വീണ എസ്.
ഷെപ്പേഡ് സാറിനെ പോലെ, എം ടി സാറിനെയും പണിക്കര്‍ സാറിനെയും പോലെ കുട്ടികള്‍ ഭാവിയില്‍ ഓര്‍ത്തഭിമാനിക്കുന്ന ഒരധ്യാപികയാവണം എന്ന ആഗ്രഹത്തോടെയാണ് അഞ്ച് വര്‍ഷം മുമ്പ് ഞാനീ പ്രൊഫഷനിലെത്തിയത്. ആ ആഗ്രഹപൂര്‍ത്തീകരണത്തിലേക്കെത്താന്‍ ഇനിയും പല ജീവിതപാഠങ്ങളും അക്കാദമിക പഠനങ്ങളും ആവശ്യമായിട്ടുണ്ട്.
അധ്യാപന ജീവിതത്തിലെ ഈ ചെറിയ കാലയളവില്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ, എന്റെ സ്‌നേഹം ഞാനറിയാതെ പിടിച്ചു വാങ്ങിയ ചില വിദ്യാര്‍ഥികളുണ്ട്. അവരെ ആ പേരില്‍ അഭിസംബോധന ചെയ്യുന്നത് തന്നെ മനസ്സിലൊരു അസാധാരണത്വമുളവാക്കുന്നു. ഞാനും അവരുമായുള്ള പ്രായവ്യത്യാസം, അതിലുപരി അവര്‍ പരിധിയില്ലാതെ എനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹവും - എന്റെ കൊച്ചനുജന്മാരുടെയും അനുജത്തിമാരുടെയും രൂപമാണ് മനസ്സിലുണ്ടാക്കിയിട്ടുള്ളത്.
പണ്ട് കേട്ടറിഞ്ഞിട്ടുള്ള കഥകളല്ല അധ്യാപക - വിദ്യാര്‍ഥി ബന്ധങ്ങളെ പറ്റി ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും. ഭയത്തിന്റെയും പകയുടെയും നിഴലുകള്‍ ഈ പരിപാവന ബന്ധത്തിന്റെ ഊഷ്മളത തീര്‍ത്തും നശിപ്പിച്ചില്ലാതാക്കിയിക്കുന്നു. അധ്യാപനം വെറും ഉപജീവനമാര്‍ഗമാവുകയും കുട്ടികളവരെ വെറും ഡിസിപ്ലിനേറിയന്‍സ് മാത്രമായി കാണുകയും ചെയ്യുന്നതാണിപ്പോള്‍ കണ്ടുവരാറ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എന്നെ അമ്പരപ്പിച്ച ചില കുട്ടികളുമുണ്ട് ഈ കൊച്ചു കാലയളവില്‍. പ്രോത്സാഹനവും പ്രാര്‍ത്ഥനയുമല്ലാതെ ഒന്നും കൊടുത്തിട്ടില്ല എന്റേതായി. എന്നിട്ടും പിന്നിടുന്ന ഓരോ വഴികളിലും നേടിയെടുക്കുന്ന ഓരോ സമ്മാനത്തിനും എന്നെ വിളിച്ച് സന്തോഷം പങ്കുവെക്കുന്ന, അഭിപ്രായം ചോദിക്കുന്ന, പ്രാര്‍ഥിക്കാനാവശ്യപ്പെടുന്ന, ആര്‍ജ്ജിച്ചെടുത്ത അധികാരത്തോടെ എന്നെ 'മിസ്സേ' എന്നു നീട്ടി വിളിക്കുന്നവര്‍. ഞാനിന്ന് ആ വിദ്യാര്‍ഥികളുടെ പേരില്‍, അവരുടെ അധ്യാപികയായതില്‍ അഭിമാനിക്കുന്നു!
(തിരുവനന്തപുരം നീരമങ്കര എന്‍.എസ്.എസ് വിമന്‍സ് കോളേജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Content Highlights: Veena S from NSS Womens College Neeramankara shares her experience with students