-
എല്‍ ആകൃതിയിലുള്ള നിരവധി ബ്ലോക്കുകളോട് കൂടിയ കൊയിലാണ്ടി ബോയ്സ് സ്‌കൂള്‍ കെട്ടിടത്തിന്റെ മധ്യത്തിലായുള്ള തികച്ചും വ്യത്യസ്തമായ ഡിസൈനോട് കൂടിയ ഭംഗിയുള്ള ആ ചെറിയ കെട്ടിടം ആദ്യ ദിവസം തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്താണെന്നറിയാനുള്ള കൗതുകത്തോടെയാണ് കെട്ടിടത്തിനകത്തേക്ക് കയറിയത്. ഉള്ളില്‍ നീണ്ടുമെലിഞ്ഞ ഒരു മനുഷ്യനിരിക്കുന്നു. മമ്മു മാഷാണ്, എന്റെ മലയാളം അധ്യാപകന്‍, എല്ലാ ദിവസവും രാവിലെ ആദ്യത്തെ പിരിയഡ് മാഷിന്റെ ക്ലാസ്സാണ്.
'ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പെടുക്കാനാണോ?' സൗമ്യവും ആര്‍ദ്രവുമായ ചോദ്യം. സംഗതി ലൈബ്രറിയാണെന്ന് അപ്പോഴാണ് മനസ്സിലായത്. ആദ്യമായാണ് ഒരു ലൈബ്രറി കാണുന്നത്. ഇങ്ങോട്ട് ചോദിച്ചതല്ലേ, മാഷെ വേദനിപ്പിക്കേണ്ട...
'അതേ' എന്ന് ഉത്തരം പറഞ്ഞു. ഉടന്‍ തന്നെ മെമ്പര്‍ഷിപ്പ് മമ്മുമാഷ് പൂരിപ്പിച്ച് തന്നു.
'വായനാശീലമുണ്ടോ?' തീരെ ഇല്ല എന്ന് പറയാന്‍ എട്ടാം ക്ലാസ്സുകാരന്റെ അഭിമാനം അനുവദിക്കാത്തതിനാല്‍ 'കുറച്ചൊക്കെ' എന്ന് മറുപടി പറഞ്ഞു. ഷെല്‍ഫില്‍ ഭംഗിയായി അടുക്കി വെച്ച പുസ്തകങ്ങളില്‍ തീരെ കട്ടി കുറഞ്ഞ ഒന്ന് തിരഞ്ഞെടുത്തു.
'ക്ലാരമ്മയുടെ ക്ല' കവറില്‍ ഭംഗിയായി എഴുതിവെച്ചിരിക്കുന്നു. അടിയില്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടി എന്നും എഴുതിയിട്ടുണ്ട്. എന്തെങ്കിലുമാകട്ടെ ഇതില്‍ തുടങ്ങാം...പുസ്തകവുമെടുത്ത് നേരെ മമ്മുമാഷിന്റെ അടുത്ത് പോയി.
'വായിക്കുന്നതൊക്കെ കൃത്യമായി എഴുതിവെക്കണം കേട്ടോ' മാഷിന്റെ ഉപദേശം. തലകുലുക്കി അംഗീകരിച്ചു. ഒരു രാത്രികൊണ്ട് വായിച്ച് തീര്‍ക്കാവുന്നത്രയേ ഉള്ളൂ, കോമഡി ആയതിനാല്‍ പെട്ടെന്ന് തന്നെ തീര്‍ന്നു. ഇനിയാണ് അടുത്ത കടമ്പ. ആദ്യമായി ഒരു പുസ്തകം വായിച്ചു എന്ന കാര്യം മാലോകരെ മുഴുവന്‍ അറിയിക്കേണ്ടേ, സ്റ്റാറ്റസായിടാന്‍ വാട്സ് ആപ്പും, ഫേസ് ബുക്കുമൊന്നും ഇല്ലാത്ത കാലമല്ലേ...എന്തു ചെയ്യും...യുറേക്കാ...ആശയം കിട്ടി.
അടുത്ത ദിവസം ആദ്യം തന്നെ ക്ലാസ്സിലെത്തിയത് ഞാനാണ്. കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് കൊണ്ട് ഭംഗിയായി എഴുതിവെച്ചു...'ക്ലാരമ്മയുടെ ക്ല'
ആദ്യപിരിയഡ് മമ്മുമാഷാണ്. മാഷ് ക്ലാസ്സിലേക്ക് വരുന്നു. ബോര്‍ഡ് കാണുന്നു. ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്തതിന് എന്നെ അഭിനന്ദിക്കുന്നു...ഇവനെ കണ്ട് പഠിക്കൂ എന്ന് മറ്റുള്ളവരെ ഉപദേശിക്കുന്നു..മനസ്സില്‍ ഒരുപാട് ലഡു ഒരുമിച്ച് പൊട്ടിയ അവസ്ഥ. ആദ്യ പിരിയഡിനായി ആവേശത്തോടെയുള്ള കാത്തിരിപ്പ്...ബെല്ലടിച്ചു, സെക്കന്റ് ബെല്ലടിച്ചു...എല്ലാവരും ക്ലാസ്സില്‍ കയറി അച്ചടക്കത്തോടെ ഇരുന്നു.
എന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ക്ലാസ്സിലേക്ക് കടന്നുവന്നത് മമ്മുമാഷായിരുന്നില്ല പകരം കണക്ക് പഠിപ്പിച്ചിരുന്ന ക്ലാരമ്മ ടീച്ചര്‍. എന്തോ കാരണത്താല്‍ മമ്മുമാഷ് ലീവെടുത്തതാണ്.
ക്ലാസ്സിലേക്ക് കയറിയ ക്ലാരമ്മ ടീച്ചറെ സ്വാഗതം ചെയ്തതുകൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ 'ക്ലാരമ്മയുടെ ക്ല' ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. വെളുത്ത് തുടുത്ത ടീച്ചറുടെ മുഖം കറുത്തിരുണ്ട് മേഘാവൃതമായി.
'ആരാടാ ബോര്‍ഡില്‍ വൃത്തികേട് എഴുതി വെച്ചിരിക്കുന്നത്?' ദേഷ്യം പിടിച്ച് അലറിക്കൊണ്ടാണ് ടീച്ചര്‍ ചോദിച്ചത്.
'ക്ലാരമ്മയുടെ ക്ല' യില്‍ വൃത്തികേടുണ്ടോ? ഞാനും പേടിച്ചു...
ആരും ഒന്നും മിണ്ടുന്നില്ല. ഞാനാണ് എഴുതിയത് എന്ന് പറയണമെന്നുണ്ട് പക്ഷെ ഭയം അനുവദിക്കുന്നില്ല. പെട്ടെന്ന് ആരോ പറഞ്ഞു
'ടീച്ചറെ ഷാഹിദാണ് എഴുതിയത്'. ക്ലാസ്സിലെ അല്‍പ്പം കുഴപ്പമില്ലാത്ത, സ്വയം പോക്കിരിയാണെന്ന് അഭിമാനിക്കുന്ന ആളാണ് ഷാഹിദ്.
സത്യമന്വേഷിക്കാനുള്ള സംയമനം ടീച്ചര്‍ക്കില്ലായിരുന്നു. ഷീഹിദിനെ കണക്കിന് തല്ലി. സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കളെ കൊണ്ടുവന്ന് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞ് പുറത്താക്കി. പാവം അടുത്ത ദിവസം ആരെയൊക്കെയോ കൊണ്ടുവന്ന് ക്ലാസ്സില്‍ കയറി.
വര്‍ഷം എത്രയോ കഴിഞ്ഞിരിക്കുന്നു. സ്‌കൂള്‍ പിരിഞ്ഞതിന് ശേഷം അവനെ കണ്ടിട്ടേ ഇല്ല... ടീച്ചറിനെയും. എപ്പോഴെങ്കിലും കണ്ടാല്‍ പറയണം, അതെഴുതിയത് ഞാനായിരുന്നു എന്ന്....പ്രതികരണം എന്തായിരിക്കുമോ എന്തോ...
Content Highlights: Teacher's Day 2020, The author shares his school day memories