വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് അഖിലേഷ് വിമര്‍ശിച്ചു. അച്ഛേദിന്‍ വരുമെന്ന് പറഞ്ഞ് മൂന്നുവര്‍ഷമായിട്ടും ജനം എവിടെയാണ് അച്ഛേദിന്‍ വന്നതെന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. മോദി ചുണ്ടുകള്‍കൊണ്ടാണ് ജനങ്ങളെ സേവിക്കുന്നതെന്ന് അഖിലേഷ് വിമര്‍ശിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram