എം. ബി രാജേഷ്
ഒരു വിദ്യാര്‍ഥിയുടെ ചിന്താലോകത്തെ തന്റെ കാഴ്ചപ്പാടിന്റെ പരിധികളിൽ കുടുക്കിയിടാതെ എങ്ങിനെ സ്വതന്ത്രവും വിശാലവുമാക്കാന്‍ ഒരു അധ്യാപകന് കഴിയുമെന്ന് തെളിയിച്ചയാളാണ് എനിക്ക് വിജയന്‍ മാഷ്. രാഷ്ട്രീയമായും ഭിന്ന ചേരികളിലാണ് ഞങ്ങള്‍ പില്‍ക്കാലത്ത് നിലയുറപ്പിച്ചത്. പക്ഷേ സ്നേഹാദരങ്ങള്‍ക്ക് ഒട്ടും കുറവില്ല.
''മനുഷ്യന് അജ്ഞാതമായി ഒരുപാട് കാര്യങ്ങളുണ്ടാവാം. എന്നാല്‍ അജ്ഞേയമായി ഒന്നുമില്ല''. യു.പി. ക്ലാസില്‍ പഠിക്കുമ്പോൾ മനസ്സിൽ പതിഞ്ഞ വിജയൻമാഷുടെ വാക്കുകളാണിവ. ശാസ്ത്രത്തിന് ഒരിക്കലും കണ്ടെത്താനാവാത്ത സത്യങ്ങളോ നിഗൂഢതകളോ രഹസ്യങ്ങളോ ഒന്നുമില്ല എന്നാണ് മാഷ് പറഞ്ഞുറപ്പിച്ചത്. ശാസ്ത്രമെന്നാല്‍ നിരന്തരമായ സത്യാന്വേഷണമാണെന്ന ബോധ്യത്തിലേക്ക് എന്നെ നയിച്ചത് അദ്ദേഹത്തിന്റെ ഗംഭീരവും സരസവും ആസ്വാദ്യകരവുമായ ക്ലാസുകളാണ്. ആ ബോധ്യം എന്നെ ദൈവവിശ്വാസത്തിൽ നിന്ന് വിമുക്തനാക്കുന്നതിലാണെത്തിച്ചത്. അതും മാര്‍ക്സിസത്തെക്കുറിച്ച് കേട്ടിട്ടേയില്ലാത്ത പ്രായത്തില്‍.
ഒരിക്കല്‍, E=MC 2 എന്ന സൂത്രവാക്യമുപയോഗിച്ച് നിര്‍മ്മിച്ച ആറ്റംബോബ് പരീക്ഷിച്ചതു കണ്ടപ്പോള്‍ ഭൗതികവാദിയായ ഐന്‍സ്റ്റീന്‍ പോലും 'എന്റെ ദൈവമേ' എന്നു നിലവിളിച്ചതിനെക്കുറിച്ച് മാഷ് പറയുകയുണ്ടായി. പക്ഷേ അപ്പോഴേക്കും മാഷിന്റെ ക്ലാസുകള്‍ എന്നെ ഒരു ഭൗതികവാദിയാക്കി കഴിഞ്ഞിരുന്നു. എന്നെ ഭൗതികവാദിയാക്കിയ വിജയന്‍മാഷാവട്ടെ അന്നേ കയിലിയാട്ടുകാവിലെ പൂരകമ്മിറ്റിയുടെ സെക്രട്ടറിയും തികഞ്ഞ വിശ്വാസിയും ഭാഗവതപ്രഭാഷകനുമാണ്!. ഒരു വിദ്യാര്‍ഥിയുടെ ചിന്താലോകത്തെ തന്റെ കാഴ്ചപ്പാടിന്റെ പരിധികളിൽ കുടുക്കിയിടാതെ എങ്ങിനെ സ്വതന്ത്രവും വിശാലവുമാക്കാന്‍ ഒരു അധ്യാപകന് കഴിയുമെന്ന് തെളിയിച്ചയാളാണ് എനിക്ക് വിജയന്‍ മാഷ്. രാഷ്ട്രീയമായി ഭിന്നചേരികളിലാണ് ഞങ്ങള്‍ പില്‍ക്കാലത്ത് നിലയുറപ്പിച്ചത്. പക്ഷേ സ്നേഹാദരങ്ങള്‍ക്ക് ഒട്ടും കുറവില്ല. ഇക്കഴിഞ്ഞ ഓണത്തിനും തമ്മില്‍ കണ്ടിരുന്നു.
അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ തുറസ്സിലേക്ക് നയിച്ച കര്‍ത്താ സാർ
കോളേജിലെത്തിയപ്പോള്‍ കാർത്താ സാറാണ് കാഴ്ച്ചപ്പാടുകളെ വീണ്ടും പുതുക്കി പണിതത്. ഫ്യൂഡല്‍ മൂല്യം ബോധത്തിന്റെ ചങ്ങല മുഴുവൻ പൊട്ടിച്ചെറിഞ്ഞ് ജനാധിപത്യപരമായ അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ തുറസ്സിലേക്ക് നയിച്ചത് കര്‍ത്താ സാറായിരുന്നു. അധ്യാപക-വിദ്യാര്‍ഥി ബന്ധം സംബന്ധിച്ച എന്റെ ധാരണകളെ പൊളിച്ചെഴുതി പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒന്നായി വികസിപ്പിച്ചത് അദ്ദേഹമാണ്. അന്നും ഇന്നും ആ സ്വാതന്ത്ര്യത്തിന്റെ തുറസ്സ് അനുഭവിക്കുന്നു. ഇംഗ്ലീഷ് വകുപ്പ് മേധാവിയായിരുന്നു പ്രൊഫസര്‍ ഗോവിന്ദന്‍കുട്ടി കര്‍ത്ത. അദ്ദേഹം ഞാനടക്കമുള്ളവര്‍ക്ക് ഉറ്റസുഹൃത്തും മാര്‍ഗദര്‍ശിയും ദാര്‍ശനികാചാര്യനുമെല്ലാമായിരുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ തിരക്കില്‍ ക്ലാസുകളില്‍ കയറുന്ന ശീലം കുറവായിരുന്ന ഞാന്‍ ഒരിക്കലും നഷ്ടപ്പെടുത്താറില്ലായിരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസുകള്‍. ക്ലാസ് മുറിക്കുപുറത്ത് അദ്ദേഹത്തോടൊപ്പം ചിലവഴിച്ച സായാഹ്നങ്ങള്‍, പലപ്പോഴും രാവേറെ നീണ്ട സംഭാഷണങ്ങള്‍, എന്‍.എസ്.എസ്. ക്യാമ്പുകളിലെ സഹവാസങ്ങള്‍, ഇന്നും അതേ ഇഴയടുപ്പത്തോടെ തുടരുന്ന ആശയവിനിമയങ്ങള്‍ എന്നിവയെല്ലാമാണ് എന്നെ രൂപപ്പെടുത്തിയതും ഇപ്പോഴും നയിക്കുന്നതും.
ഒരുപാട് അധ്യാപകര്‍ വേറെയുമുണ്ട്. വാക്യത്തില്‍ പ്രയോഗിക്കുന്നതിലുള്ള എന്റെ വൈഭവത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച വേറൊരു വിജയന്‍ മാഷുണ്ട്. അദ്ദേഹം പകര്‍ന്ന ആത്മവിശ്വാസമാണ് ഉചിതമായ വാക്കുകളും വാക്യങ്ങളും അര്‍ത്ഥവും സന്ദര്‍ഭവുമറിഞ്ഞ് പ്രയോഗിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും എന്നിലുണ്ടാക്കിയത്. ആവശ്യമുള്ളതും നിശ്ചയിച്ചുറപ്പിച്ചതും മാത്രം പറയാനും , ആശയം വ്യക്തമായി പ്രകാശിപ്പിക്കാനും കരുതല്‍ പുലര്‍ത്തുന്നതിനും എന്നെ പ്രാപ്തനാക്കിയത് അദ്ദേഹമാണ്. മൂന്നാം ക്ലാസിലെ അധ്യാപകനായിരുന്ന അദ്ദേഹം പലപ്പോഴും ഒരു വാക്ക് തന്ന് വാക്യത്തില്‍ പ്രയോഗിക്കാന്‍ എന്നോട് ആവശ്യപ്പെടും. ഇഷ്ടപ്പെടുമ്പോള്‍ മതിമറന്ന് ആഹ്ലാദിക്കും. കുട്ടികളെക്കൊണ്ട് കയ്യടിപ്പിക്കും. പിൽക്കാലത്ത് പലവേദികളിലും പറയേണ്ടതു പറയേണ്ടതു പോലെ പറയാനുള്ള ആത്മവിശ്വാസം അവിടെ നിന്ന് ഉള്ളില്‍ മുളച്ചതാവണം.
സ്കൂൾ സാഹിത്യ സമാജങ്ങളില്‍ എന്നെക്കൊണ്ട് പ്രബന്ധങ്ങള്‍ എഴുതി അവതരിപ്പിക്കാന്‍ മുന്‍കൈ എടുക്കുകയും എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും എഴുത്തില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്ത ശ്രീദേവി ടീച്ചറെ ഓരോ തവണ എഴുതുമ്പോഴും ഓര്‍ക്കാറുണ്ട്. ആദ്യത്തെ പ്രബന്ധത്തിന് ടീച്ചര്‍ തന്ന വിഷയം 'അച്ചടക്കം' എന്നതായിരുന്നു. വേറൊരു ശ്രീദേവി ടീച്ചറാണ് എന്നെ പൊതുവിജ്ഞാനത്തിന്റെയും ക്വിസിന്റെയും വഴികളിലേക്ക് നയിച്ചത്. സാമൂഹികപാഠം എനിക്ക് പ്രിയവിഷയമാക്കിയതും ടീച്ചര്‍ തന്നെ. ചരിത്രബോധത്തിന്റെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയതിലും പിന്നീട് സാമ്പത്തിക ശാസ്ത്രം പഠിക്കാന്‍ തിരഞ്ഞെടുത്തതിനു പിന്നിലെ ഒരു കാരണവും ടീച്ചര്‍ പഠിപ്പിച്ച സാമൂഹികപാഠങ്ങളില്‍ നിന്നുള്ള പ്രചോദനമായിരുന്നു.
ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക ദേവകി ടീച്ചറാണ് എന്റെ കഥയെഴുത്തിനെ കണ്ടെടുത്തതും സ്നേഹവാത്സല്യങ്ങളോടെ പ്രോത്സാഹിപ്പിച്ചതും. മൂന്നുവര്‍ഷം കഥയെഴുത്തിന് സ്‌കൂളില്‍ സമ്മാനവും കിട്ടി. കഥയെഴുത്ത് പിന്നീട് തുടര്‍ന്നില്ലെങ്കിലും സാഹിത്യ വായനയുടെ കൂടി ലോകത്തേക്ക് നയിച്ചതില്‍ ടീച്ചറുടെ സ്വാധീനമുണ്ട്. ചളവറയില്‍ സംഗീതാധ്യാപകനായിരുന്ന വര്‍മ്മ മാഷ് എന്നോട് സംഗീതത്തെക്കുറിച്ച് മാത്രം പറഞ്ഞില്ല. കാര്യമില്ല എന്ന് മനസ്സിലായിട്ടുണ്ടാവണം. എന്നാല്‍ കായികപ്രേമിയായ അദ്ദേഹമാണ് സ്വതേയുള്ള എന്റെ സ്പോര്‍ട്സ് പ്രേമത്തെ ഹരം കൊള്ളിച്ചത്. ഞങ്ങള്‍ സംസാരിച്ചതത്രയും സ്പോര്‍ട്സിനെക്കുറിച്ച് മാത്രമായിരുന്നു.
'കുട്ടീടെ കയ്യില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല'
ചളവറയിലെ ഹെഡ്മാസ്റ്ററായിരുന്ന ജനാര്‍ദ്ദനമേനോന്‍ മാഷെയും മറക്കാനാവില്ല. മികച്ച വിദ്യാര്‍ഥിയായി അധ്യാപകരുടെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന ഞാന്‍ അനിശ്ചിതകാല പഠിപ്പുമുടക്കിന്റെ നോട്ടീസുമായെത്തിയപ്പേള്‍ 'കുട്ടീടെ കയ്യില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല' എന്ന് വികാരാധീനനായി പറഞ്ഞതും കുറ്റബോധത്തോടെ ഞാന്‍ ഭൂമിപിളര്‍ന്ന് താഴേക്ക് പതിച്ചതുപോലെയായതും മൂന്നുപതിറ്റാണ്ടിനുശേഷവും ഓര്‍ക്കുമ്പോള്‍ ഒരു വിറയലുണ്ട്. ഇരുപത്തിയേഴ് ദിവസം നീണ്ട സമരമുഖത്ത് പക്ഷേ ആ പതര്‍ച്ചയൊന്നുമുണ്ടായില്ല. ആ സമരം എന്നെ കരുത്തോടെ വാര്‍ത്തെടുത്തു. എന്നാല്‍ മാഷിനോട് ഒരിക്കല്‍ പോലും അനാദരവിന്റെ കണികപോലും കാണിച്ചുമില്ല. തന്റെ പ്രതീക്ഷകള്‍ തെറ്റിച്ച വിദ്യാര്‍ഥിയെ ജനാര്‍ദ്ദനമേനോന്‍ മാഷ് 'പുകഞ്ഞ കൊള്ളിയായി പുറന്തള്ളി'യുമില്ല. അദ്ദേഹം മരിക്കുംവരെ പരസ്പര സ്നേഹവും ആദരവും നിലനിന്നു.
ചളവറ എന്നെ രൂപപ്പെടുത്തിയപ്പോള്‍ അതില്‍ പങ്കുവഹിച്ച അധ്യാപകര്‍ വേറെയും പലരുണ്ട്. കടുകട്ടിക്കാരനും വരമീശക്കാരനുമായ ഗോവിന്ദന്‍കുട്ടി മാഷ്, സുനില്‍ ഗാവസ്‌കറെപ്പോലെ തോന്നിച്ച ഗൗരവക്കാരനും എങ്കിലും സരസനുമായിരുന്ന മോഹനന്‍ മാഷ്, കെ.എസ്.എന്‍. മാഷ് എന്നിവര്‍ അവരില്‍ ചിലരാണ്. ക്ലാസില്‍ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും താരാശങ്കര്‍ ബാനര്‍ജിയെക്കുറിച്ചും ബിമല്‍ മിത്രയെക്കുറിച്ചുമൊക്കെ ഞാനാദ്യം കേള്‍ക്കാന്‍ കാരണക്കാരനായ സുധാകരന്‍ മാഷ്, പിന്നെ ശാസ്ത്രം പഠിപ്പിച്ച ഗോവിന്ദരാജന്‍ മാഷ്, രാമദാസന്‍ മാഷ്, ഇംഗ്ലീഷിന് ട്യൂഷനെടുക്കാന്‍ ചെന്ന് അതുകഴിഞ്ഞുള്ള സമയം 'കുറത്തി'യും 'ശാന്ത'യുമൊക്കെ ഉറക്കെച്ചൊല്ലി രസിപ്പിച്ച് കവിതയുടെ സര്‍ഗവഴികളിലേക്കു കൂടി വിരല്‍ചൂണ്ടിത്തന്ന മുന്‍ നക്സലൈറ്റ് രാമചന്ദ്രന്‍ മാഷ് തുടങ്ങീ എന്നെ പരുവപ്പെടുത്തിയവര്‍ പലരുണ്ട്.
ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ പ്രീഡിഗ്രിക്ക് ചരിത്രം പഠിപ്പിച്ച പ്രൊഫ. പ്രഭ ടീച്ചര്‍ക്ക് മകനോടുള്ള സ്നേഹവാത്സല്യമായിരുന്നു എന്നോട്. ക്ലാസുകള്‍ പലപ്പോഴും കട്ട് ചെയ്യാറുണ്ടെങ്കിലും പരീക്ഷകള്‍ കൃത്യമായി എഴുതിയിരുന്ന എന്റെ ഒരു അരക്കൊല്ല പരീക്ഷയുടെ ഉത്തരപേപ്പറിലെ ഒരു ഉത്തരം ടീച്ചര്‍ ക്ലാസില്‍ വായിച്ചതും അഭിനന്ദിച്ചതും നല്‍കിയ ഊര്‍ജ്ജം പറഞ്ഞറിയിക്കാവുന്നതായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കുശേഷം ടീച്ചര്‍ അടുത്തിടെ ഒരു ആശ്രമത്തിലുണ്ടെന്ന് അറിഞ്ഞ് ഫോണില്‍ സംസാരിച്ചു. നേരിട്ട് കാണാനായിട്ടില്ല. ഡോ. ജയപ്രകാശ് സാറാണ് കോളേജ് കാലത്ത് എഴുതാന്‍ പ്രോത്സാഹനമായ മറ്റൊരാള്‍. ഇക്കണോമിക്സ് പ്രൊഫസര്‍ രമ ടീച്ചറും നല്‍കിയ വാത്സല്യം വിലമതിക്കാനാവാത്തതാണ്.
അദ്ദേഹം എന്നെ 'പുകഞ്ഞ കൊള്ളിയായി' കണ്ടില്ല
എന്‍.എസ്.എസ്. കോളേജ് കാലത്ത് മറക്കാനാവാത്ത രണ്ടുപേര്‍ ഇക്കണോമിക്സ് വകുപ്പ് മേധാവിയായിരുന്ന പ്രൊഫസര്‍ പി.എസ്. ആര്‍. മേനോനും പ്രിന്‍സിപ്പാളായിരുന്ന പ്രൊഫസര്‍ ശ്രീരാമമേനോനുമായിരുന്നു. ആദ്യത്തെയാള്‍ സൗമ്യനും മൃദുഭാഷിയും. രണ്ടാമത്തേയാള്‍ കര്‍ക്കശക്കാരനും. എം.എ.ക്ക് ചേരാന്‍ കോളേജില്‍ ചെല്ലുമ്പോള്‍ ഭയമുണ്ടായിരുന്നു. ബിരുദത്തിനു പഠിക്കുമ്പോള്‍ പ്രിന്‍സിപ്പാളിനെ ഘൊരാവോ ചെയ്തിട്ടുണ്ട്. ഒടുവില്‍ പോലീസ് വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അടിച്ചുപിരിച്ചാണ് അതവസാനിപ്പിച്ചത്. അതുവരെ പ്രിന്‍സിപ്പാളിനും മാനേജ്മെന്റിനുമെതിരാണ് മുദ്രാവാക്യം. പോലീസ് കയറി അടിച്ചപ്പോള്‍ ശ്രീരാമമേനോന്‍ സാറും അധ്യാപകരും തടഞ്ഞു. പ്രിന്‍സിപ്പലിനും അതിനിടയില്‍ അടിയേറ്റു. അതോടെ ഞങ്ങളെല്ലാം കൂടി പോലീസിനെതിരായി. 42 പേരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. ഉച്ചയ്ക്കും ഭക്ഷണം കഴിച്ചിട്ടില്ല. രാത്രി കര്‍ത്താ സാറും കൂട്ടരും കട്ടന്‍കാപ്പിയും ബ്രെഡുമായി പോലീസ് സ്റ്റേഷനില്‍ വന്നു. അര്‍ധരാത്രി ഞങ്ങളെ ജാമ്യത്തിലെടുക്കുന്നതും കര്‍ത്താ സാറും സംഘവും തന്നെ! ആ പ്രിന്‍സിപ്പാളിന്റെ മുമ്പിലേക്കാണ് എം.എ. അഡ്മിഷനു പോകേണ്ടത്. സൂത്രത്തില്‍ അച്ഛന്റെ അര്‍ധസഹോദരന്‍ രവിയേട്ടനെ രക്ഷിതാവായി കൂട്ടി. അദ്ദേഹമാകുമ്പോള്‍ പ്രിന്‍സിപ്പലിന്റെ എന്നെക്കുറിച്ചുള്ള ശകാരം വീട്ടില്‍ അറിയിക്കില്ല. ഇന്റര്‍വ്യൂവിന് കയറി. രവിയേട്ടന്‍ അച്ഛന്‍ വരാന്‍ കഴിയാത്തതിന്റെ വിശദീകരണം നല്‍കുകയാണ്. പെട്ടെന്ന് ശ്രീരാമമേനോന്‍ സാര്‍ ഗൗരവത്തില്‍ പറഞ്ഞു.'നിങ്ങളധികമൊന്നും പറയണ്ട. ഈ രാജേഷ് ഒറ്റക്ക് മാര്‍ക്ക് ലിസ്റ്റുമായി കയറി വന്നാലും ഞാന്‍ അഡ്മിഷന്‍ കൊടുക്കും. എനിക്കയാളെ അത്ര വിശ്വാസവും ഇഷ്ടവുമാണ്'. എന്റെ കണ്ണുനിറഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചത് ശകാരവര്‍ഷമായിരുന്നു. അദ്ദേഹവും എന്നെ 'പുകഞ്ഞ കൊള്ളിയായി' കണ്ടില്ല! ആ ഇഷ്ടവും വിശ്വാസവും ഇപ്പോഴും നിലനില്‍ക്കുന്നു.
എം.എ.ക്ക് ചേര്‍ന്ന ആദ്യ ദിവസം പഠിപ്പുമുടക്ക്. പി.ജി.ക്കാര്‍ക്കെല്ലാം അന്ന് സവിശേഷ പരിവേഷമാണ് കോളേജില്‍. ക്ലാസുമുറി വിട്ടൊന്നിനും പി ജിക്കാര്‍ പോകില്ല. അന്ന് പഠിപ്പുമുടക്കിന്റെ വിശദീകരണ പ്രസംഗം ക്ലാസുകള്‍ തോറും നടത്തുന്നതാണെങ്കില്‍ ഞാനും. ഒരു ക്ലാസിലെ പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ പി.എസ്.ആര്‍. മേനോന്‍ സാറ് ഓടിവന്ന് പറഞ്ഞു. 'എടോ തന്നോട് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നൊന്നും പറഞ്ഞാല്‍ നടക്കില്ലെന്നറിയാം. ആദ്യത്തെ ദിവസമായ ഇന്നൊന്ന് താന്‍ മുന്‍നിരയില്‍ നിന്ന് മാറിനില്‍ക്ക്'. സാറിന്റെ വാക്കുകള്‍ ഞാന്‍ അനുസരിച്ചു.
സ്‌കൂളിലോ കോളേജിലോ എന്നെ പഠിപ്പിക്കാത്ത മറ്റൊരു മുന്‍ അധ്യാപകനുണ്ട്. എസ്.എഫ്ഐ. ക്യാമ്പിലെ മാര്‍ക്സിസത്തിന്റെ ബാലപാഠം എന്ന ഒരൊറ്റ ക്ലാസിലൂടെ എന്റെ ജീവിതം മാറ്റിമറിച്ച വലിയൊരു വെളിച്ചം പകരാന്‍ കാരണക്കാരനായ ഒരാള്‍. കയിലിയാട്ട് സ്‌കൂളിലെ വിശ്വാസിയായ വിജയന്‍ മാഷ് എന്നെ ഭൗതികവാദിയാക്കിയപ്പോള്‍ ഈ അധ്യാപകന്‍ പത്താംക്ലാസിലെത്തിയപ്പോള്‍ എന്നെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലേക്ക് വഴിതിരിച്ചുവിട്ടു. അദ്ദേഹം സി.പി.ഐ(എം)നേതാവായ ടി.കെ. നാരായണദാസാണ്.
ഇവരെല്ലാം തെളിച്ച വഴിയിലൂടെയാണ് ഞാന്‍ നടന്നത്. ഇവരുടെയെല്ലാം അറിഞ്ഞും അറിയാതെയുമുള്ള സ്വാധീനങ്ങളാണ് എന്നെ പാകപ്പെടുത്തിയത്. ഇവരാരും പെരുവിരല്‍ ദക്ഷിണയായി ചോദിച്ച ഗുരുക്കന്‍മാരായിരുന്നില്ല. ഒപ്പം നടന്ന സുഹൃത്തുക്കളും മാര്‍ഗദര്‍ശികളുമായിരുന്നു. ഗുരുവില്‍ നിന്ന് അധ്യാപകരായി പരിണമിച്ചവര്‍.
content highlights: Speaker MB Rajesh speaks about his teachers on Teacher's day