പ്രതീകാത്മക ചിത്രം | Pic Credit: Getty Images
അധ്യാപകദിനത്തില്‍ നാലാം ക്ലാസുകാരിയായ മകളുടെ സ്‌കൂള്‍ ഗ്രൂപ്പില്‍ നിന്നും ഒരു മെസേജ് വന്നു. ഒരു ഓര്‍മക്കുറിപ്പ് തയ്യാറാക്കി ഉടന്‍ തന്നെ അയച്ചുകൊടുക്കണം. വിഷയം എന്റെ പ്രിയപ്പെട്ട ടീച്ചര്‍. നാലാം ക്ലാസുകാരി തലകുത്തി നിന്നാലോചിച്ചു. മറക്കാന്‍ പാടില്ലാത്ത എന്തുസംഭവമാണ് ഈ കഴിഞ്ഞ നാലുകൊല്ലത്തിനിടയില്‍ സംഭവിച്ചത്. അടി കിട്ടിയ അധ്യാപകരെപ്പറ്റി എഴുതുന്ന ദിവസമല്ല ഇന്ന്. അവളുടെ ഭാഷയില്‍ പാവത്തുങ്ങളുടെ സ്വന്തം ദിനത്തില്‍ തന്നെ ചടപ്പിക്കണ്ട. പിന്നെയുള്ളത് എന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'സ്വാധീനം ചെലുത്തിയ'അധ്യാപകരെ ആരെയെങ്കിലും ഓര്‍ക്കുക എന്നുള്ളതാണ്. പുള്ളിക്കാരിയ്ക്ക് ഒരു പിടുത്തവും കിട്ടാതായപ്പോള്‍ ഞങ്ങള്‍ ഭൂതകാലമൊന്നു തപ്പിയെടുക്കാന്‍ തീരുമാനിച്ചു.
സ്‌കൂള്‍ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ തട്ടിത്തടഞ്ഞു വീണതുകണ്ട് ഓടിവന്ന് എഴുന്നേല്‍പ്പിച്ച അധ്യാപകര്‍?
നോ...അങ്ങനൊന്നില്ല.
ക്ലാസില്‍ മൂത്രമൊഴിക്കുകയോ അപ്പിയിട്ടുപോവുകയോ ചെയ്തപ്പോള്‍ സാരമില്ലെന്ന് പറഞ്ഞ് കഴുകിച്ചു തന്നവര്‍?
ഓ! നോ...അങ്ങനൊന്നില്ല.
ആരുടെയൊക്കെയോ കയ്യില്‍ നിന്നും കെഞ്ചിക്കേണുവാങ്ങിയമിഠായി തിന്ന് വയറുവേദനയായപ്പോള്‍ സ്നേഹത്തോടെ സാരമില്ലെന്ന് പറഞ്ഞ് സ്റ്റാഫ് റൂമില്‍ കൊണ്ടിരുത്തിയ ടീച്ചര്‍?
എന്റെ തള്ളേ, അങ്ങനെ മിഠായി ഒന്നും സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ പാടില്ല. മകള്‍ കടുപ്പിച്ചു.
ഒറ്റക്കുറുക്കന്‍ എന്നുപറഞ്ഞ് കളിയാക്കി ക്ലാസിലെ കുട്ടികളെല്ലാം ഒറ്റക്കെട്ടും നമ്മള്‍ ഒരാള്‍ മാത്രം മറുഭാഗത്തും നിന്നപ്പോള്‍ കൂടെ കട്ടയ്ക്കു നിന്ന ടീച്ചര്‍, ധൈര്യത്തിന് സ്വന്തം ചോക്കുവരെ സൂക്ഷിക്കാന്‍ തന്ന ടീച്ചര്‍?
അതൊക്കെ ഡിസിപ്ളിന്‍ ഇല്ലാത്ത ക്ളാസിലല്ലേ, ഇതങ്ങനെയല്ലല്ലോ. പക്കാ ഡിസിപ്ളിനല്ലേ. ലവള്‍ എന്നെ സഹതാപത്തോടെ നോക്കി. തള്ളയിപ്പോളും ഇരുപത്തഞ്ച് കൊല്ലം മുമ്പത്തെ എടക്കര കൊളക്കാട് എ.യു.പി സ്‌കൂളിലെ സിമന്റ് തേക്കാത്ത അരമതിലിലെ മണ്ണ് മാന്തി തിന്നുകൊണ്ടിരിക്കുകയാണല്ലോ എന്ന് തോന്നിക്കാണും.
'വൈകുന്നേരം'എന്ന് കേട്ടെഴുത്ത് തന്നപ്പോള്‍ ഘനഗംഭീരമായി വഴുകുന്നേരം എന്ന് ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ എഴുതിയവളുടെ അവസ്ഥ കണ്ടിട്ട് എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാത്ത സതീദേവി ടീച്ചറെപ്പോലെയുള്ള ഒരു ടീച്ചര്‍?
എന്റെമ്മേ ഇന്‍സല്‍റ്റ് ചെയ്യല്ലേ. കുട്ടികളുടെ കുറവുകള്‍ പരസ്യമാക്കരുത് എന്നറിയില്ലേ. എല്ലാം നോട്ട്ബുക്കില്‍ എഴുതി ടീച്ചറിനെ പേഴ്സണലായിട്ടാണ് കാണിക്കുക. അതര്‍വൈസ് കുട്ടികളുടെ ഈഗോ ഹര്‍ട്ട് ചെയ്യപ്പെടും.
ഓ! ഐ സീ...
താടിയും മുടിയും നീണ്ട, തടിച്ചുരുണ്ട കാഴ്ചയില്‍ ഭീകരനായ, പരുക്കനായ ഒരു മാഷ് എന്താ മോളേ ഭക്ഷണം കഴിച്ചില്ലേ എന്ന് സ്നേഹത്തോടെ ചോദിച്ച് അമ്പരപ്പിച്ചത്?
കഷ്ടം!ഞങ്ങളുടെ അധ്യാപകരെല്ലാം ഫ്രീക്കന്മാരാണ്.
സമയം പോകുന്നു പത്തുമണിയ്ക്ക് മുമ്പായി ഓര്‍മ്മക്കുറിപ്പ് തയ്യാറാക്കണം. ഇനി ഏത് ടീച്ചറെ ചൂണ്ടയിടും? ഐഡിയ! നമുക്ക് മോളുടെ ക്ളാസ് ടീച്ചറെക്കുറിച്ചെഴുതിയാലോ? എന്തെങ്കിലുമൊക്കെ ഇല്ലാതിരിക്കില്ല.
നാലാം ക്ലാസിലെയോ? അവളുടെ തലയാട്ടലില്‍ നല്ല പിശകുണ്ട്.
അല്ലാതെ പിന്നെ? എനിക്ക് വേറെയും പണിയുണ്ട് കൊച്ചേ എന്ന കാര്യം മിണ്ടിയില്ല. പറഞ്ഞുപോയാല്‍ ഈ ദിവസം മുഴുവന്‍ അവള്‍ റിസര്‍വ് ചെയ്തുകളയും.
അമ്മേ, എനിയ്ക്കാകെ അറിയാവുന്നത് ആ ടീച്ചറുടെ ശബ്ദമാണ്. അത് എവിടെ നിന്ന് കേട്ടാലും എനിക്കറിയാം. ആളിനെ ഞാനിതുവരെ കണ്ടിട്ടില്ല. പുള്ളിക്കാരി എന്നെയും കണ്ടിട്ടില്ല. ഞങ്ങള്‍ പരസ്പരം നീക്കുപോക്കുകളൊന്നുമില്ലാതായിട്ട് ഇത് മൂന്നാമത്തെ മാസമാണെന്നറിയില്ലേ?
ഓ കൊറോണ! അതു മറന്നുപോയി.
ഇനിയിപ്പോ എന്തോര്‍മ്മയെഴുതും?
അല്ല, കഴിഞ്ഞ മൂന്നു വര്‍ഷവും പഠിച്ചത് സ്‌കൂളില്‍ തന്നെയല്ലേ. എന്നിട്ടും ഒരു നല്ലവാക്ക് അധ്യാപകരെപ്പറ്റി പറയാനില്ലെന്നോ? ഛെ! ശോകം തന്നെ. എന്തെങ്കിലും ഒരു സംഭവം ആ തലയില്‍ നിന്നും വന്നിട്ടുവേണം എനിക്ക് ഫോണിനെ മോചിപ്പിക്കാന്‍. ഇല്ലേല്‍ എഴുതാനുണ്ടെന്നും പറഞ്ഞ് വൈകുന്നേരം വരെ ഫോണ്‍ കുട്ടീടെ അധീനതയിലാകും.
അതെങ്ങനെയാ നിങ്ങളെയൊക്കെ പേടിച്ച് ഇക്കാലത്ത് ടീച്ചര്‍മാര്‍ക്ക് എന്തേലും മിണ്ടാന്‍ പറ്റുമോ? കഴിഞ്ഞ വര്‍ഷം എനിക്ക് മാര്‍ക്കു കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റണം എന്നല്ലേ പറഞ്ഞത്?
കുട്ടി വയലന്റാവും ഇനി ചൊറിഞ്ഞാല്‍.
എന്നാലൊരു കാര്യം ചെയ്യ് ഹോം വര്‍ക്ക് പിന്നെ ചെയ്യാം തല്ക്കാലം ഫോണ്‍ അമ്മയെടുക്കട്ടെ. വര്‍ക്ക് ഫ്രം ഹോം തുടങ്ങാനായി. ഇനി തടിയൂരുകയേ രക്ഷയുളളൂ എന്നു മനസ്സിലായ ഞാന്‍ മെല്ലെ പിറകോട്ടടിച്ചു.
അതെങ്ങനെയാ ശരിയാവുക? ഇത് അസൈന്‍മെന്റാണ്. സബ്മിറ്റ് ചെയ്യാതെ പറ്റില്ല. മര്യാദയ്ക്ക് എനിക്ക് ഒരു ഓര്‍മക്കുറിപ്പ് പറഞ്ഞുതന്നോ. ഇല്ലേല്‍ ഞാന്‍ എല്ലാവരോടും പറയും അമ്മ പഠിയ്ക്കാന്‍ സഹായിക്കുന്നില്ലെന്ന്.
മുഖം മാറിയിട്ടുണ്ട്, ഇനി വിടമാട്ടേ... എന്ന ഡയലോഗു കൂടിയേ വരാനുള്ളൂ.
ഇവള്‍ വെറും അലമ്പുതന്നെയാണല്ലോ പടച്ചോനേ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ ഓര്‍മക്കുറിപ്പ് പരതി.
ബൈ ദ ബൈ നിന്റെ സ്‌കൂളിലെ പാലമരത്തിന്റെ ചുവട്ടില്‍ എന്നും ഉച്ചയ്ക്ക് കാറ്റുകൊണ്ടിരിക്കുന്ന ഒരധ്യാപകനെ നമുക്ക് സങ്കല്പിക്കാം. അദ്ദേഹം ഒരു കവിയാണ്. ഉച്ചയ്ക്കു വീശുന്ന മന്ദമാരുതന്‍ അദ്ദേഹത്തെ തഴുകുന്നു. അദ്ദേഹം പതുക്കെ മൂളുന്നു...
ബാക്കി പറയാന്‍ സമ്മതിക്കാതെ അവള്‍ എഴുന്നേറ്റു.
പാലയും മന്ദാരവും ആവണക്കുമൊന്നും കുത്തിപ്പൊക്കി തള്ളിക്കയറ്റണ്ട, ഒന്നാം ക്ലാസില്‍ രണ്ടാഴ്ച വന്ന് പഠിപ്പിച്ച് സ്ഥലംമാറ്റം കിട്ടിപ്പോയ ഒരു ഡിസ്നി ടീച്ചറുണ്ട്. തല്ക്കാലം അതു വച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം. ഒരു മന്ദമാരുതന്‍, കവിത...
ചവുട്ടിത്തുള്ളിപ്പോകുമ്പോള്‍ ഇനിയുമെന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. തടിയൂരിക്കിട്ടിയ ആശ്വാസത്തില്‍ ഞാനും തലയാട്ടി.
Content Highlights: Online Class Experience, Teachers Day 2020