പ്രതീകാത്മക ചിത്രം | Photo:Getty Images
ചൈനയിലെ ഒരു ചന്തയില്‍ പൊട്ടി പുറപ്പെട്ട നോവല്‍ കൊറോണ എന്ന വൈറസിനെപ്പറ്റി ആദ്യമായി കുട്ടികളോട് സംസാരിക്കുമ്പോള്‍ സ്വപ്‌നേപി നിനച്ചിരുന്നില്ല, കിരീടത്തിന്റെ രൂപമുള്ള ഈ വൈറസ് കോവിഡ് ആയി അവതരിച്ച് ലോകത്തെ ഇങ്ങനെ കീഴ്‌മേല്‍ മറിക്കുമെന്ന്! മാര്‍ച്ച് 18-ന് മൂന്നരക്ക് നീട്ടി അടിച്ച ലോങ് ബെല്ലിന് ഒപ്പം തുള്ളിച്ചാടി ഇറങ്ങുമ്പോള്‍ കുട്ടികളും കരുതിയിരിക്കില്ല, ഇനി എന്നാണ് തങ്ങളുടെ സ്‌കൂള്‍ മുറ്റത്തേക്കും, ക്ലാസ് മുറികളിലേക്കും തിരിച്ചു വരിയെന്ന് അറിയാത്ത ഒരു അവധിക്കാലത്തിലേക്കാണ് അവര്‍ പോകുന്നതെന്ന്. വര്‍ഷാന്ത്യ പരീക്ഷകള്‍ ഒഴിഞ്ഞു പോയല്ലോ എന്ന നിഷ്‌കളങ്കമായ ആഹ്ലാദം മാത്രമായിരുന്നു അന്ന് അവര്‍ക്ക് ഉണ്ടായിരുന്നത്.
വിഷു കഴിഞ്ഞതോടെയാണ് ജൂണില്‍ പെയ്യാന്‍ തുടങ്ങുന്ന പുതുമഴക്കൊപ്പം പെയ്തു തുടങ്ങുന്ന, ഒരു സാധാരണ അക്കാദമിക വര്‍ഷം ഈ വര്‍ഷം ഉണ്ടായേക്കില്ല എന്ന തിരിച്ചറിവുണ്ടാകുന്നത്. ഇഷ്ടമില്ലാത്തതിനെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന മനുഷ്യ മനസിന്റെ സഹജ സ്വഭാവത്തോടെ 'ഓണ്‍ലൈന്‍ ക്ലാസോ, അതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല' എന്ന് വിസമ്മതിച്ചു നോക്കി. പക്ഷെ മേയ് മാസം എത്തുമ്പോഴേക്കും, അതൊരു അനിവാര്യതയായി സ്വീകരിക്കുകയല്ലാതെ മാര്‍ഗമില്ല എന്ന് ഉറപ്പായി.
പൊട്ടിച്ചിരികളും, കുട്ടിക്കുറുമ്പുകളും, കുറെ ചോദ്യങ്ങളും നിറഞ്ഞ വലിയ വെളിച്ചമുള്ള ക്ലാസ് മുറികളില്‍ നിന്ന് ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലെ, കസേരയിലേക്ക്, ക്ലാസ് മുറി എന്ന ഇടം ചുരുങ്ങിയപ്പോള്‍ ഭയം കലര്‍ന്ന സങ്കടമായിരുന്നു മനസില്‍. വാട്‌സ്ആപ്പിലും, ഫെയ്‌സ്ബുക്കിലും കുറച്ചു നേരം കുത്തിക്കളിക്കാനുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം മാത്രമുണ്ടായിരുന്ന എന്റെ പരിമിത ബോധത്തിലേക്ക് സുനാമി പോലെ കുത്തിയൊലിച്ചു വന്ന കുറെ വാക്കുകള്‍, ഗൂഗിള്‍ മീറ്റ്, ലിങ്ക്, സ്‌ക്രീന്‍ ഷെയറിങ്... പതുക്കെ ഈ പദാവലികള്‍ ഒക്കെ ജീവിതത്തിന്റെ ഭാഗമായി. ഈ മഹാമാരിക്കാലത്തും കുഞ്ഞുങ്ങള്‍ക്കൊപ്പം ഇങ്ങനെ ചേരാന്‍ കഴിയുന്നല്ലോ എന്ന ആഹ്ലാദമായി. മാറിയ മാധ്യമത്തിലും അധ്യാപനത്തിന്റെ പുതിയ സാധ്യതകള്‍ തേടലായി.
എല്ലായ്‌പ്പോഴും എന്ന പോലെ, ചിരിപ്പിക്കുകയും, കണ്ണു നിറയ്ക്കുകയും ചെയ്യുന്ന മനോഹര അനുഭവങ്ങളും, ഓര്‍മകളും ഓണ്‍ലൈന്‍ ക്ലാസ്സിലും ഉണ്ടായി തുടങ്ങി. അതില്‍ ഏറ്റവും ചിരിപ്പിച്ച ഒന്ന് ഇവിടെ പങ്ക് വയ്ക്കാം.
ക്ലാസ് തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പ്, ഗൂഗിള്‍ മീറ്റ് ലിങ്ക് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയും, ആ ലിങ്കുവഴി കുട്ടികള്‍ ക്ലാസ്സില്‍ ജോയിന്‍ ചെയ്യുകയും ചെയ്യുക എന്നതായിരുന്നു ഔദ്യോഗിക സ്‌കൂള്‍ അക്കൗണ്ട് ഉപയോഗിച്ച്, ഗൂഗിള്‍ ക്ലാസ് മുറികള്‍ തയ്യാറാകുന്നത് വരെയുള്ള ഞങ്ങളുടെ രീതി. അങ്ങനെ ലിങ്ക് അയച്ചുകൊടുത്ത് കുട്ടികള്‍ ക്ലാസ്സില്‍ കയറി കഴിഞ്ഞു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഒരു വിളി ഫോണിലേക്ക്, ' മിസ്സ്, നിങ്ങള്‍ ആരും എന്താണ് ജോയിന്‍ ചെയ്യാത്തത്? ഞാന്‍ ക്ലാസ്സില്‍ കയറി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നേരമായി.' ഒന്ന് ഞെട്ടിയ ടീച്ചര്‍ പറഞ്ഞു, ' ഞങ്ങള്‍ എല്ലാവരും, ഇവിടെ ഉണ്ടല്ലോ, ക്ലാസ് ഇതാ തുടങ്ങാറായി.' ഇത് കേട്ടതും, അപ്പുറത്ത് നിന്ന്, ' എന്റെ മിസ്സ്, നിങ്ങള്‍ എല്ലാവരും ഏതോ തെറ്റായ ലിങ്കില്‍ ആണ് കയറിയിരിക്കുന്നത്. ഞാന്‍ മാത്രം ഭാഗ്യത്തിന് ശരിയായ ലിങ്കില്‍ കയറിയിട്ടുണ്ട്. സമയം കളയാതെ വേഗം എല്ലാവരും ഈ ലിങ്കില്‍ വന്ന് ജോയിന്‍ ചെയ്യൂ'
നോക്കിയപ്പോള്‍, കഴിഞ്ഞു പോയ ഏതോ ക്ലാസിന്റെ ലിങ്കില്‍ കയറി ഒറ്റക്ക് ഇരിക്കുകയാണ് കക്ഷി. പക്ഷെ ഞാന്‍ മാത്രം ശരിയായ ലിങ്കിലും ടീച്ചറും ബാക്കി പത്ത് മുപ്പത്തി അഞ്ചു പേരും തെറ്റായ ലിങ്കിലും ആണെന്ന് തറപ്പിച്ചു പറയാന്‍ കാണിച്ച ആ ആത്മവിശ്വാസത്തിന് ആണ് ഉറച്ചൊരു കയ്യടി. മാസ്‌ക്കിട്ടു മൂടാത്ത പൊട്ടിച്ചിരി, അകലങ്ങള്‍ മറന്ന് ഹൃദയം കൊണ്ട് ഒരു ആലിംഗനം.
(തൃശൂര്‍ വിയ്യൂരിലെ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് ലേഖിക)
Content Highlights: School teacher shares online class experience, Teachers' Day 2020