-
സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനം സ്വകാര്യ സ്‌കൂളുകളേക്കാള്‍ മോശമാണെന്നൊരു ധാരണ സമൂഹത്തിലാകെയുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ വരവോടെ ആ മിഥ്യാധാരണയെല്ലാം മാറി. വിക്ടേഴ്‌സ് ചാനലിലൂടെയും യൂട്യൂബിലൂടെയുമെല്ലാം അധ്യാപകര്‍ നടത്തുന്ന ക്ലാസ്സുകള്‍ കുട്ടികള്‍ മാത്രമല്ല രക്ഷകര്‍ത്താക്കളും വലിയ താല്‍പര്യത്തോടെയാണിപ്പോള്‍ കേള്‍ക്കുന്നത്. കുട്ടികള്‍ പഠിക്കുന്ന പല കവിതകളും തങ്ങള്‍ക്ക് മനപ്പാഠമായെന്ന് പറയുന്ന രക്ഷിതാക്കളാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം.
ഓണ്‍ലൈന്‍ ക്ലാസ്സിന് പുറമേ അതത് പാഠങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വാട്സ്ആപ്പ് വഴി അധ്യാപകര്‍ കുട്ടികള്‍ക്ക് നല്‍കാറുമുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെങ്ങനെയെന്നടക്കമുള്ള നിര്‍ദേശങ്ങളും അവര്‍ക്ക് നല്‍കുന്നുണ്ട്. അവരുടെ പ്രിയപ്പെട്ട ക്ലാസ്സ് ടീച്ചര്‍മാരില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കേട്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കുട്ടികള്‍ക്ക് ഏറെ ആവേശമാണുള്ളത്. നിര്‍ദേശങ്ങള്‍ക്ക് പുറമേ ഓരോ പ്രവര്‍ത്തനങ്ങളുടെയും മാതൃകകളും കുട്ടികള്‍ക്ക് അയച്ച് കൊടുക്കാറുണ്ട്. സ്മാര്‍ട്ട്ഫോണില്ലാത്ത കുട്ടികളേയും കൂടി ഉള്‍പ്പെടുത്തിയാണ് ക്ലാസ്സുകളെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനായി നാട്ടിലെ പ്രാദേശിക കേന്ദ്രങ്ങളിലൊരുക്കിയ സംവിധാനങ്ങള്‍ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നുണ്ട്.
ഈയിടെ കുട്ടികള്‍ ഇങ്ങനെ തയ്യാറാക്കിയ നോട്ടുബുക്കുകള്‍ പരിശോധിക്കാനായി രക്ഷകര്‍ത്താക്കള്‍ സ്‌കൂളിലെത്തിച്ചിരുന്നു. ഓരോ ക്ലാസ്സുകാര്‍ക്കും നിശ്ചിത സമയം നല്‍കി, സാമൂഹിക അകലം പാലിച്ചാണ് ഈ പരിശോധന നടത്തിയത്. കുട്ടികള്‍ എത്രത്തോളം താത്പര്യത്തോടെയാണ് നോട്ടുകള്‍ തയ്യാറാക്കുന്നതെന്ന് ആ ബുക്കുകളില്‍ നിന്ന് മനസ്സിലാക്കാം. കുട്ടികള്‍ നേരിട്ട് അധ്യാപകരെ കാണുന്നില്ലെങ്കിലും ഓഡിയോയിലൂടെയും ഫോണ്‍ വിളികളിലൂടെയുമെല്ലാം അവര്‍ നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.
രണ്ടാം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തിലെ വീടുകളെക്കുറിച്ചുള്ള പാഠഭാഗം ഓണ്‍ലൈനില്‍ പഠിപ്പിച്ചപ്പോള്‍ ആ ക്ലാസ്സ് നമ്മുടെ സ്‌കൂളില്‍ വെച്ചാണോ ചിത്രീകരിച്ചതെന്ന് പല കുട്ടികളും ചോദിച്ചു. കാരണം അത്തരം സാധനങ്ങള്‍ സ്‌കൂളിലുള്ളത് കുട്ടികള്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഈ ക്ലാസ്സുകള്‍ കാണുമ്പോള്‍ അപരിചിതത്വം തോന്നാറില്ല.
ഒന്നാം ക്ലാസ്സിലും രണ്ടിലുമെല്ലാം പഠിക്കുന്ന കുട്ടികളുടെ ഇളയ സഹോദരങ്ങളും വിക്ടേഴ്‌സ് ക്ലാസ്സ് കാണുന്നുണ്ട്. മൂത്തവരുടെ ക്ലാസ്സുകള്‍ അവരും കാണും. ചിലപ്പോഴൊക്കെ മൂത്തവര്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തുന്നത് ഇളയവരാണെന്ന് മാതാപിതാക്കള്‍ പറയാറുണ്ട്.
(പുനലൂര്‍ തൊളിക്കോട് ഗവ. എല്‍.പി. സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് ലേഖകന്‍)
Content Highlights: People realised the quality of public education through online classes