രാഹുല്‍ ആരുമല്ല, പഞ്ചാബിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്


2 min read
Read later
Print
Share

യു.പിയിലും ഉത്തരാഖണ്ഡിലും മോദി തരംഗം ബി.ജെ.പിക്ക് വന്‍വിജയം സമ്മാനിച്ചപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയം നുണയുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ന് 75 ാം പിറന്നാള്‍ ആഘോഷിക്കുന്ന പട്യാല മഹാരാജാവായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനാണ്. സംസ്ഥാന നേതാക്കളെ ഭിന്നിപ്പിച്ച് അധീശത്വം സ്ഥാപിക്കുന്ന സ്ഥിരം ഹൈക്കമാന്‍ഡ് തന്ത്രത്തെ ചെറുത്തുനിന്നാണ് അമരീന്ദര്‍ എന്ന ഒറ്റയാന്‍ പഞ്ചാബില്‍ വിജയത്തിന്റെ സൂത്രവാക്യമാകുന്നത്.

തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുക, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്വാതന്ത്ര്യം നല്‍കുക എന്നീ ഡിമാന്‍ഡുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തന്നെ ഹൈക്കമാന്‍ഡിന് മുമ്പാകെ അമരീന്ദര്‍ വച്ചു. ബി.ജെ.പിയുമായി പിണങ്ങിയ നവജ്യോത് സിങ് സിദ്ദുവിനെ പാട്ടിലാക്കാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നീക്കങ്ങള്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെയാണ് അമരീന്ദര്‍ തന്റെ നിലപാട് നേതൃത്വത്തെ അറിയിച്ചത്.

ഒറ്റയാനായി നീങ്ങുന്ന അമരീന്ദറിന് ബ്രേക്കിടുകയായിരുന്നു സിദ്ദുവിലൂടെ ഹൈക്കമാന്‍ഡ് ഉദ്ദേശിച്ചത്. പക്ഷേ അമരീന്ദറിന്റെ പിടിവാശി അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി തന്നെ വിടുമെന്ന സൂചനകള്‍ വന്നതോടെയാണ് ഹൈക്കമാന്‍ഡ് അതിന് വഴങ്ങിയത്. പ്രചാരണത്തിന് തുടക്കമിട്ട് പഞ്ചാബിലെത്തിയ രാഹുല്‍ ആദ്യം പങ്കെടുത്ത യോഗത്തില്‍ തന്നെ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. സമീപകാലത്തെങ്ങും ഒരു സംസ്ഥാനത്തും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കാലെക്കൂട്ടി പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസ് ആ പതിവ് മാറ്റിവെച്ചാണ് പഞ്ചാബില്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്.

കൃത്യമായ ഗൃഹപാഠം ചെയ്ത് മാസങ്ങള്‍ക്ക് മുമ്പെ ക്യാപ്റ്റന്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് തന്റെ ദൗത്യം തുടങ്ങിയിരുന്നു. ഒരു വര്‍ഷം മുമ്പ് അദ്ദേഹം തുടക്കമിട്ട കോഫി വിത്ത് ക്യാപ്റ്റന്‍ എന്ന പ്രചാരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായ് പേ ചര്‍ച്ചയുടെ പുതിയ പതിപ്പായി നടത്തിയ ഈ ജനസമ്പര്‍ക്ക പരിപാടി വന്‍വിജയമാക്കി മാറ്റാന്‍ അമരീന്ദര്‍ ക്യാമ്പിന് കഴിഞ്ഞു.

മയക്കമരുന്നു ലോബി സംസ്ഥാനത്ത് പിടിമുറുക്കിയതും 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന അകാലിദള്‍-ബി.ജെ.പി സഖ്യത്തിനെതിരായ അഴിമതി ആരോപണങ്ങളും ജനങ്ങളില്‍ ചര്‍ച്ചയാക്കാന്‍ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് കഴിഞ്ഞിരുന്നു. 2012 ല്‍ തമ്മിലടിയെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് ഭരണം നഷ് ടപ്പെടുത്തിയതെങ്കിലും ഇത്തവണ എല്ലാം അമരീന്ദര്‍ തന്നെ തീരുമാനിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗത്തിനിടയിലും അരുണ്‍ ജെയ്റ്റിലിയെ ഒരു ലക്ഷത്തിലധികം വോട്ടിന് അമൃത്സറില്‍ മലര്‍ത്തിയടിച്ച് അമരീന്ദര്‍ രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്ത ഫലമാക്കി മാറ്റി.

അപ്പോഴും ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച ഭീഷണിയായി അമരീന്ദറിനും കോണ്‍ഗ്രസിനും മുന്നിലുണ്ടായിരുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് തിരിച്ചടിയാകുമോ എന്ന ഭയവുമുണ്ടായിരുന്നു. ചില എക്‌സിറ്റ് പോള്‍ ഫലങ്ങളും ആപ്പ് അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം കവച്ചുവെക്കുന്ന വന്‍വിജയമാണ് പഞ്ചാബില്‍ കോണ്‍ഗ്രസ് നേടിയത്. 117 അംഗ സഭയില്‍ 75 സീറ്റോളം കോണ്‍ഗ്രസ് നേടുമെന്നാണ് ഒടുവിലത്തെ സൂചനകള്‍. 10 വര്‍ഷത്തെ ഭരണത്തിനെതിരായ ജനരോഷം അകാലിദള്‍-ബി.ജെ.പി സഖ്യത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അന്തിമഫലം വരുമ്പോള്‍ ഒരു പക്ഷേ ആം ആദ്മി മുഖ്യപ്രതിപക്ഷമായി മാറാനും സാധ്യതയുണ്ട്. പട്യാലയില്‍ അമരീന്ദറിനെതിരെ മത്സരിച്ച അകാലിദള്‍-ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശുനഷ് ടമായി. ഇവിടെ അമരീന്ദറിന്റെ ഭൂരിപക്ഷം 52,375 വോട്ടാണ്. കോണ്‍ഗ്രസ് വിജയിച്ച മിക്ക സീറ്റുകളിലും ഭൂരിപക്ഷം പതിനായിരത്തിന് മേലെയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram