ഷാഫി മാഷ്
ഏഴാം ക്ലാസിന് ശേഷം ഷാഫി മാഷിനെ ഓര്‍ക്കാത്ത ഒരു അധ്യാപകദിനം പോലും എനിക്ക് മുന്നിലൂടെ കടന്നു പോയിട്ടില്ല. വെള്ള ഹവായി ചെരുപ്പിട്ട് മുണ്ടും മടക്കിക്കുത്തി സ്‌കൂളിലേക്ക് നടന്നു വരുന്ന മാഷിനെ കാത്തിരുന്ന പോലെ ഒരു അധ്യാപകന് വേണ്ടിയും ഒരു കുട്ടിയും നീലേശ്വരം സ്‌കൂളില്‍ കാത്ത് നിന്നിട്ടുണ്ടാവില്ല.
എപ്പോഴും കൈയിലൊരു ഡയറിയുണ്ടാവും. ആ ഡയറിയാണ് മാഷിന്റെ ഓര്‍മ്മയുടെ പുസ്തകം. വരുന്ന വഴിക്കും സ്‌കൂള്‍ സമയത്തുമെല്ലാം ഡയറി കൈയിലുണ്ടാവും. പുതുതായി മാഷിന് കിട്ടുന്നതെന്തും ആ ഡയറിയിലാണുണ്ടാവുക. അത് ചിലപ്പോ അന്നേ ദിവസം പത്രത്തില്‍വന്ന രണ്ട് കോളം വാര്‍ത്തയാവാം, ഓര്‍മ്മയാവാം, കഥകളും കവിതകളുമാവാം. എന്തുമായിക്കോട്ടെ, അതെല്ലാം ഞങ്ങള്‍ക്കുള്ള ഓരോ വിശേഷങ്ങളാണ്.
ഷാഫി മാഷ് മലയാളമാണ് പഠിപ്പിക്കുന്നത്. പക്ഷേ സയന്‍സും ഇംഗ്ലീഷും കണക്കും പൊതുവിജ്ഞാനവുമെല്ലാം ഇടക്കിടെ കയറിവരും. ഒരു കുട്ടിപോലും പക്ഷെ ആ ക്ലാസില്‍ ശ്രദ്ധിക്കാതിരുന്നത് കണ്ടിട്ടില്ല. വല്ലാണ്ട് ചിരിക്കില്ല... പക്ഷെ ചിരിപ്പിക്കും. കുട്ടികളുടെ നിര്‍ത്താത്ത ചിരികേട്ടാലറിയാം ആ ക്ലാസില്‍ ഷാഫിമാഷാണെന്ന്. ചിരികളുടെ അവസാനം ചിന്തകളുടെ നൂലറ്റം കാണാം. ആ അറ്റം പിടിച്ചാണ് അന്ന് വീട്ടിലേക്കുള്ള മടക്കം.
ഓരോ കുട്ടിയും ഓരോ നിധിയാണെന്നും അവര്‍ക്കോരുരുത്തര്‍ക്കും ഓരോ കഴിവാണെന്നും മനസിലാക്കി മാത്രം മുന്നോട്ട് പോയ ക്ലാസുകളായിരുന്നു അവയോരോന്നുമെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷഭേദം കാണിച്ചിട്ടില്ല. ആ ക്ലാസില്‍ പഠിക്കുന്നവനും പഠിക്കാത്തവനുമില്ല. എല്ലാവരും തുല്യര്‍. എത്രയെത്ര കഥകളാണ് ഞങ്ങളങ്ങനെ കേട്ടിരുന്നത്. എത്രയെത്ര ചാര്‍ട്ട് പേപ്പറുകളാണ് ഓരോ കഥകളും ചരിത്രവുമായി ക്ലാസിലെ ചുമരില്‍ നിറഞ്ഞത്... എത്ര അറിവുകളും ശീലങ്ങളുമാണ് ആ ക്ലാസില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയത്. കണക്കില്ല മാഷേ...
ഒരു കുട്ടിയെ സ്വാധീനിക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് എത്രമാത്രമാണെന്ന് പറയേണ്ടതില്ലല്ലോ. വേദനിപ്പിച്ച, അല്‍പം വിഷമത്തോടും രോഷത്തോടും മാത്രം ഓര്‍ക്കുന്ന മുഖങ്ങള്‍ മുതല്‍ ഇനി ഒരിക്കലും കാണരുതേ എന്ന് പോലും ആഗ്രഹിച്ച അധ്യാപകരുടെ ഒരു നീണ്ട ലിസ്റ്റ് എല്ലാര്‍ക്കുമുണ്ടാകും. പക്ഷേ ഷാഫി മാഷേ ആ ലിസ്റ്റില്‍ താങ്കളില്ല. എന്റയെന്നല്ല ആരുടെ ലിസ്റ്റിലും ഉണ്ടാവാനും വഴിയില്ല.
പറഞ്ഞു തന്നതെല്ലാം പ്രാവര്‍ത്തികമാക്കാനായിട്ടില്ലെങ്കിലും കൂടെയുള്ള നന്മകളില്‍ ഏറെയും അന്നത്തെ ആ ഏഴാം ക്ലാസില്‍ നിന്ന് ഒപ്പം കൂടിയവയാണ്. അവ മുറുക്കിപ്പിടിക്കുമ്പോഴൊക്കെയും മാഷിന്റെ മുഖമോര്‍ക്കാറുണ്ട്. എഴുത്തും വായനയും ചിരിയും ചിന്തയും നിറഞ്ഞ ആ മലയാളം ക്ലാസും. ഒന്നു കൂടി പറയട്ടെ, അത്രയേറെ ആസ്വദിച്ച, സന്തോഷിച്ച മറ്റൊരു ക്ലാസ് പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. അത്രയേറെ സ്വാധീനിച്ച മറ്റൊരധ്യാപകനും...
Content Highlights: memoir of a student on teachers' day, Teachers' Day 2020