Representational Image | Pic Credit: Getty Images
ഈ അധ്യാപകദിനത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ കൊറോണ ഏറെ മാറ്റിയെടുത്തത് അധ്യപകരെയാണെന്ന് തോന്നിപ്പോകും. കുട്ടികളെ നേരില്‍ കണ്ടു പഠിപ്പിച്ചിരുന്ന അവരുടെ മുന്നില്‍ ആകെയുള്ളത് പലപ്പോഴും ക്യാമറകള്‍ മാത്രം. അതിനെ നോക്കി മുന്‍പില്‍ കുട്ടികള്‍ ഇരിക്കുന്നതായി സങ്കല്പിച്ചുകൊണ്ടുള്ള അധ്യാപനം. കുട്ടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്ക് അമ്മയുടെ സാരിയും ചുറ്റി മുന്‍പില്‍ കുട്ടികളുള്ളതായി സങ്കല്‍പ്പിച്ച് കളിച്ചതിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ടാണ് ഇന്ന് പലരും ക്ലാസ്സ് എടുക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു അധ്യാപികയുടെ വീട്ടില്‍ ഭര്‍ത്താവിനെ കാണാനായി വന്ന അതിഥിയുടെ സംസാരം കേള്‍ക്കാനിടയായി. ഇപ്പോള്‍ നല്ല സുഖമല്ലേ? വീട്ടിലിരുന്നു ശമ്പളം വാങ്ങിയാല്‍ മതിയല്ലോ. ഞങ്ങള്‍ക്കോ, കുട്ടികള്‍ വീട്ടില്‍, പ്രയാസങ്ങള്‍ വേറെ, ഇന്നലെ മോളുടെ സ്‌കൂളില്‍ നിന്നൊരു മെസ്സേജ്. ഫീസടയ്ക്കാന്‍ പറഞ്ഞ്. അതിനുമാത്രം ഒരു കുറവുമില്ല. ഇത്രയുമായപ്പോള്‍ അധ്യാപികയ്ക്ക് സഹിച്ചില്ല. അവര്‍ അയാളെ തന്റെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ താമസിക്കാനായി ഉണ്ടാക്കിയിട്ടിരിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ മുറി തികച്ചും ഒരു ക്ലാസ്സ്‌റൂമാക്കി മാറ്റിയെടുത്തിരുന്നു. ബോര്‍ഡ്, ഡസ്റ്റര്‍, ബോര്‍ഡില്‍ എഴുതാനായി പല നിറത്തിലുള്ള പേനകള്‍, ലാപ്‌ടോപ് ഇവ ഒരു വശത്ത്. മറുവശത്ത് ട്രൈപോഡ്, മൈക്ക് അങ്ങനെ പലതും. ഇത്രയും സംഘടിപ്പിക്കുന്നതിന് എത്രയായിക്കാണും? അദ്ധ്യാപിക ചോദിച്ചു. ഒരു മടിയുംകൂടാതെ അയാള്‍ പറഞ്ഞു. എത്ര കുറഞ്ഞത് വാങ്ങിയാലും ഒരമ്പതിനായിരം. ഇതൊക്കെ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനായി ഓരോ അധ്യാപകനും വീട്ടില്‍ ഉണ്ടാക്കിവെച്ചതാണ്. അതുപോലെ ക്ലാസ്സിനിടയില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ വൈഫൈ. ഇതൊന്നും എല്ലാവര്‍ക്കും നിവൃത്തിയുണ്ടായിട്ടല്ല. അയാള്‍ക്കെന്തെങ്കിലും മനസ്സിലായോ ആവോ?
പൊതുവെ സി.ബി.എസ്.ഇ വിദ്യാലയങ്ങളോട് പൊതുജനങ്ങള്‍ക്ക് തൊട്ടുകൂടായ്മയുണ്ടെങ്കിലും അവിടെ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിന് കുറവൊന്നുമില്ല. അണ്‍-എയ്ഡഡ് വിദ്യലയങ്ങളുള്‍പ്പെടെ 12,644 പൊതുവിദ്യാലയങ്ങളും 16,000 ല്‍ അധികം അധ്യാപകരും കേരളത്തിലുള്ളപ്പോള്‍ സി.ബി.എസ്.ഇ വിദ്യാലയങ്ങളുടെ എണ്ണം 1,288 ആണ്. ഇന്ത്യയിലാകെ 20,299 എണ്ണം മാത്രമാണുള്ളത്. പൊതുവിദ്യലയങ്ങളെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്നവയുമുണ്ട്. അധ്യാപകരുടെ കാര്യവും മറിച്ചല്ല. എങ്കിലും ആ അധ്യാപകരുടെ നേരെയുള്ള ഒരു വേര്‍തിരിവ് സമൂഹത്തില്‍ പ്രകടമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയ അറിവുകളൊന്നും വിസ്മരിക്കുന്നില്ല. അതോടൊപ്പം ഇന്നവര്‍ ഏര്‍പ്പെട്ടിരിക്കുന്ന അഥവാ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന വിദ്യാഭ്യാസസംബന്ധമല്ലാത്ത പ്രവര്‍ത്തനങ്ങള്‍പോലും ഭംഗിയായി നിര്‍വഹിക്കുന്നു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നടക്കുന്നത് വിക്ടേഴ്‌സ് ചാനല്‍ വഴിയാണ്. ലോകത്തെവിടെയുമുള്ള കുട്ടികള്‍ക്ക് ഈ ക്ലാസ്സുകള്‍ കാണാം. അതുവഴി കുട്ടികള്‍ക്ക് കൊടുക്കുന്ന ഹോംവര്‍ക്കുകള്‍ കുട്ടികള്‍ ചെയ്ത് വാട്‌സാപ്പ് വഴി അവരുടെ അധ്യാപകര്‍ക്കയക്കുന്നു. അവര്‍ അത് തിരുത്തിക്കൊടുക്കുന്നു. എല്ലാ കുട്ടികളും അതിനു തയ്യാറാവുന്നില്ല എന്നത് ഒരു സത്യം. സ്റ്റുഡിയോ സെറ്റ് ചെയ്യുന്നതും റെക്കോര്‍ഡ് ചെയ്തത് എഡിറ്റ് ചെയ്യുന്നതും അത് അതത് സമയം നിശ്ചയിച്ച് സംപ്രേക്ഷണം ചെയ്യുന്നതുമൊക്കെ ആ രംഗത്തെ വിദഗ്ദ്ധര്‍. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതു മാത്രം. അതും ഒന്നോ രണ്ടോ ശതമാനം അധ്യാപകര്‍ മാത്രമേ അതില്‍ പങ്കാളികളാകുന്നുള്ളൂ. എന്നാല്‍ സി.ബി.എസ്.ഇ അധ്യാപകരെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് ജനങ്ങള്‍ പലകാര്യങ്ങളും അറിയണം. പൂര്‍ണമായും അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെപ്പറയുന്നത്. അതിന് പല സ്ഥാപനങ്ങളും അപവാദങ്ങളുണ്ടാകാം.
ശാസ്ത്രസാങ്കേതികവിദ്യയില്‍ വിദഗ്ധരായിരിക്കില്ല അമ്പതു ശതമാനത്തോളം അധ്യാപകരും. ഞാന്‍ എന്നെത്തന്നെ ഉദാഹരണമാക്കുകയാണ്. പുസ്തകത്തോടുള്ള താത്പര്യം കൊണ്ടാണ് ഭാഷ പഠിക്കാന്‍ തീരുമാനിച്ചത്. അതിനെക്കാള്‍ ആഗ്രഹമായിരുന്നു അധ്യപികയാകാന്‍. കുട്ടിക്കാലം മുതലേ അധ്യാപനത്തിന്റെ മഹത്ത്വം കേട്ടാണ് വളര്‍ന്നത്. എറണാകുളത്ത് താമസമാക്കിയപ്പോള്‍ പ്രശസ്തമായ ഒരു വിദ്യാലയത്തില്‍ ജോലി നേടാനായതില്‍ ഏറെ സന്തോഷിക്കുന്നു. മലയാളഭാഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന, അധ്യാപകരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യഭ്യാസരംഗത്തെ ഏതു പുതിയ സംരംഭങ്ങളെയും ഉടനടി അധ്യാപകരിലും അതുവഴി വിദ്യര്‍ഥികളിലുമെത്തിക്കുന്ന ഈ വിദ്യാലയത്തോടുള്ള മാനസിക അടുപ്പം ഗവണ്മെന്റ് വിദ്യാലയത്തിലെ നിയമനംപോലും വേണ്ടെന്നു വെക്കാന്‍ പ്രേരിപ്പിച്ചു. ഇതുപോലെ എത്രയോ പേര്‍.
അപ്പോഴാണ് കൊറോണയുടെ വരവും വിദ്യാലയങ്ങളുടെ അടച്ചുപൂട്ടലും. ജൂണിലും വിദ്യാലയങ്ങള്‍ തുറക്കില്ല എന്നായപ്പോള്‍ എങ്ങനെ കുഞ്ഞുങ്ങളെ പഠിപ്പിക്കാമെന്നായി ചിന്ത. മാത്രവുമല്ല ഇങ്ങനെ എല്ലാത്തില്‍നിന്നും അകന്ന് കുട്ടികള്‍ വീട്ടിലിരിക്കുന്നത് അവര്‍ക്ക് മാനസികമായ പല വിഷമതകള്‍ക്കും കാരണമാകുമെന്നും ഞങ്ങള്‍ അധ്യാപകര്‍ മനസ്സിലാക്കി. അങ്ങനെ ക്ലാസ്സുകള്‍ എടുക്കാന്‍ തീരുമാനിച്ചു. എട്ടാംക്ലാസ്സു മുതല്‍ ഓണ്‍ലൈനില്‍ നേരിട്ടെടുക്കാനും എഴാം ക്ലാസ്സുവരെ പഠിപ്പിക്കുന്ന വിഡിയോ എടുത്ത് അയയ്ക്കാനും. അതോടൊപ്പം കുട്ടികള്‍ക്ക് മാനസികമായി ഉല്ലാസവും കരുത്തും നല്‍കുന്ന മറ്റു വീഡിയോകളും.
അതുവരെയും സാങ്കേതികവിദ്യയില്‍ താത്പര്യമില്ലത്തതുകൊണ്ട് അതിനോടടുക്കാതെ ആ സമയംകൂടി പുസ്തകങ്ങളോട് ചങ്ങാത്തം കൂടിയിരുന്ന പല അധ്യാപകരും അവിടെ തോറ്റ് പിന്മാറുകയല്ല ചെയ്തത്. ആദ്യം പറഞ്ഞതുപോലെ വീടുകളില്‍ത്തന്നെ ക്ലാസ്സ്മുറികളുണ്ടാക്കി സ്വയം റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും പഠിച്ചു. സാധാരണ ക്ലാസ്സുമുറികളിലാകുമ്പോള്‍ കുട്ടികളുടെ മുഖംകണ്ടാല്‍ അധ്യാപകര്‍ക്കു മനസ്സിലാകും താന്‍ പറഞ്ഞത് കുട്ടി ഉള്‍ക്കൊണ്ടോ എന്ന്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ കാണുന്നുണ്ടോ എന്ന് പോലും അറിയാനാകില്ല. കുട്ടികള്‍ രസിക്കും വിധം എന്നാല്‍ പാഠത്തിന്റെ ആശയം ചോര്‍ന്നുപോകാതെ കുട്ടികളിലെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായലായി. അങ്ങനെ പലതും കൂടുതല്‍ കൂടുതല്‍ പഠിച്ചു. കുട്ടികളിലേക്ക് വ്യത്യസ്തമായ വീഡിയോകള്‍ എത്തിത്തുടങ്ങി.
അപ്പോഴേക്കും രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം വന്നു. കുട്ടികള്‍ക്ക് അധ്യാപകരെ കാണണം. അങ്ങനെ മാസത്തില്‍ ഒന്നോരണ്ടോ തവണ ഗൂഗിള്‍ മീറ്റ് വഴി കുട്ടികളെ കാണുന്നു. അതും രക്ഷിതാക്കള്‍ക്കുംകൂടി സൗകര്യപ്രദമായ സമയം ക്രമീകരിച്ച്. അധ്യാപകരെയും സഹപാഠികളെയും കാണുമ്പോള്‍ അവര്‍ക്കും സന്തോഷം. ക്ലാസ്സിന്റെ സമയം കഴിഞ്ഞാലും പോകാന്‍ കൂട്ടാക്കാതെ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കുട്ടികള്‍. വിദ്യാലയം അവര്‍ക്ക് ഒരുപാട് നഷ്ടമാകുന്നു എന്ന് വര്‍ത്തമാനത്തില്‍ നിന്ന് വ്യക്തം. പാഠ്യപാഠ്യേതര വിഷയങ്ങള്‍ക്ക് മാത്രമല്ല വീഡിയോകള്‍ തയ്യാറാക്കുന്നത്. എല്ലാ വിശേഷദിവസങ്ങളും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വീഡിയോകള്‍: മൂല്യധിഷ്ഠിതമായവ, തൊഴിലധിഷ്ഠിതമായവ ഇങ്ങനെ പലതും.
ഇതിനു മുന്‍പ് വിദ്യാലയത്തില്‍ നിന്ന് വീട്ടിലെത്തിയാല്‍ കുറച്ചു സമയമെങ്കിലും അധ്യാപകര്‍ക്ക് അവരുടെതായി ബാക്കിയുണ്ടായിരുന്നു. പ്രത്യേകിച്ചും ഞായറാഴ്ചകള്‍. എന്നാല്‍ ഇപ്പോള്‍ ഇരുപത്തിനാല് മണിക്കൂറും ജോലിതന്നെ. അര മണിക്കൂര്‍ ക്ലാസ്സിനു രണ്ടു ദിവസം മുമ്പേ ചിന്തിച്ചു തുടങ്ങും എന്തൊക്കെ പറയാമെന്ന്. പിന്നെ അതിനനുസരിച്ചുള്ള വീഡിയോകളും ചിത്രങ്ങളും കണ്ടുപിടിക്കലായി. അതെല്ലാം സംഘടിപ്പിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോഴാകും മറ്റു പ്രശ്‌നങ്ങള്‍.
അടുത്തൊരു വീടുപണി. അതിന്റെ തട്ടലും മുട്ടലും കഴിയുമ്പോള്‍ സന്ധ്യയാകും. റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഹോണ്‍ അടിച്ചുകൊണ്ടുള്ള വാഹനങ്ങളുടെ പ്രത്യേകിച്ചും ആംബുലന്‍സുകളുടെ ശബ്ദങ്ങള്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിര്‍ത്തി നിര്‍ത്തി അര മണിക്കൂര്‍ ക്ലാസ്സ് രണ്ടും മൂന്നും മണിക്കൂറാകും. അതുകഴിഞ്ഞ് എഡിറ്റിങ് മണിക്കൂറുകളോളം. എല്ലാം കഴിഞ്ഞു ലിങ്ക് അയച്ചു കഴിയുമ്പോഴേക്കും അര മണിക്കൂര്‍ ക്ലാസ്സിനു വേണ്ടി വരുന്നത് ദിവസങ്ങള്‍.
പിന്നെ അതിന്റെ നോട്ടുകള്‍ തയ്യാറാക്കി അയക്കല്‍. അത് ടൈപ്പ് ചെയ്തു പി.ഡി.എഫ് ആക്കിയാണ് അയയ്ക്കുന്നത്. മലയാളം ടൈപ്പ് ചെയ്യാന്‍ വശമില്ലാത്തവര്‍ക്കായി ഗൂഗിള്‍ മംഗ്ലീഷ് ഒരുക്കിത്തന്നിട്ടുണ്ടെങ്കിലും ചില അക്ഷരങ്ങള്‍ പിടിതരില്ല. അതൊക്കെയൊന്നു ശരിയായി കിട്ടാന്‍ പിന്നെയും വേണം മണിക്കൂറുകള്‍. കുട്ടികളെ മാനസികമായും ബൗദ്ധികമായും ശക്തിപ്പെടുത്താന്‍ കഴിയുന്നത് അധ്യാപകര്‍ അവസരത്തിനൊത്ത് ഉയരുന്നതുകൊണ്ടാണ്. ഇതൊന്നും ഒരു ഭാരമായല്ല അസ്വാദ്യകരമായിത്തന്നെയാണ് അധ്യാപകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. രക്ഷാകര്‍ത്താക്കളില്‍ നിന്ന് കിട്ടുന്ന നല്ലവാക്കുകളാണ് അവര്‍ക്ക് ഊര്‍ജമാകുന്നത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരാണ് ആത്മാര്‍ഥതയുള്ള അധ്യാപകര്‍. അവര്‍ക്കെതിരെ വാക്ശരങ്ങള്‍ തൊടുക്കും മുന്‍പ് ഒന്ന് ചിന്തിക്കുക. അഭിനന്ദിച്ചില്ലെങ്കിലും ആക്ഷേപിക്കാതിരിക്കാമെന്ന്.
(എറണാകുളം തേവക്കല്‍ വിദ്യോദയ സ്‌കൂളിലെ അധ്യാപികയാണ് ലേഖിക)
Content Highlights: Teachers duty during the pandemic times