Image Credit: Mathrubhumi Archives
'മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍' എന്ന കവി വാക്യം കേരളത്തിലെ അധ്യയന മേഖലയ്ക്ക് വേണ്ടി അല്പം മാറ്റിയെഴുതാമെന്ന് തോന്നുന്നു. ചോക്കും ബുക്കുമായി നടന്നവരെല്ലാം വളരെ പെട്ടെന്ന് തന്നെ ടെക്കികളായി മാറുന്ന കാഴ്ച. തങ്ങളിതെന്തൊക്കെയാണ് ചെയ്യുന്നതെന്ന് പൂര്‍ണ്ണമായും അറിയാതെ കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഗൂഗിള്‍ മീറ്റും ക്ലാസ്‌റൂമും പോലെയുള്ള 'ആപ്പു'കള്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു , പി.ഡി.എഫ് നോട്ട് ഉണ്ടാക്കാന്‍ പഠിക്കുന്നു , ഗൂഗിള്‍ ഫോം എക്‌സാം, അസൈന്‍മെന്റ്... ഹൊ എന്തൊക്കെ ബഹളമാണ്.
അങ്ങനെ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ആദ്യ ദിനം. കഴിഞ്ഞ കൊല്ലം പഠിപ്പിച്ച കുട്ടികളൊന്നുമല്ല. പുതിയ ക്ലാസ്സ്, പുതിയ കുട്ടികള്‍. എല്ലാവിധ ഓണ്‍ലൈന്‍ പരിപാടികളും നമ്മളേക്കാള്‍ നന്നായി അറിയുന്ന കൗമാരക്കാര്‍. നമ്മള്‍ മോശമാകരുതല്ലോ എന്ന മുന്‍ധാരണയിലാണ് സംസാരിച്ചു തുടങ്ങുന്നതുതന്നെ. കഴിഞ്ഞ കുറേ വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്തു തഴക്കം വന്നപോലെ നിര്‍ദ്ദേശങ്ങള്‍ നല്കി. മൈക്കൊക്കെ മ്യൂട്ട് ചെയ്യണം, ക്യാമറ ഓണ്‍ ചെയ്യാത്തവരെയെല്ലാം റിമൂവ് ചെയ്യും അറ്റന്‍ഡന്‍സ് തരില്ല.. അങ്ങനെയങ്ങനെ കുറേ വായ്ത്താരികള്‍. അതെ, തികച്ചും ഏകാധിപത്യപരമായ ഫാഷിസ്റ്റ് അധ്യാപനം തന്നെ. ചര്‍ച്ചകള്‍ക്കോ മറ്റൊന്നിനും ഓണ്‍ലൈന്‍ ക്ലാസ്സില്‍ അവസരമില്ലല്ലോ. ഇങ്ങനെയെങ്കിലും നമ്മള്‍ ചലനാത്മകമാണല്ലോ എന്ന ആശ്വാസം മാത്രം.
ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞു കാണും. ഉച്ചക്കത്തെ പിരിയഡിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പ് വാട്‌സ്ആപ്പില്‍ വോയ്‌സ് മെസേജും കുറച്ചു ഫോട്ടോസും. 'മിസ്സ്, മിസ്സിനെന്നെ പരിചയമുണ്ടാകില്ല. ഫസ്റ്റ് ഇയറില്‍ ഞങ്ങള്‍ക്ക് വേറെ മിസ്സായിരുന്നു ഇംഗ്ലീഷ് എടുത്തത്. എനിക്കൊരു പ്രശ്‌നം പറയാനുണ്ട്'. ഓണ്‍ലൈന്‍ ക്ലാസ്സില്‍ ക്യാമറ ഓണ്‍ ചെയ്യാനോ എന്തെങ്കിലും ചോദിക്കുമ്പോള്‍ മറുപടിയോ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്. എനിക്കത് പറ്റില്ല'. കൂടെ ഡിസ്‌പ്ലേ പോയ ടി.വിയും തകര്‍ന്ന സ്വിച്ച് ബോര്‍ഡും അങ്ങനെ കുറച്ചു ഫോട്ടോസും .
'മിസ്സേ ഇതാണ് വീട്ടിലെ അവസ്ഥ. ഇതൊക്കെ അപ്പന്‍ കള്ളുകുടിച്ച് വന്ന് പൊട്ടിച്ചതാണ്. ചെറിയ വീടാണ്. അപ്പനാണെങ്കില്‍ എപ്പോഴും വീട്ടിലുണ്ട്. ഒരു വെളിവും ഇല്ല. ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാണെന്ന് പറഞ്ഞാലൊന്നും മനസ്സിലാകില്ല. ക്ലാസ്സെടുക്കുന്ന ശബ്ദം കേട്ട് ഇവിടിരുന്ന് തോന്നിയതൊക്കെ പറയും'. അവന്‍ വോയ്‌സ് മെസേജ് തുടര്‍ന്നു കൊണ്ടേ ഇരുന്നു. ' ഇത്തരം അവസ്ഥയൊക്കെ ക്ലാസ് മൊത്തമറിഞ്ഞാല്‍ .... എനിക്ക് വയ്യ. ഞാനെന്താ ചെയ്യേണ്ടത്. മിസ്സ് പറ '
കോളേജ് പഠനകാലം കുട്ടികളെ സംബന്ധിച്ച് ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റേതുമാണെന്ന് പൊതുവേ പറയാറുണ്ട്. മറ്റുചിലര്‍ക്ക് അരക്ഷിതവും നിസ്സഹായവുമായ ജീവിത സാഹചര്യത്തില്‍ നിന്നുള്ള ആശ്വാസമാണെന്ന് തിരിച്ചറിയുകയായിരുന്നു ഞാന്‍. ഞാന്‍ ആ നമ്പറിലേക്ക് വിളിച്ചു.
' ക്ലാസ്സെടുക്കുമ്പോള്‍ അധ്യാപകരുടെ ശബ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ ഒരു ഹെഡ്‌സെറ്റ് സംഘടിപ്പിക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ അവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുറത്തെവിടെയെങ്കിലും ഇരിക്കൂ. ഞാനെന്തായാലും തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ല , അത്തരം ഒരു കാര്യവും ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നുമില്ല. '
' എന്റെ മിസ്സേ ചേട്ടനും ഓണ്‍ലൈന്‍ ക്ലാസ്സുണ്ട്. ഉള്ള ഒരു ഹെഡ്‌സെറ്റ് അവനെടുത്തു. പിന്നെ അവന്റെ ഡേറ്റ ടെതര്‍ ചെയ്താണ് ഞാന്‍ ക്ലാസ്സ് കേള്‍ക്കുന്നത്. ഇടയ്ക്ക് ഒരുദിവസം ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്ന് കേട്ടു. മിസ്സന്ന് ചോദിച്ചില്ലേ? എന്താ രണ്ടാള്‍ എന്ന്? പക്ഷേ ഇപ്പോ അവിടെ പോകാന്‍ പറ്റില്ല. അവിടടുത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തു. അമ്മക്ക് ഭയങ്കര പേടിയാണ്. പുറത്തേക്ക് വിടുന്നില്ല. ആകെ ദിവസക്കൂലി ഉള്ളത് അമ്മക്ക് മാത്രമാണ്. അതും ഇപ്പോള്‍ കുറവാണ് '
അവന്‍ പറഞ്ഞതില്‍ എത്ര യാഥാര്‍ഥ്യമുണ്ടെന്ന് ചികയുന്നതിലര്‍ഥമില്ലെന്ന് തോന്നി. ഓണ്‍ലൈന്‍ ക്ലാസുകളുടെ ട്രോളുകളില്‍ കാണുന്ന പോലെ ചിലരും ഉണ്ടാകാം. എനിക്കറിയില്ല. പക്ഷെ ഇവിടെ അവന്റെ ശബ്ദത്തില്‍ ആ വേദനയും നിസ്സഹായവസ്ഥയും തളംകെട്ടിനിന്നിരുന്നു. ഇത് പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലൊന്ന് മാത്രം. 'ഞാന്‍ ക്ലാസ്സ് കേള്‍ക്കുന്നുണ്ട് മിസ്സ്. എനിക്ക് കേള്‍ക്കണം. വേറൊന്നും എന്നോട് പറയരുത്'
അവനെപ്പോലെ പിന്നെയും കുറേപ്പേരുണ്ടെന്ന് പോകെ പോകെ അറിഞ്ഞു. ജീവിതം ഒരു ചോദ്യ ചിഹ്നമാകുമ്പോള്‍ ജോലിക്കിറങ്ങിയവര്‍, കടയിലെ ജോലിക്കിടയില്‍ അല്പനേരം മാറിനിന്ന് ക്ലാസ് കേള്‍ക്കുന്നവര്‍, ചെവിയില്‍ ഹെഡ്‌സെറ്റില്‍ ക്ലാസ് കേള്‍ക്കുകയും ഒപ്പം കസ്റ്റമറെ സ്വീകരിക്കുകയും ചെയ്യുന്നവര്‍. പഠനം ഓണ്‍ലൈന്‍ ആകുമ്പോള്‍ ജോലിയും പഠനവും ഒരേ സമയം ചെയ്യുന്ന നൂറുകണക്കിന് കുട്ടികള്‍. അതിജീവനം എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്നവര്‍.
ഒരു സ്‌ക്രീനിന്റെ അകലത്തിനപ്പുറം അവരെയും ഞങ്ങള്‍ ചേര്‍ത്തു പിടിക്കുന്നു. അധ്യയനം, കൂട്ടുകൂടല്‍ ഇതെല്ലാം അനിവാര്യതയാകുന്നു. നഷ്ടമാകുന്ന സാമൂഹ്യ ജീവിതം അല്പമെങ്കിലും യാഥാര്‍ത്ഥ്യമാകുന്നത് ഇത്തരം ക്ലാസ്സുകളിലാണ്. പ്രിയപ്പെട്ട കുട്ടികളെ, ഞാന്‍ ഉള്‍പ്പെടെ നമ്മുടെ അധ്യാപകരൊന്നടങ്കം നിങ്ങള്‍ക്കൊപ്പമുണ്ട്. പതുക്കെയെങ്കിലും നമ്മളൊരുമിച്ചാണ് ഈ തോണി തുഴയുന്നത്, മുന്നോട്ടു തന്നെ. മുഖാമുഖം കഥയും കവിതയും ചര്‍ച്ചകളുമൊക്കെയായി കൈയകലത്തില്‍ നമ്മളിനിയും ഒരു ക്ലാസ്മുറിയില്‍ ഒന്നിക്കും.
(തൃശ്ശൂര്‍ കോ-ഓപ്പറേറ്റിവ് കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തില്‍ അധ്യാപികയാണ് ലേഖിക)
Content Highlights: College Lecturer shares online teaching experince, Teachers' Day 2020