ദാര്‍ശനികനായ നവഭാരതശില്പി: അധ്യാപകന്‍ മാത്രമല്ല ഡോ.എസ്. രാധാകൃഷ്ണന്‍


ഷാജു പുതൂര്‍

2 min read
Read later
Print
Share

കഠിനാധ്വാനവും സ്ഥിരോത്സാഹവും വായനയും വിനയവുമായിരുന്നു അദ്ദേഹം ആര്‍ജിച്ച സിദ്ധികള്‍

ഭാരതം ലോകത്തിന് സംഭാവനചെയ്ത അതുല്യപ്രതിഭാശാലിയായ ഗുരുനാഥനായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്‍ (1888-1975). ക്ലേശകരമായ ചുറ്റുപാടില്‍ വളര്‍ന്നുവന്ന് വിദ്യാഭ്യാസലബ്ധികൊണ്ട് സമൂഹത്തില്‍ അദ്ദേഹം ഉന്നതസ്ഥാനങ്ങളിലെത്തി. കഠിനാധ്വാനവും സ്ഥിരോത്സാഹവും വായനയും വിനയവുമായിരുന്നു അദ്ദേഹം ആര്‍ജിച്ച സിദ്ധികള്‍. താന്‍ നേടിയ വിജ്ഞാനം മറ്റുള്ളവര്‍ക്ക് സൗജന്യ ട്യൂഷന്‍ നല്‍കിയുംമറ്റും പകര്‍ന്നുകൊടുക്കുന്നതില്‍ നിര്‍വൃതി അനുഭവിച്ച, അധ്യാപകരുടെ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം.

ദാര്‍ശനികന്‍, രാഷ്ട്രതന്ത്രജ്ഞന്‍, വിദ്യാഭ്യാസവിചക്ഷണന്‍, ഭരണാധികാരി, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ ബഹുമുഖ മേഖലയില്‍ വ്യാപരിച്ച അപൂര്‍വവ്യക്തികൂടിയാണ് അദ്ദേഹം. രാജ്യത്തിനകത്തും പുറത്തുമായി അദ്ദേഹത്തിന്റെ ധൈഷണികതയെ ആദരിച്ച് സൗഹൃദം പുലര്‍ത്തിയ ഉന്നതവ്യക്തിത്വങ്ങള്‍ ഒട്ടേറെയാണ്. 'ഭാരതരത്‌നം' ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

വിദ്യാഭ്യാസരംഗത്തെ ഡോ. എസ്. രാധാകൃഷ്ണന്റെ നിരീക്ഷണങ്ങളും വീക്ഷണങ്ങളും അദ്ദേഹത്തെ നവഭാരതശില്പികളില്‍ പ്രമുഖനാക്കുന്നു. പഠനമാധ്യമം മാതൃഭാഷയാവണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. പഠനകാലഘട്ടത്തില്‍ ഗ്രാമപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധസംഘം രൂപവത്കരിക്കണമെന്ന നിര്‍ദേശംവെച്ച് അത് പ്രാവര്‍ത്തികമാക്കി.

(ഇന്ന് വിദ്യാഭ്യാസമേഖലയില്‍ സാര്‍വത്രികമായ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പൂര്‍വരൂപമാണ് അന്നദ്ദേഹം മനസ്സില്‍ക്കണ്ട് യാഥാര്‍ഥ്യമാക്കിയത്). വിദ്യാഭ്യാസം സര്‍ക്കാരില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും സ്വതന്ത്രമായി നിലനില്‍ക്കണമെന്ന വീക്ഷണമാണ് അദ്ദേഹം പുലര്‍ത്തിയത്. ഈ കാര്‍ക്കശ്യമനോഭാവത്തോട് പലര്‍ക്കും വിയോജിപ്പുമുണ്ടായിരുന്നു. സര്‍വകലാശാലാ വൈസ് ചാന്‍സലറായിരിക്കുമ്പോള്‍ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമത്തിനുമായാണ് അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്കാലത്തുണ്ടായിരുന്ന ജാതി-മത വിവേചനങ്ങള്‍ക്കെതിരേ എടുത്ത കര്‍ശനനിലപാടിനെ ബ്രിട്ടീഷ് ഭരണകൂടമടക്കം അംഗീകരിച്ചു.

പാശ്ചാത്യവും പൗരസ്ത്യവുമായ ദാര്‍ശനികചിന്തകളുടെയും തത്ത്വശാസ്ത്രങ്ങളുടെയും താരതമ്യപഠനംചെയ്ത് സ്വന്തമായൊരു ചിന്താസരണി അദ്ദേഹം വെട്ടിത്തുറന്നു. മതങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അകല്‍ച്ചയും കലഹവും അദ്ദേഹം അംഗീകരിച്ചില്ല. അതിനൊരു അറുതിവരുത്താനാണ് അദ്ദേഹം പ്രഭാഷണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും യത്‌നിച്ചത്.

സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസപരിഷ്‌കരണകമ്മിഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ്. അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പരാമര്‍ശിക്കാതെ ഇന്നും ഈ മേഖലയിലൂടെ കടന്നുപോകാന്‍ കഴിയില്ല. വിദ്യാഭ്യാസചരിത്രത്തിലെ നാഴികക്കല്ലായ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മാനവികതയ്ക്ക് പ്രാധാന്യംനല്‍കി, പൗരസ്ത്യമൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് നമുക്കനിവാര്യമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുരോഗതിയോട് മുഖം തിരിച്ചുനില്‍ക്കാതെ, അന്ധകാരത്തില്‍ കഴിയുന്ന തന്റെ ജനതയുടെ മോചനമാണ് അദ്ദേഹം സ്വപ്നംകണ്ടത്.

വിദ്യാഭ്യാസം, മാനവികത, സ്വാതന്ത്ര്യം, ദേശീയബോധം, ലോകസമാധാനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി പ്രഭാഷണങ്ങള്‍ നടത്തി. ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ച പ്രഭാഷണങ്ങളിലൂടെ അനേകായിരങ്ങളുടെ ബൗദ്ധികതയെ അദ്ദേഹം സ്വാധീനിച്ചു.

ഭരണാധികാരിയായിരിക്കുമ്പോള്‍ അദ്ദേഹം റഷ്യയില്‍വെച്ച് സ്റ്റാലിനുമായി നടത്തിയ അഭിമുഖവും ചൈനയില്‍വെച്ച് മാവോസേതുങ്ങുമായി നടത്തിയ കൂടിക്കാഴ്ചയും ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്!

നാല്പതിലധികം ദാര്‍ശനികകൃതികള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയാണ് 'എന്റെ സത്യാന്വേഷണം' (My Search for Truth). ഇന്ത്യന്‍തത്ത്വശാസ്ത്രം, ആദര്‍ശാത്മകവീക്ഷണം, കിഴക്കും പടിഞ്ഞാറും, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഭഗവദ്ഗീതയ്ക്കും ഉപനിഷത്തുകള്‍ക്കും അദ്ദേഹം ഭാഷ്യംരചിച്ചു.

ആര്‍ഷഭാരതസംസ്‌കാരത്തെയും ഭാരതീയദാര്‍ശനികതയെയുംകുറിച്ച് സ്വാമി വിവേകാനന്ദനുശേഷം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത ഈ മനീഷി തെളിയിച്ച പ്രകാശം ഭാവിതലമുറയ്ക്ക് പകര്‍ന്നുകൊടുക്കലാണ് അധ്യാപകരുടെ ഇന്നത്തെ കര്‍മജീവിതലക്ഷ്യം.

(പുനഃപ്രസിദ്ധീകരണം)

Content Highlights: Role of Dr S Radhakrishnan in developing modern education system in India

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram