Representational Image | Image Credit: freepik.com
ഗൂഗിള്‍ മീറ്റില്‍ വളരെ ഗൗരവമായി ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിച്ചതിന് പിന്നാലെ ചില ചോദ്യങ്ങള്‍ കുട്ടികളോട് ചോദിച്ചു. ഓരോരുത്തരായി ഉത്തരം പറഞ്ഞതിനിടെ വ്യത്യതമായ ഒരു ശബ്ദം കേട്ടു. അതാരെന്നു ചോദിച്ചപ്പോഴാണ് അറിയുന്നത്, ഉത്തരം പറഞ്ഞത് കുട്ടിയുടെ പിതാവാണെന്ന്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ മാത്രം നടക്കുന്ന രസകരമായ ചില അനുഭവങ്ങളാണിത്. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന പല അധ്യാപകരും സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കാറുണ്ട്.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. ആദ്യം ഒരുപാട് വെല്ലുവിളികളാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരിടേണ്ടി വന്നത്. നിരന്തരം ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടിരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. മുന്നോട്ടുള്ള ദിവസങ്ങളില്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. 60 കുട്ടികളുള്ള ക്ലാസ്സില്‍ നിന്ന് 55 പേരൊക്കെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ തുടങ്ങി. പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് നോട്ട്സ് അയച്ചുകൊടുക്കുകയും വാട്സ്ആപ്പ് വഴി സംശയങ്ങള്‍ ദൂരീകരിക്കുകയുമെല്ലാം ചെയ്തു.
പക്ഷേ ഇങ്ങനെ ക്ലാസ്സില്‍ ഹാജരാകുന്ന കുട്ടികളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ തുടക്കം മുതല്‍ അവസാനം വരെ ക്ലാസ്സിലിരിക്കുന്നുള്ളുവെന്ന് പിന്നീട് മനസ്സിലായി. ഗൂഗിള്‍ മീറ്റിലെ ക്ലാസ്സില്‍ സൈന്‍ ഇന്‍ ചെയ്ത് വീഡിയോയും ഓഡിയോയും ഓഫ് ചെയ്തിരിക്കുന്നതല്ലാതെ പലരും കാര്യമായി ക്ലാസ്സുകള്‍ ശ്രദ്ധിക്കുന്നില്ല. ചാറ്റ് ബോക്സില്‍ വന്ന് ഹാജര്‍ വെക്കുന്നതല്ലാതെ ക്ലാസ്സുകള്‍ കേട്ടിരിക്കാന്‍ പലരും മുതിരുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞു.
സാധാരണ ക്ലാസ്സിലാണെങ്കില്‍ ശ്രദ്ധിക്കാത്തവരേയും ഉറക്കം തൂങ്ങുന്നവരേയുമെല്ലാം പെട്ടെന്ന് കണ്ടെത്താം. അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇംപോസിഷന്‍ കൊടുക്കുകയുമൊക്കെ ചെയ്യാം. പക്ഷേ ഓണ്‍ലൈന്‍ ക്ലാസ്സിലാകുമ്പോള്‍ മറുതലയ്ക്കല്‍ കുട്ടികളുണ്ടെന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ് പാഠങ്ങള്‍ പഠിപ്പിക്കുന്നത്. കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ മാത്രമേ കഴിയൂ. അവര്‍ അത് ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ യാതൊരു മാര്‍ഗവുമില്ല. രണ്ട് മണിക്കൂര്‍ മൂന്നുമണിക്കൂര്‍ ക്ലാസ്സുകളില്‍ ഇരിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്കായി റെക്കോഡ് ചെയ്ത ക്ലാസ്സുകളും നോട്സുമെല്ലാം ഷെയര്‍ ചെയ്യുന്നുമുണ്ട്.
ഓരോ കുട്ടിയുടേയും പഠന നിലവാരം വ്യത്യസ്തമാണ്. ചിലര്‍ നന്നായി പഠിക്കുന്നവരാകാം. ചിലര്‍ ശരാശരിയാകാം, ചിലര്‍ അതിനും താഴെയാകാം. പക്ഷേ ഓണ്‍ലൈന്‍ ക്ലാസ്സില്‍ നമ്മള്‍ എന്തെങ്കിലും അസൈന്‍മെന്റുകള്‍ കൊടുക്കുകയാണെങ്കില്‍ എല്ലാവരും അത് കൃത്യമായി സമര്‍പ്പിക്കും. നല്ല ഭാഷയില്‍ മികച്ച രീതിയിലായിരിക്കും ഓരോ ഉത്തരങ്ങളും. പക്ഷേ ശരിക്ക് പരിശോധിക്കുമ്പോഴാകും അവര്‍ ഗൂഗിളില്‍ നിന്നോ മറ്റ് വൈബ്സൈറ്റുകളില്‍ നിന്നോ കോപ്പിയടിച്ച് എഴുതുന്നതാണ് അതൊക്കെയെന്ന് മനസ്സിലാകുക. ക്ലാസ്സ്മുറികളിലെ പഠത്തിന് ഒരിക്കലും പകരമാകില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. വിശ്വാസം അതല്ലേ എല്ലാം എന്ന രീതിയില്‍ കുട്ടികള്‍ എല്ലാം പഠിക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.
(കൊല്ലം ശ്രീനാരായണ വനിതാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
Content Highlights: College Professor Aswathi Shares Online Teaching Experience