-
കോവിഡ് മഹാമാരിയുടെ ദുരിതഫലങ്ങള്‍ മറ്റുമേഖലകളെപ്പോലെതന്നെ വിദ്യാഭ്യാസ രംഗത്തെയും ബാധിച്ചപ്പോള്‍ അത് കൂടുതലായും പ്രതിഫലിച്ചത് സ്‌കൂള്‍ തലത്തിലാണെന്നു പറയാം. കുട്ടികളുടെ കൂട്ടായ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇല്ലാതായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഒന്നാംക്ലാസിലേക്ക് പ്രവേശിക്കുന്ന കുരുന്നുകളുടെ പുത്തന്‍ അനുഭവങ്ങളും ദുരിതനാളുകള്‍ കവര്‍ന്നെടുത്തു.
മാറിയ സാഹചര്യത്തില്‍ ക്ലാസ്‌റൂമുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുമാറി. അധ്യാപകരുടെ ജോലി പതിവു ശൈലിയില്‍നിന്ന് മാറി. കുട്ടികളിലേക്ക് എത്താന്‍ മാതാപിതാക്കളുടെകൂടി സഹായം ആവശ്യമായിവന്നു. മഹാമാരിക്കാലത്തെ അധ്യാപകരുടെ ജോലിയും കുട്ടികള്‍ക്കു നഷ്ടമാകുന്ന അനുഭവങ്ങളെയും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയാണ് അധ്യാപികയായ ശശിമംഗള സന്തോഷ്.
കോവിഡ് കാലത്ത് അധ്യാപകര്‍ക്ക് പണിയൊന്നുമില്ലെന്നു പറയുന്നവര്‍ക്ക് ശശിമംഗള ഇതിനുള്ള മറുപടി 'ഓണ്‍ലൈന്‍ മധുരം' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ നല്‍കുന്നുണ്ട്. ദുരിതനാളുകളില്‍ ടി.വിയില്‍ വിക്ടേഴ്‌സ് ചാനല്‍വഴി ക്ലാസുകള്‍ കാണേണ്ടിവരുന്ന കുട്ടികള്‍ക്ക് അവര്‍ക്ക് നഷ്ടപ്പെടുന്ന ബാല്യത്തിന്റെ യഥാര്‍ഥ നിറത്തെയും മധുരത്തെയും കുറിച്ചുള്ള ആശങ്കകളോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
ഒരു ഓണ്‍ലൈന്‍ മധുരം
Covid വന്ന് സ്‌കൂള്‍ തുറക്കാതായപ്പോള്‍മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാ...' നിങ്ങള്‍ക്കൊക്കെ എന്താ ഒരു സുഖം...വെറുതേ വീട്ടിലിരുന്ന് ശമ്പളം വാങ്ങാലോ'.
കേട്ടാല്‍ തോന്നും ഞങ്ങള്‍ ടീച്ചര്‍മാര്‍ എല്ലാവരും കൂടെ പണിയെടുക്കാതിരിക്കാന്‍ വേണ്ടി എങ്ങാണ്ട് കിടന്ന കോറോണെ പിടിച്ചു കൊണ്ട് വന്നതാന്ന് ..!
ഹല്ല പിന്നെ!
പണ്ടേ ഉള്ള ചീത്ത പ്പേരാണല്ലോ... ഓ! അതിനി മാറാനും പോകുന്നില്ല. അതുപോട്ടെ..
ഇങ്ങനെ യൊക്കെ ആണേലും ഞങ്ങള്‍ക്ക് പണിയുണ്ട് ട്ടൊ..
ഓണ്‍ലൈന്‍ക്‌ളാസ്സ് കുത്തി യിരുന്നു കണ്ട് അതിലെ ടീച്ചര്‍ മാര്‍ ഉണ്ടാക്കിയ 'വിടവ് അടപ്പിക്കല്‍' നുമ്മടെ ജോലിയാണ്..ട്ടാ..
വര്‍ക് ഷീറ്റും നോട്ട് തയ്യാറാക്കലും അത് വാട്ട്‌സ്ആപ് ഗ്രൂപ്പുകളില്‍ പറപ്പിച്ചു.. ഇങ്കട് വര്ണ ബൂമറാങുകളെ ശരിപ്പെടുത്തി,വീണ്ടും good ഉം star ഉം ഒക്കെയിട്ട് കുട്ടപ്പനാക്കിവിടണം ... Teacher's version കൊടുക്കണം..അങ്ങനെയങ്ങനെ പണികള് കിടക്കുവല്ലേ..
കുട്ടികളുടെ നോട്ട്‌സ് വരുന്ന വേഗത്തില്‍ തിരിച്ചു പോയില്ലെങ്കിലും പ്രശ്‌നാണ്.'ടീച്ചറുടെ ഒരു ടിക് കണ്ടാലേ എന്റെ കുട്ടി പഠിക്കുള്ളൂ.'virtual good !'
നോട്ട് പുസ്തകത്തില്‍ പതിഞ്ഞതായിക്കണ്ട് ആനന്ദപുളകിതരാവുന്നത് കൂടുതലും രക്ഷിതാക്കള്‍ ആണെന്ന് തോന്നും. ചിലരെങ്കിലും മക്കളുടെ നോട്ട് ഇപ്പൊ കണ്ടു തുടങ്ങീട്ട്ണ്ട്.അതിലാണ് ...മ്മക്ക് സന്തോഷം..
നൂറായിരം ഗ്രൂപ്പുകള്‍ നമ്മളെ നോക്കി ഇങ്ങനെ വെല്ലുവിളിക്ക്യല്ലേ... എല്ലാം download ചെയ്ത്
തെളിഞ്ഞും തെളിയാതെയുമുളള അക്ഷരക്കൂട്ടങ്ങളെ സൂക്ഷിച്ചു നോക്കി നോക്കി കണ്ണടിച്ചു പോകാറായിട്ടും കുറ്റം പറച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വന്ന പേജിനേയും കണ്ണിനെയും കഷ്ടപ്പെട്ട് zoom ചെയ്യിക്കും..
സന്ധ്യ കഴിഞ്ഞാലോ, നെറ്റ് ചക്രശ്വാസം വലിക്കാന്‍ തുടങ്ങും ,കറങ്ങിക്കറങ്ങി നമ്മളെയിട്ടു കറക്കും.
അതും പോരാഞ്ഞ് വീട്ടിലെ ഒമ്പതാംക്‌ളാസ്സുകാരീടെ ഫോണ്‍പഠിത്തവും...
അങ്ങനെ പണിചെയ്ത് ചെയ്തു ചുമട് താങ്ങാനാകാതെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന് മട്ടിലായി പാവം..ഫോണ്‍,!
സൗഹൃദ, കൂട്ടങ്ങളെ നിര്‍ദാക്ഷിണ്യം തിരിഞ്ഞു നോക്കാതെയായിട്ട് കാലങ്ങളായി. പാട്ടുകൂട്ടം പോയിട്ട് ഒരു മൂളിപ്പാട്ട് പോലും ഇപ്പോ ഇല്ല..
മടുപ്പിന്റെ മാറാല മൂടാതെ ,മനസ്സിനെ ഒന്ന് തൂത്തു തുടയ്ക്കാനും മടിയായിത്തുടങ്ങി..
സ്‌കൂള്‍ ഒന്നു തുറന്നെങ്കില്‍..... ആ ജീവിതത്തെ ഒരുപാട് സ്‌നേഹിച്ചിരുന്നു കുട്ടികളും ബഹളവും അവരുടെ കുഞ്ഞുകുസൃതികളും പകര്‍ന്നു നല്‍കിയ ഒരു പോസിറ്റീവ് എനര്‍ജിയാണ് ഇന്ന് ഇല്ലാതെ പോയത്.. അവരില്ലാതെ നമ്മള്‍ക്കെന്താഘോഷം?....
അപ്പോള്‍ വരുന്നു പുതിയ അറിയിപ്പ്.
covid duty ക്ക് അധ്യാപകരെ നിയമിക്കാന്‍ പോകുന്നു... പോയവരുടെ കാര്യങ്ങള്‍ കേട്ടറിഞ്ഞപ്പോള്‍ ... ഉള്ളില്‍ ചെറുതായ ഒരു പേടി..അസുഖം വ്യാപിക്കുന്നു എന്ന അറിവ് ഞെട്ടിക്കുന്നത്.പക്ഷേ ഇതില്‍ ജീവിതം തന്നെ ഉഴിഞ്ഞിട്ടിരിക്കുന്നവരെ കാണുമ്പോള്‍ മറിച്ചു ചിന്തിക്കാനും വയ്യ... അറിയിപ്പ് വന്നാല്‍ പോകേണ്ടി വരും അതുറപ്പാണ്.
അങ്ങനെയിരിക്കുമ്പോള്‍ ദാണ്ടെ ..വരുന്നു അംഗനവാടി ഡ്യൂട്ടി. വീട്ടില്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്‌ളാസ് സംവിധാനം ഒരുക്കല്‍.
സ്‌കൂളിലെ നാലു ടീച്ചര്‍ മാര്‍ക്ക് വീതം duty വരുന്നു.. കാര്യം നിസ്സാരം... അവിടുത്തെ കുട്ടികള്‍ക്ക് TV ഓണ്‍ ചെയ്തു ക്‌ളാസ് കാണാന്‍ സൗകര്യം കൊടുക്കുക... രണ്ടാഴ്ച പോകണം. അങ്ങനെവിളി വന്നു.
നേരത്തെ അവിടെ പോയി വന്നവരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതാണ്. രാവിലെ പത്തരയ്ക്കാണ് ക്‌ളാസ്സുള്ളത്. ..വിക്ടേഴ്‌സ് നേരത്തെ അവരുടെ പണി തുടങ്ങുമല്ലോ. ആകെ ഒന്നോ രണ്ടോ കുട്ടികളേ വരുന്നുള്ളൂ..
ഒന്നാംക്ലാസ്‌കാരിയാണ് ആദ്യംഎത്തുന്നത്.
അവളറിയുന്നുണ്ടോ അവള്‍ക്ക് വേണ്ടിയാണ് ഈ ടീച്ചര്‍മാര്‍ ഓടിവരുന്നതെന്ന്..വേറെ കുട്ടികളൊക്കെ നേരത്തെ വരവ് നിറുത്തി.
രാവിലെതന്നെ വീട്ടില്‍ ഉള്ള online കാരെ 'ചാര്‍ജ്'ചെയ്ത് ഉണര്‍ത്തി . രാവിലത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം തയ്യാറാക്കി വച്ചു.. ഉച്ചയ്ക്ക് എത്താം ,രാവിലത്തെ ഒക്കെ എടുത്ത് കഴിച്ചോളാന്‍ പറഞ്ഞു .. എല്ലാ വിധ കോവിഡ് സുരക്ഷാ സന്നാഹങ്ങളോടെ പടിയിറങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വരാറുള്ള ആ വഴി അടച്ചിരുന്നതാണ്..containment zone എന്ന വിളിപ്പേര് വന്നില്ല..വാര്‍ഡ് വേറെയാവാം..വരുന്ന വഴിയിലുള്ള ഒരു വീട്ടിലെ നാലുപേരെ കോറോണ വന്നു ആശുപത്രിയില്‍ കൊണ്ടുപോയത് ഇക്കഴിഞ്ഞ ദിവസം ആയിരുന്നു.
'പടച്ചോനേ കാത്തോളീ' ന്ന് പറഞ്ഞു ആ വീടിനെപ്പോലും നോക്കാതെ ആ വഴിയിലൂടെ നടന്നു.
അംഗനവാടി ആരോട് ചോദിച്ചാലും പറഞ്ഞു തരും ,എന്നു കേട്ട ധൈര്യത്തില്‍ രണ്ടും കല്പിച്ചായിരുന്നു നടത്തം..
കോഴിക്കോടിന്റെ ഏതു പ്രദേശവും സ്വന്തം കൈരേഖ പോലെ അറിയുന്ന ഭര്‍ത്താവിന്റെ GPS ഒന്നുംതന്നെ എന്റെ തലയില്‍ കേറിയില്ല.പക്ഷേ നടക്കാനുള്ള ദൂരമേയുള്ളൂ എന്ന് കേട്ടു.അതുകൊണ്ട് എന്നും വരുന്ന വഴിയിലൂടെ തന്നെ നടന്നു
ഒരു വളവു തിരിഞ്ഞ് മറ്റൊരു വഴിയില്‍ പോകണം എന്നറിയാം.. എന്റെ ഒരു ശിഷ്യന്റെ വീട് ആ വഴിയിലാണ്. മുമ്പ് അവന് സുഖമില്ലാതെ auto പിടിച്ചു വീട്ടില്‍ കൊണ്ടാക്കിയിട്ടുണ്ട്..
ആ വീടിന്റെ അടുത്തെത്തിയപ്പോള്‍ വെറുതെ ഒന്നു നോക്കി. അവനും അവന്റെ ഉമ്മയും എന്നെ കണ്ട സന്തോഷത്തില്‍ ഇറങ്ങി വന്നു. കാര്യം പറഞ്ഞ പ്പോള്‍ അവന്‍ എനിക്ക് തുണ വന്നു ..സ്ഥലം കാണിച്ചു തന്നു, അപ്പുറത്തെ വീട്ടില്‍ നിന്നും താക്കോല്‍ വാങ്ങി അംഗനവാടി തുറന്നു തന്നു.. മുകളിലത്തെ നിലയിലാണ് ക്‌ളാസ്.
TV ഓണ്‍ ചെയ്തു..
ആരും എത്തിയിട്ടില്ല.ആരെങ്കിലും വരുന്നതുവരെ അവന്‍ കൂട്ടു നില്ക്കാന്‍ തയ്യാറായിരുന്നു.. രാവിലത്തെ ഭക്ഷണം പോലും കഴിക്കാതെ വന്ന അവനെ, ഞാന്‍ സ്‌നേഹത്തോടെ തിരിച്ചയച്ചു.. എനിക്ക് വേണ്ടി അവന്‍ ഇത്രയും ചെയ്തു തന്നില്ലേ. ഞാന്‍ ധന്യയായി.. ഈ ഗുരുവിന് ആശ്വസിക്കാന്‍ ഇതൊക്കെ ത്തന്നെ പോരേ..
ഏകദേശം പത്തേമുക്കാലായപ്പോഴാണ് പടികള്‍ ചാടിക്കയറി നമ്മുടെ ഒന്നാംക്ലാസുകാരിയുടെ വരവ്..കൂടെ ബേജാറുപിടിച്ച ഉമ്മയും. രണ്ടാളും മാസ്‌ക് അണിഞ്ഞിട്ടില്ല.. എന്റെ കവചം കണ്ടപ്പോള്‍ മാത്രം, വന്ന ഓര്‍മ്മയില്‍ നിന്നും അവര്‍ ക്ഷമാപണം നടത്തി,തലയിലെ തട്ടം വലിച്ച് മൂക്ക് മറച്ചുകൊണ്ട്, വരാന്‍ വൈകിയത് മകള്‍ നേരത്തെ എണീക്കാന്‍ മടിക്കുന്നതുകൊണ്ടാണെന്നും പറഞ്ഞു.
നമ്മുടെ കഥാനായികയെ ഞാന്‍ അപ്പോഴാണ് കണ്ടത്. ഉറക്കം മുഴുവനും പോയിട്ടില്ലാന്ന് തോന്നും. കുളികഴിഞ്ഞ ലക്ഷണമില്ല..പല്ലുതേച്ച് മുഖം കഴുകി ഓടിച്ചു കൊണ്ടുവന്നപോലെയുണ്ട്.. പക്ഷേ പല്ലുകളൊന്നും കണ്ടില്ല..പണ്ട് പാലുകുടിക്കാത്തതുകൊണ്ടാണ് ഇങ്ങനെയായത് എന്ന് ഉമ്മ പറഞ്ഞു.അവള്‍ പ്രത്യേക രീതിയില്‍ ചുണ്ട് കൂട്ടി ചിരിച്ചു. അവള്‍ടെ വലത്തേ കയ്യില്‍ രണ്ടു വിരലുകള്‍ കൊണ്ട്ബാലന്‍സ് ചെയ്തു, പിടിച്ച പത്തുരൂപ... ക്‌ളാസില്‍ വരാന്‍ കൊടുത്ത കൈക്കൂലിയാവുമോ..?
കയ്യില്‍ നോട്ടുപുസ്തകമോ പെന്‍സിലോ ഒന്നും ഇല്ല..ഉമ്മ കസേരയില്‍ ഇരുന്നു അവളെയും അടുത്ത് പിടിച്ചിരുത്തി..അവള്‍ക്ക് TV യിലേക്ക് നോക്കണമെന്നേയില്ല..കാലുകള്‍ ആട്ടി കയ്യില്‍ പിടിച്ചു വച്ച പത്തുരൂപ കൊണ്ട് അഭ്യാസം നടത്തി,
ഇടയ്ക്ക് പുതുമുഖമായ എന്നെയും നോക്കി അവളങ്ങനെ ഇരിപ്പാണ്.. ഇടയ്ക്ക് ഉമ്മയോട് ബബിള്‍ഗം എന്നു പറയുന്നുണ്ട്.ഉമ്മ അതിന് ശാസിക്കുന്നുമുണ്ട്.
നമ്മുടെ online ടീച്ചര്‍ ഇവരെത്തും മുന്‌പേ മഴപ്പാട്ടൊക്കെ പാടിത്തകര്‍ത്തിരുന്നു 'വലിയ മഴയും വിമല കുട ചൂടിയ 'കാര്യവും പറഞ്ഞുകൊണ്ടേയിരിക്കുന്നു..
ഞാന്‍ നമ്മുടെ കക്ഷിയെ നോക്കി.അവള്‍ കയ്യില്‍ കരുതിയ പൈസയ്ക്ക് വാങ്ങേണ്ട കാര്യങ്ങളാണ്ഉമ്മയോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.
ഞാന്‍ വീണ്ടും TV യിലേക്ക് തിരിഞ്ഞു. ടീച്ചര്‍ വാക്കുകള്‍ മാത്രം പെറുക്കിയെടുത്ത് പരിചയപ്പെടുത്തുകയാണ്..flashcards ഒക്കെ വച്ച് 'പറയൂ ,പറയൂ .'.എന്ന് പറയുന്നു ..
ഉമ്മയും ഞാനും അവള്‍ക്ക് വേണ്ടി ടീച്ചറിനൊപ്പം കോറസ് ആയി വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു..
അവളോ ..അവളുടെ ബബിള്‍ഗത്തെ ക്കുറിച്ചും ..
ഉമ്മ അസ്വസ്ഥയായി എന്നെ നോക്കി.. 'വീട്ടിലും ഈചേല്ക്കാണ് ...അടങ്ങിയിരിക്കൂല..' അവള്‍ടെ ഉപ്പ കൊടുത്തതാണ് പൈസ..ഇനി വാങ്ങണവരെ ഇരിക്കാന്‍ കൂട്ടാക്കില്ല...'
അല്ലെങ്കിലും ഈ കുഞ്ഞിനെ എങ്ങനെയാണ് പിടിച്ചിരുത്താനാവുക? ഒരു ക്‌ളാസ് മുറിയില്‍ ആണെങ്കില്‍ ജീവസ്സോടെ അവള്‍ ആര്‍ത്തു വിളിച്ചേനെ .. ടീച്ചര്‍ പാടുമ്പോള്‍ കൂട്ടരോടൊപ്പം അറിയാതെ അവളുടെ ചുണ്ടുകള്‍ ചലിച്ചേനെ..
'ഇത് എപ്പോഴാ കഴിയ്യാ...?' അവള്‍ അക്ഷമയോടെ എഴുന്നേറ്റു...
,'ഇപ്പോ തീരും കേട്ടോ .. മോള്‍ ടീച്ചറുടെ കൂടെ പറയൂ ,അപ്പോള്‍ ടീച്ചര്‍ പഠിപ്പിക്കല്‍ നിറുത്തും.'ഞാന്‍ അവളെ സമാധാനിപ്പിച്ചു.
ബാഗിലെ പുസ്തകത്തില്‍ നിന്ന് ഒരു പേപ്പര്‍ കീറി , സ്‌ക്രീനില്‍ കണ്ട വാക്കുകള്‍ എഴുതി. ഉമ്മയുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് അവള്‍ക്ക് ഇഷ്ടമുള്ള സമയത്ത് പറഞ്ഞുകൊടുക്കാന്‍ പറഞ്ഞു..
ഇത്രയും നേരം ക്ഷമയോടെ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന വിക്ടേഴ്‌സ് ടീച്ചറിനോടുള്ള അനുഭാവമോ ,അതോ എന്റെയുള്ളിലെ അധ്യാപിക സടകുടഞ്ഞ് എണീറ്റതോ... അറിയില്ല.
നമ്മുടെ പഠിത്തക്കാരി, ക്ഷമയുടെ നെല്ലിപ്പലക കണ്ടു കഴിഞ്ഞിരുന്നൂന്ന് തോന്ന്ണൂ.
എന്നെയും ഉമ്മയേയും മാറി മാറി നോക്കി ക്കൊണ്ട് TV യിലെ ടീച്ചറിനോട് , സഹികെട്ട് ഉറക്കെ അവള്‍ ചോദിച്ചു..'ഇങ്ങനെ പറഞ്ഞതന്നെ പറഞ്ഞണ്ട് കുത്തിരിക്ക്യാ...' ആ ചോദ്യവും ഭാവവും ..ഞാന്‍
ചിരിച്ച് പോയി..ആ പാവം ടീച്ചര്‍ അത് കേട്ടിരുന്നേല്‍.?(പകച്ചുപോയേനെ......)
ഏതായാലുംഅവളുടെ പറച്ചിലു കേട്ട പോലെ ടീച്ചര്‍ ക്‌ളാസ് മതിയാക്കിയിരുന്നു.. ക്‌ളാസ് കഴിഞ്ഞ ആഹ്‌ളാദത്തില്‍ ചാടിയെണീറ്റ അവള്‍ക്ക് ഞാനൊരു 'മിന്നാമിന്നി 'പുസ്തകം കൊടുത്തു വീട്ടില്‍ ചെന്ന് കളര്‍ ചെയ്യണേ എന്നുപറഞ്ഞപ്പോള്‍ 'നാളെ വരുമ്പോഴും തരുമോ 'എന്ന് ചോദിച്ച് എനിക്ക് ബൈ പറഞ്ഞു അവള്‍ ചാടിത്തുള്ളി പുറത്തേക്ക് ഇറങ്ങി..അവളുടെ കയ്യില്‍ അപ്പോഴും കണ്ടു.,മുറുകെപ്പിടിച്ച പത്തുരൂപ...
ആ മനസ്സില്‍ അവള്‍ കുഞ്ഞിക്കൈയ്യില്‍ നിറയ്ക്കാന്‍ പോകുന്ന മധുരവും.
പക്ഷേ ,കുഞ്ഞേ, നീയറിയുന്നില്ലല്ലോ......
ഈ ദുരിതനാളുകള്‍ നിന്നില്‍ നിന്നും തട്ടിയെറിഞ്ഞത് ,പാട്ടും കളികളും കൂട്ടുകാരുമൊത്തുള്ള,നിന്റെ കുഞ്ഞിക്കൈയ് കൊണ്ട് കോരിയെടുത്താലും തീരാത്ത ബാല്യത്തിന്റെ മധുരം ആണെന്ന്..
Content Highlights: Sasimangala Santhosh Facebook Post on Online Education and MIssing Classroom Activities of Choldren