മുലായം-അഖിലേഷ് നാടകത്തിന് തിരശീല വീഴുമ്പോള്‍


സ്വന്തം ലേഖകന്‍

4 min read
Read later
Print
Share

മകനെ ശക്തനാക്കാന്‍ സ്വയം തോല്‍ക്കാനും കീഴടങ്ങാനും കാണിച്ച രാഷ് ട്രീയ ചാണക്യബുദ്ധി മുലായത്തില്‍ ഒരുപക്ഷേ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു

ഒരാള്‍ ശക്തനായിരിക്കുമ്പോള്‍ തന്നെ ദുര്‍ബലനായി അഭിനയിക്കുക, അല്ലെങ്കില്‍ അച്ഛന്‍ സ്വയം ക്ഷീണിച്ച് ഒരു മകനെ കരുത്തനാക്കുക. മക്കള്‍ രാഷ് ട്രീയം നടമാടുന്ന ഇന്ത്യന്‍ രാഷ് ട്രീയത്തില്‍ സമാനതകളില്ലാത്ത ഒരു രാഷ് ട്രീയ നാടകത്തിനാണ് സമാജ് വാദി പാര്‍ട്ടിയില്‍ വിരാമാകുന്നത്. വ്യക്തമായ തിരക്കഥയില്‍ ഒരുക്കി ഒന്നരമാസം നടമാടിയ നാടകത്തിന് തിരശീലവീഴുമ്പോള്‍ ഒരു മാസം മുമ്പുണ്ടായിരുന്ന അഖിലേഷ് യാദവല്ല ഇന്നത്തെ അഖിലേഷ്. ഒരു ദേശീയ നേതാവായി അഖിലേഷിനെ അത് മാറ്റിയെടുത്തു.

കുടുംബനാടകത്തിന് ശേഷം രൂപം കൊണ്ട് എസ്.പി-കോണ്‍ഗ്രസ് സഖ്യം കൂടിയായപ്പോള്‍ യു.പി തിരഞ്ഞെടുപ്പ് ചിത്രം അപ്രവചനാതീതമായിരിക്കുന്നു. ഒന്നരമാസം മുമ്പ് മുലായം-അഖിലേഷ് കുടുംബ പോര് പരസ്യമാക്കിയപ്പോള്‍ ബി.ജെ.പിക്ക് അധികാരം താലത്തില്‍വച്ചുകൊടുത്തു എന്നായിരുന്നു രാഷ് ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബി.എസ്.പി-ബി.ജെ.പി പോരാട്ടമായി തിരഞ്ഞെടുപ്പ് മാറുകയും ബി.ജെ.പി അധികാരത്തിലെത്തുകയും ചെയ്യും എന്ന കൃത്യമായ കണക്കാണ് അവര്‍ മുന്നോട്ടുവച്ചത്. പക്ഷെ ഇന്ന് മുലായത്തിന് കീഴില്‍ നിന്ന് മുലായത്തിനെക്കാള്‍ ജനപ്രീതിയുള്ള നേതാവായി ആ നാടകം അഖിലേഷിനെ മാറ്റിയെടുത്തു. അതിനൊടുവില്‍ ഇന്ന് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യമാണ് പ്രധാന കക്ഷിയെന്നതാണ് സ്ഥിതി.

അഖിലേഷ് ഭരണത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുതിര്‍ന്ന നേതാക്കളുടെ നിഴലിലായിരുന്നു. യു.പിക്ക് മൂന്നര മുഖ്യമന്ത്രിമാരാണുള്ളത് എന്ന് പോലും അടക്കം പറച്ചിലുണ്ടായിരുന്നു. മുലായം, ശിവപാല്‍, അസം ഖാന്‍ പിന്നെ അഖിലേഷും ഇതായിരുന്നു യു.പി ഭരണം നിയന്ത്രിച്ചിരുന്നത്.

മുലായത്തിന്റെ രണ്ടാം ഭാര്യ സാധന ഗുപ്ത മകന്‍ പ്രതീക്കിനെയും മരുമകള്‍ അപര്‍ണ യാദവിനേയും പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയത് അഖിലേഷിന് ഒരു ഭീഷണിയായി ഒരുങ്ങുന്നുണ്ടായിരുന്നു.

സ്വയം തോറ്റ് മകനെ ജയിപ്പിച്ച ചാണക്യബുദ്ധി

ഇതിനെയെല്ലാം അതിജീവിക്കാന്‍ നടപ്പിലാക്കിയ നാടകം ഒന്നരമാസം നടമാടി. മുലായവും സഹോദരന്‍ ശിവപാലും ഒരുവശത്തും അഖിലേഷും മറ്റൊരു കൊച്ചച്ഛനായ രാംഗോപാല്‍ യാദവ് മറുവശത്തുമായി പരസ്പരം പുറത്താക്കിയും ആരോപണങ്ങള്‍ ഉന്നയിച്ചും മുന്നേറി. അതില്‍തന്നെ അഖിലേഷ് ഉയര്‍ത്തിയ ആരോപണങ്ങളും ഓര്‍ത്തുനോക്കുക.

പാര്‍ട്ടിയിലെ അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ല എന്നായിരുന്നു അഖിലേഷിന്റെ പ്രഖ്യാപനം. ശിവപാലിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അനുചരവൃന്ദമാണ് അഴിമതിക്കാരെന്നും മുദ്രകുത്തി. ജനങ്ങള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും ശിവപാലും സംഘവും അഴിമതിക്കാരെന്ന പരിവേഷത്തോടെ വില്ലന്മാരായി മാറി. പാര്‍ട്ടി ഒന്നാകെ അഖിലേഷിന്റെ കൈപ്പിടിയിലേക്ക് ഒതുങ്ങിയപ്പോള്‍ അഴിമതിക്കാരെ ചെറുത്തുതോല്‍പിച്ച ഇമേജും അഖിലേഷ് സൃഷ് ടിച്ചു.

നാടകത്തിന്റെ ക്ലൈമാക്‌സ് വരെ മുലായം സഹോദരന്‍ ശിവപാലിനും സുഹൃത്ത് അമര്‍ സിങ്ങിനുമൊപ്പമാണ് എന്ന തോന്നല്‍ സൃഷ് ടിച്ചു. എന്നാല്‍ സൈക്കിള്‍ ചിഹ്നത്തിനായി നടത്തിയ പോരാട്ടത്തില്‍ പന്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോര്‍ട്ടിലേക്ക് തള്ളിവിട്ട് അവിടെ തന്റെ അവകാശവാദം സ്ഥാപിക്കാന്‍ സത്യവാങ്മൂലം പോലും നല്‍കാതെയാണ് അച്ഛന്‍ മകന് സൈക്കിള്‍ ദാനം ചെയ്തത്. അത് ഇലക്ഷന് കമ്മീഷന്റെ തീരുമാനമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു മുലായം.

എസ്.പി ദേശീയ അധ്യക്ഷനായി അഖിലേഷിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും സൈക്കിള്‍ ചിഹ്നം അനുവദിക്കുകയും ചെയ്ത തീരുമാനത്തെ മുലായത്തിന്റെ പതനമായും അഖിലേഷിന്റെ ഉദയമായും മാധ്യമങ്ങള്‍ അടക്കം വിശേഷിപ്പിച്ചു.

പക്ഷെ തീരുമാനം വന്ന ഉടന്‍ അഖിലേഷ് അനുഗ്രഹം തേടി നേരെ പോയത് മുലായത്തെ കാണാനായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതുപോലെ നിമിഷങ്ങള്‍ക്കകം എസ്.പിയുടെ പുതിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അതിലെ വാചകങ്ങള്‍ ഏറെ പ്രസക്തമാണ് ഈ നാടകം തിരിച്ചറിയാന്‍. ആപ് കി സൈക്കിള്‍-സാദാ ചലേഗി ആപ്‌കെ നാം സെ(നിങ്ങളുടെ സൈക്കിള്‍ എന്നും നിങ്ങളുടെ പേരില്‍ തന്നെയാകും മുന്നോട്ട് ഓടുക) എന്നായിരുന്നു ആ വാചകം.

മുലായം ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഈ വലിയ പോസ്റ്ററില്‍ കൈകൂപ്പി നില്‍ക്കുന്ന അഖിലേഷിന്റെ ചെറിയ ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയത്. നേതാജിയുടെ(മുലായം) ചിത്രവും എന്റെ പ്രവര്‍ത്തനങ്ങളുമാണ് പാര്‍ട്ടിയുടെ ചിഹ്നമെന്ന് പറയാനും അഖിലേഷ് ശ്രദ്ധിച്ചു

മകനെ ശക്തനാക്കാന്‍ സ്വയം തോല്‍ക്കാനും കീഴടങ്ങാനും കാണിച്ച രാഷ് ട്രീയ ചാണക്യബുദ്ധി മുലായത്തില്‍ ഒരുപക്ഷേ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. ദുര്‍ബലനായ മകന്റെ കരങ്ങള്‍ക്ക് ശക്തിപകര്‍ന്ന് മാര്‍ഗനിര്‍ദേശക്(മോദി അഡ്വാനിക്ക് നല്‍കിയ പദവി) അതായത് മാര്‍ഗനിര്‍ദേശകനായി സ്വയം വഴിമാറിക്കൊടുത്താണ് മുലായം രാഷ് ട്രീയ ചൂതാട്ടം നടത്തിയത്. എല്ലാം കെട്ടടങ്ങിയ ശേഷം എസ്.പിയുടെ സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ അതില്‍ ശിവപാലിന്റെയും മകന്റെയും പേരുകള്‍.

പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ മുലായവും അഖിലേഷും പങ്കെടുക്കാതിരുന്നതോടെ മഴ പെയ്ത് തീര്‍ന്നില്ലെ എന്ന് തോന്നിയവര്‍ക്ക് പ്രകടനപത്രികയുടെ കോപ്പിയുമായി മുലായവും ഒപ്പം അഖിലേഷും ഡിംപിളും നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അഖിലേഷ് സംശയം ദൂരീകരിച്ചത്. അതോടെ എല്ലാം ശുഭം.

ഭരണത്തിലിരിക്കുന്ന ഏത് പാര്‍ട്ടികളും അഭിമുഖീകരിക്കേണ്ടിവരുന്ന ഭരണവിരുദ്ധവികാരം അഖിലേഷിനെതിരെയും ശക്തമായിരുന്നു. അടിസ്ഥാനസൗകര്യ മേഖലയിലും വികസനരംഗത്തും സര്‍ക്കാരിന് ഒരുപിടി നേട്ടങ്ങള്‍ അവകാശപ്പെടാന്‍ കഴിയുമ്പോള്‍ തന്നെ ക്രമസമാധാന തകര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ജനവികാരം സര്‍ക്കാരിന് എതിരായിരുന്നു. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഭരണത്തിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകാതെ മുലായം-അഖിലേഷ് പോര് എന്ന നിരവധി എപ്പിസോഡുള്ള ഒരു നാടകത്തിലേക്ക് ജനശ്രദ്ധയും മാധ്യമശ്രദ്ധയും തിരിച്ചുവിടുകയായിരുന്നു.

രാഷ് ട്രീയ ചിത്രം മാറുന്നു

ക്ലൈമാക്‌സ് കഴിഞ്ഞ് രംഗം മെല്ലെ ശാന്തമാകുമ്പോള്‍ യു.പി രാഷ് ട്രീയത്തില്‍ ശക്തനായ നേതാവായി അഖിലേഷ് മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ്-എസ്.പി സഖ്യം എന്നത് മാസങ്ങള്‍ക്ക് മുമ്പെ തന്നെ അഖിലേഷ്-രാഹുല്‍ ടീമിന്റെ ആഗ്രഹമായിരുന്നു. തങ്ങളുടെ ചിലവില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് വേരോട്ടമുണ്ടാകേണ്ട എന്നതില്‍ പിടിച്ചായിരുന്നു മുലായം അതിനെ എതിര്‍ത്തത്. എന്നാല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്ന തരത്തിലേക്ക് വളര്‍ന്ന അഖിലേഷ് ആ സഖ്യം യാഥാര്‍ഥ്യമാക്കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പായി 16 പിന്നാക്ക സമുദായങ്ങളെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി ജാതി രാഷ് ട്രീയം നിര്‍ണായകമായ യു.പിയില്‍ വോട്ട് ബാങ്ക് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ അഖിലേഷ് നടത്തിക്കഴിഞ്ഞിരുന്നു. ചതുഷ്‌കോണ പോരാട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചിതറിയപ്പോള്‍ ബി.ജെ.പി യു.പി തൂത്തുവാരിയത് ഒരു സഖ്യമെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അഖിലേഷിനെയും നിര്‍ബന്ധിതനാക്കി. പ്രമുഖ കക്ഷി എന്ന മേല്‍വിലാസം പേറുമ്പോഴും യു.പിയില്‍ കോണ്‍ഗ്രസ് ശോഷിച്ച നിലയിലാണ്. എല്ലാ സീറ്റിലും മത്സരിച്ചാല്‍ 20 സീറ്റ് പോലും കിട്ടില്ല എന്നത് മനസ്സിലാക്കി ജയസാധ്യതയുള്ളതോ തരക്കേടില്ലാത്ത വോട്ട് കിട്ടിയ സീറ്റുകളിലോ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാല്‍ മതി എന്ന് കോണ്‍ഗ്രസും വഴങ്ങി.

രണ്ട് പാര്‍ട്ടിയായി പിളരുമെന്ന് പ്രവചിക്കപ്പെട്ട എസ്.പി കുടുംബരാഷ് ട്രീയത്തെ പുതിയൊരു പ്രതിഛായ നിര്‍മ്മിതിയിലെത്തിച്ചാണ് കുടുംബപോര് എന്ന നാടകത്തിന് തിരശീല വീഴുന്നത്. ഈ കൗശലപൂര്‍ണമായ നാടകം ജനത്തിന് ദഹിച്ചോ എന്ന് കാത്തിരുന്ന് കാണാം. ജാതിരാഷ് ട്രീയവും ന്യൂനപക്ഷ വോട്ടും നിര്‍ണായകവുമായ യു.പി രാഷ് ട്രീയത്തില്‍ കോണ്‍ഗ്രസുമായി സഖ്യം പിടിച്ചതിലൂടെ 35 മുതല്‍ 37 ശതമാനം വരെ വോട്ടാണ് അവര്‍ കണക്കുകൂട്ടുന്നത്. ചതുഷ്‌കോണ പോരാട്ടത്തെ ത്രികോണ മത്സരമാക്കിയതിന്റെ മുന്‍തൂക്കം എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന് അവകാശപ്പെടാം.

ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴാതെ ഒരു ഫിക്‌സഡ് ഡിപ്പോസിറ്റായി ഈ സഖ്യത്തിനൊപ്പം ചേര്‍ന്നേക്കാം. അമിത് ഷായുടെ രാഷ് ട്രീയ നീക്കങ്ങളും നരേന്ദ്ര മോദിയുടെ പ്രഭാവവും ഇതിനെ പൊളിച്ചടുക്കി ഭരണം പിടിക്കുമോ അതോ ദളിത് രാഷ് ട്രീയത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മായാവതിയെ മുഖ്യമന്ത്രി കസേരയിലെത്തിക്കുമോ. നാടകത്തിന്റെ ക്ലൈമാക്‌സ് കഴിഞ്ഞു. ഇനിയുള്ളതാണ് യഥാര്‍ഥ നാടകം. അതിന്റെ ക്ലൈമാക്‌സില്‍ ആര് ചിരിക്കുമെന്നത് പ്രവചനാതീതമായി തന്നെ തുടരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram