ശിക്ഷിച്ചോളൂ, പക്ഷേ ഒരിക്കലും പരിഹസിക്കരുത്; അധ്യാപകരോട് സുധീര്‍ കരമന പറയുന്നു


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

2 min read
Read later
Print
Share

ടീച്ചേഴ്‌സ് ആര്‍ വണ്‍ ഓഫ് ദ ബെസ്റ്റ് പെര്‍ഫോമേഴ്‌സ്, അവര്‍ ക്ലാസ് റൂമിലിരുന്ന് എന്തെങ്കിലും വായിച്ചിട്ടു കാര്യമില്ല. അവരുടെ ശരീരഭാഷ, മുഖത്തെ ഭാവങ്ങള്‍ എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. അവര്‍ നന്നായി പെര്‍ഫോം ചെയ്‌തെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പാഠഭാഗങ്ങളിലേക്ക് ആകര്‍ഷിക്കാനാകൂ

സിനിമയില്‍ പേരെടുക്കുന്നതിന് മുന്‍പ് അധ്യാപനത്തിന്റെ വഴി തിരഞ്ഞെടുത്ത വ്യക്തിയാണ് നടന്‍ സുധീര്‍ കരമന. ബിരുദാനന്തര ബിരുദവും ബി.എഡും നേടിയതിന് ശേഷം 1993 മുതല്‍ അധ്യാപന രംഗത്ത് സജീവമാണ് അദ്ദേഹം. സിനിമയില്‍ എത്തിയതിന് ശേഷവും അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. സിനിമാ തിരക്കുകള്‍ക്കിടയിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വര്‍ക്ക്‌ഷോപ്പുകളിലും ക്ലാസുകളിലും അദ്ദേഹം ഭാഗമാണ്. അതുകൊണ്ടുതന്നെ ഈ കോവിഡ് പ്രതിസന്ധിയിലും രാജ്യമൊട്ടാകെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് ചുവടുവെച്ചത് ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹം നോക്കികാണുന്നത്. എന്നിരുന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ താല്‍കാലികമായ ഒരു പരിഹാരം മാത്രമാണെന്നും വിദ്യാലയം നല്‍കുന്ന ജീവിത പാഠങ്ങള്‍ പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ക്ക് അതീതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ടീച്ചേഴ്‌സ് ആര്‍ വണ്‍ ഓഫ് ദ ബെസ്റ്റ് പെര്‍ഫോമേഴ്‌സ്, അവര്‍ ക്ലാസ് റൂമിലിരുന്ന് എന്തെങ്കിലും വായിച്ചിട്ടു കാര്യമില്ല. അവരുടെ ശരീരഭാഷ, മുഖത്തെ ഭാവങ്ങള്‍ എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. അവര്‍ നന്നായി പെര്‍ഫോം ചെയ്‌തെങ്കില്‍ മാത്രമേ വിദ്യാര്‍ഥികളെ പാഠഭാഗങ്ങളിലേക്ക് ആകര്‍ഷിക്കാനാകൂ. ഏതൊരു കലാരൂപവും നന്നായി ആസ്വദിക്കാന്‍ സാധിക്കുന്നത് കലാകാരന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കിമ്പോഴല്ലേ.. അധ്യാപനവും ഒരു കലയാണ്. ഇപ്പോള്‍ ടെലിവിഷനിലൂടെ കുട്ടികളെ പഠിക്കുന്ന അധ്യാപകരെ നോക്കൂ, അവരുടെ പ്രകടനം മികച്ചതായത് കൊണ്ടാണ് വലിയ ചര്‍ച്ചയാകുന്നത്. അറിവുമാത്രമുണ്ടായിട്ട് കാര്യമില്ല, അറിയുന്ന കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് നന്നായി പകര്‍ന്ന് കൊടുക്കാന്‍ സാധിക്കുമ്പോഴാണ് ഒരാള്‍ നല്ല അധ്യാപകനാകുന്നത്.

എല്ലാ വിഷയവും എല്ലാ കുട്ടികളും ഇഷ്ടപ്പെടണമെന്നില്ല. എല്ലാവരുടെയും അഭിരുചികള്‍ വ്യത്യസ്തമാണല്ലോ.. എന്നിരുന്നാലും കുട്ടികളുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും പലപ്പോഴും അധ്യാപകര്‍ കാരണമാകാറുണ്ട്. അധ്യാപകനെ ഇഷ്ടമല്ലെങ്കില്‍ ആ വിഷയം തന്നെ ജീവിതകാലം മുഴുവന്‍ വെറുത്തു പോകുന്ന കുട്ടികളുണ്ട്. അതുപോലെ അധ്യാപകര്‍ മനസ്സിലാക്കേണ്ട, ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. കുട്ടികളെ ശിക്ഷിക്കാം, എന്നാല്‍ പരിഹസിക്കരുത്. അധ്യാപകന്‍ തല്ലിയാലോ ശാസിച്ചാലോ വിദ്യാര്‍ഥികള്‍ അത് മനസ്സില്‍ കൊണ്ടുനടക്കുകയില്ല. എന്നാല്‍ പരിഹാസം അങ്ങനെയല്ല, അത് ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടും.

കോവിഡ് ഭീതി കുറയുമ്പോള്‍ വിദ്യാലയങ്ങള്‍ ഉണരണം

ലോകത്തിന് തന്നെ മാതൃകയായ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കടന്നുപോയവരാണ് നാം ഇന്ത്യക്കാര്‍. ആ കാലഘട്ടം മുതല്‍ തന്നെ ഗുരുവും ശിഷ്യരും തമ്മിലുള്ള ഐ കോണ്‍ടാക്ടിന് വലിയ പ്രധാന്യമുണ്ടായിരുന്നു. ഒരു വിദ്യാര്‍ഥിയും അധ്യാപകനും തമ്മില്‍ കൃത്യമായ ആശയവിനിമയം നടക്കണമെങ്കില്‍ അവരുടെ കണ്ണുകള്‍ തമ്മില്‍ സംവദിക്കണം. എന്നാല്‍ അതിനൊന്നും സാധിക്കാത്ത ഒരു അവസ്ഥയിലാണ് നാമിപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. കോവിഡ് ഭീതിയില്‍ കുട്ടികള്‍ക്ക് വിദ്യാലയങ്ങള്‍ക്ക് പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളായി ആശ്രയം. ആരുടെയും കുറ്റമല്ല, നമുക്ക് ഇന്ന് അതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.

മറ്റു പലരാജ്യങ്ങളിലും നടക്കാത്ത രീതിയില്‍ വളരെ വിപ്ലവകരമായാണ് ഇവിടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും പരീക്ഷകള്‍ നടത്തുന്നതും. പ്രത്യേകിച്ച് ഈ മഹാമാരിയുടെ ഇടയില്‍പോലും കാര്യമായ സമൂഹവ്യാപനമില്ലാതെ പ്ലസ്ടു, പത്താംക്ലാസ് പരീക്ഷകള്‍ നടത്താനായി. എന്നിരുന്നാലും ഓണ്‍ലൈന്‍ ക്ലാസ് എന്നത് താത്കാലികമായ പരിഹാരമാണ്. സ്ഥിരമായി നടത്തിക്കൊണ്ടുപോകേണ്ട ഒന്നല്ല. കോവിഡ് വിട്ടൊഴിയുമ്പോള്‍ വിദ്യാലയങ്ങള്‍ പഴയതുപോലെ സജീവമാകണം. വിദ്യാര്‍ഥികളും അധ്യാപകരും ഒന്നിച്ചു കൂടുമ്പോള്‍ ലഭിക്കുന്ന വിദ്യാഭ്യാസം പാഠപുസ്തകങ്ങള്‍ക്ക് അതീതമാണ്. മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോള്‍ ലഭിക്കുന്ന ജീവിത പാഠങ്ങളുണ്ട്. അവയുടെ മൂല്യം വളരെ വലുതാണ്. കോവിഡിന്റെ ഏറ്റവും വലിയ ഇരകള്‍ വയസ്സായവരും വിദ്യാര്‍ഥികളുമാണ്.

Content Highlights: Sudheer Karamana Teachers Day Special Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram