-
ലോക അധ്യാപകദിനമല്ലേ, എന്നാല്‍ പിന്നെ അധ്യാപകരുടെ ആരോഗ്യത്തെകുറിച്ച് സംസാരിച്ചാലോ എന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചാം തീയതി ഫെയ്സ് ബുക്കിലൊരു പോസ്റ്റിട്ടതാണ്. താഴെ വന്ന കമന്റുകള്‍ കണ്ട് സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി. മഹാഭൂരിപക്ഷം കമന്റുകളുടേയും അടിസ്ഥാനം ഒന്നാണ് ' അധ്യാപകരല്ലേ അവര്‍ക്കെന്ത് അസുഖം, ശരീരമനങ്ങാതെ കാശ് വാങ്ങുന്നതിന്റെ ദോഷമേ ഉണ്ടാകൂ...'
എത്ര നിസ്സാരമായാണല്ലേ ഒരു തൊഴിലിനെ നമ്മള്‍ നോക്കിക്കാണുന്നത്. എന്നാല്‍ പൊതുവെ എല്ലാവരും കരുതുന്നത് പോലെ അത്ര ആയാസരഹിതവും സുഖകരവുമായ ജോലിയൊന്നുമല്ല അധ്യാപകരുടേത്, എന്ന് മാത്രമല്ല മറ്റ് പല ജോലിയിലുള്ളവരേക്കാളും കൂടുതല്‍ അസുഖം വരാനുള്ള സാധ്യത കൂടുതലുള്ളതും അധ്യാപകര്‍ക്കാണ്. ആശ്ചര്യപ്പെടേണ്ട, സംഗതി സത്യമാണ്.
നടുവേദനയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമെന്താണെന്നറിയാമോ? ദീര്‍ഘനേരം ഒരേ നില്‍പ്പ് നില്‍ക്കുക എന്നത് തന്നെയാണ്. ഇനി തൊഴില്‍പരമായി ഇതിനെ ചേര്‍ത്ത് വെച്ച് നോക്കിക്കോളൂ, അധ്യാപകര്‍ ദീര്‍ഘനേരം നിന്ന് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അദ്ധ്യാപകരെ ബാധിക്കാനിടയുള്ള ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് നടുവേദന. പല സ്‌കൂളുകളിലും ക്ലാസ് മുറികളില്‍ അധ്യാപകര്‍ക്ക് ഇരിപ്പിടം നല്‍കാറില്ല എന്ന പരാതി ഇടയ്ക്കിടെ കേള്‍ക്കാറില്ലേ... ഇത് വായിക്കുന്ന താങ്കള്‍ അധ്യപകനാണെങ്കില്‍, ഇരിക്കാനുള്ള സൗകര്യം ക്ലാസ് മുറിയിലുണ്ടെങ്കില്‍, ക്ലാസ്സെടുക്കുന്നതിനിടയില്‍ ഇടയ്ക്ക് അല്‍പ്പനേരം ഇരിക്കുന്നതില്‍ ഒരു മോശവും വിചാരിക്കേണ്ട. ഇല്ലെങ്കില്‍ അധികം വൈകാതെ നടുവേദന താങ്കളേയും തേടിയെത്തും. കൂടുതല്‍ കാലം കഴിയുംതോറും നട്ടെല്ലിന് തകരാറും, സന്ധികളുടെ തേയ്മാനവും ഒക്കെ കടന്ന് വരുമെന്നും ഓര്‍മ്മിക്കുക.
ഇനി തൊണ്ടയുടെ കാര്യമെടുക്കാം. അധ്യാപകരുടെ അത്ര തൊണ്ട ഉപയോഗിച്ച് ജോലി ചെയ്യുന്ന മറ്റേതെങ്കിലും തൊഴില്‍ കാണിച്ച് തരാമോ? ഗായകരും, പുരോഹിതരും ഒക്കെയുണ്ടാകാം പക്ഷെ തുടര്‍ച്ചയായി ഇത്രയധികം നേരം ശബ്ദമുപയോഗിക്കേണ്ടി വരുന്നവര്‍ അധ്യാപകര്‍ മാത്രമേ ഉള്ളൂ. മാത്രമല്ല നമ്മുടേതല്ലേ കുട്ടികള്‍, നിശ്ശബ്ദതയോടെ അധ്യാപകന്‍ പറയുന്നത് മാത്രം കേട്ടിരിക്കുന്ന എത്ര കുട്ടികള്‍ ഒരു ക്ലാസ്സിലുണ്ടാകും? കുട്ടികളുടെ ശബ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് അധ്യാപകന്റെ തൊണ്ടയുടെ സ്ട്രെസ്സും വര്‍ധിക്കും മാത്രമല്ല മിക്ക ക്ലാസ്സ് മുറികളിലെ അന്തരീക്ഷവായുവും വരണ്ടതുമായിരിക്കും ഇത്രയും കാര്യങ്ങള്‍ ഒരേ സമയം ഒത്തു ചേര്‍ന്നാല്‍ തൊണ്ടയ്ക്ക് പണി കിട്ടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. തുടര്‍ച്ചയായ തൊണ്ട വേദന, ചുമ, സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ നിരവധി അസുഖങ്ങള്‍ അധ്യാപകരെ വിട്ടുമാറാതെ പിന്‍തുടരും. രണ്ട് മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയെ ഒരു പരിധിവരെ മറികടക്കാം. ഒന്നാമതായി ശബ്ദം ഉപയോഗിക്കുന്നതിനെ പറ്റിയും അതിന്റെ വ്യതിയാനങ്ങളെ പറ്റിയും ശാസ്ത്രീയമായ പരിശീലനം നേടുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. രണ്ടാമതായി പുകവലി ശീലമുണ്ടെങ്കില്‍ അത് പാടേ ഉപേക്ഷിക്കുക എന്നതും മൂന്നാമത്തേത് ഇടയ്ക്കിടെ ഇളം ചൂടുവെള്ളം കുടിക്കുക എന്നതുമാണ്.
മാനസിക സമ്മര്‍ദ്ദമാണ് മറ്റൊന്ന്. വിദ്യാര്‍ത്ഥി എത്ര വലിയ തെറ്റ് ചെയ്താലും ശരിക്കുമൊന്ന് ശാസിക്കാന്‍ പോലും സാധിക്കാത്ത നിസ്സഹായത, അഥവാ ശാസിച്ചാല്‍ വീട്ടില്‍ നിന്ന് ചോദിക്കാനെത്തുന്ന രക്ഷിതാക്കള്‍ സൃഷ്ടിക്കുന്ന ഭീകരത, ഹെഡ്മാസ്റ്റര്‍ മുതല്‍ മുകളിലേക്കുള്ളവരില്‍ നിന്നുള്ള മറ്റ് സമ്മര്‍ദ്ദങ്ങള്‍, കൃത്യസമയത്ത് പാഠഭാഗം തീര്‍ക്കാനുള്ള വ്യഗ്രതയും തീര്‍ന്നില്ലെങ്കിലുള്ള ആശങ്കയും... അങ്ങനെ അനേകമനേകം കാരണങ്ങളുണ്ട് അതിനു പിന്നില്‍. ഈ അവസ്ഥ ദീര്‍ഘനാളുകള്‍ തുടര്‍ന്നാല്‍ രക്താതിസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ മറ്റ് അസുഖങ്ങളും അനുബന്ധമായി വന്ന് കീഴടക്കുകയും ചെയ്യും. സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടാതെ ജോലിചെയ്യാനുള്ള സാഹചര്യം ഒരുക്കലാണ് ഏറ്റവും പ്രധാനം. ഇതിന് ഒരു വിദ്യാലയത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. അതില്‍ മാനേജുമെന്റ് മുതല്‍ കുട്ടികളും മാതാപിതാക്കളും വരെ ഉള്‍പ്പെടും. യോഗ, വ്യായാമം മുതലായവ ശീലമാക്കുന്നതും അധ്യാപകര്‍ക്ക് ഗുണം ചെയ്യും.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുകവലിക്കാരെയാണെങ്കില്‍ രണ്ടാമതായി ബാധിക്കുന്നത് ചിലപ്പോള്‍ അധ്യാപകരെയായിരിക്കും. അത്രയേറെ ചോക്ക് പൊടിയും, ക്ലാസ്സ് മുറിയിലെ പൊടിയും അത്ര അധികമുണ്ട്. ഇപ്പോള്‍ ചോക്കിന് പകരം മഷി ഉപയോഗിച്ച് എഴുതുന്ന രീതിയും, ക്ലാസ്സ് മുറികളില്‍ സിമന്റ് തറയ്ക്ക് പകരം ടൈല്‍ പാകിയ തറകള്‍ വന്നതും ഒരു പരിധിവരെ ഈ അവസ്ഥയ്ക്ക് ആശ്വാസമേകുന്നുണ്ട്.
കുട്ടികള്‍ക്കുണ്ടാകുന്ന പകര്‍ച്ചപ്പനി പോലുള്ള രോഗങ്ങള്‍ എളുപ്പത്തില്‍ അധ്യാപകര്‍ക്കും പകര്‍ന്ന് കിട്ടാന്‍ സാധ്യതയുണ്ട്. കര്‍ച്ചീഫ് ഉപയോഗിക്കുക, ഓരോ ക്ലാസ്സ് കഴിയുമ്പോഴും സോപ്പ് ഉപയോഗിച്ച് കൈകയും മുഖവും കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധപുലര്‍ത്തുക.
(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: Teacher's day 2020 Health issues of teachers