To advertise here, Contact Us



പോളിടെക്‌നിക്കുകള്‍ നൈപുണ്യവികസന വകുപ്പിലേക്ക് മാറ്റുന്നു


2 min read
Read later
Print
Share

തൊഴില്‍ നൈപുണ്യവികസന വകുപ്പിലേക്ക് പോളിടെക്‌നിക് വിദ്യാഭ്യാസം മാറ്റുന്നതോടെ കരിക്കുലം അടക്കമുള്ള കാര്യങ്ങള്‍ പരിഷ്‌കരിച്ച് തൊഴില്‍ മേഖലയ്ക്ക് അനുഗുണമാക്കും

തിരുവനന്തപുരം: വ്യവസായ മേഖലയുടെ ആവശ്യകതയുമായി സാങ്കേതിക വിദ്യാഭ്യാസത്തെ കൂടുതല്‍ ഇണക്കുകയെന്ന ലക്ഷ്യത്തോടെ പോളിടെക്‌നിക്കുകള്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്ന് അടര്‍ത്തിമാറ്റി നൈപുണ്യവികസവകുപ്പിന് കീഴിലാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റേതാണ് ഈ തീരുമാനം. കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷന്‍ യോഗത്തില്‍ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കി. കേരളത്തില്‍നിന്ന് വിദ്യഭ്യാസമന്ത്രി സി. രവീന്ദ്രനാഥും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസും യോഗത്തില്‍ പങ്കെടുത്തു.

To advertise here, Contact Us

ഐ.ടി.ഐ.കള്‍ നേരത്തേ തൊഴില്‍ വകുപ്പില്‍ നിന്ന് നൈപുണ്യവികസന വകുപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ 23,000-ഓളം പോളിടെക്‌നിക്കുകളെയും മാറ്റുന്നത്. പോളിടെക്‌നിക്കില്‍നിന്നും മറ്റും സാങ്കേതിക വിദ്യാഭ്യാസം നേടി വരുന്ന കുട്ടികള്‍ക്ക് വ്യവസായ മേഖലയ്ക്ക് അനുസൃതമായ പരിശീലനമല്ല ലഭിക്കുന്നതെന്ന വിമര്‍ശനം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്.

തൊഴില്‍ നൈപുണ്യവികസന വകുപ്പിലേക്ക് പോളിടെക്‌നിക് വിദ്യാഭ്യാസം മാറ്റുന്നതോടെ കരിക്കുലം അടക്കമുള്ള കാര്യങ്ങള്‍ പരിഷ്‌കരിച്ച് തൊഴില്‍ മേഖലയ്ക്ക് അനുഗുണമാക്കും. ഓരോ ട്രേഡിലെയും കോഴ്‌സുകള്‍ക്കുള്ള പാഠ്യപദ്ധതിക്ക് അതത് മേഖലയുമായി ബന്ധപ്പെട്ട സെക്ടറല്‍ കൗണ്‍സിലുകളായിരിക്കും രൂപം നല്‍കുക. നിലവില്‍ ഐ.ടി.ഐ. കോഴ്‌സുകളിലും ഇത്തരം സെക്ടറല്‍ കൗണ്‍സിലുകളാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.

നയപരമായ തീരുമാനമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രായോഗികമായി ഇത് നടപ്പാക്കേണ്ട രീതി വരുംദിവസങ്ങളില്‍ ഉണ്ടാകും. അതുവരെ നിലവിലുള്ള സ്ഥിതി സംസ്ഥാനത്ത് തുടരും. സംസ്ഥാനത്താകെ 61 പോളിടെക്‌നിക്കുകളാണുള്ളത്. പോളിടെക്‌നിക്കുകളില്‍ നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ പാസാകുന്നവര്‍ക്ക് രണ്ടാംവര്‍ഷ ബി.ടെക്. കോഴ്‌സുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്.

ഇതേസമയം പോളിടെക്‌നിക്കുകള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കുന്നത് കേരളത്തിലെ സാഹചര്യത്തില്‍ ഗുണകരമല്ലെന്ന ചിന്ത അധികൃതര്‍ക്കുണ്ട്. ഉത്തരേന്ത്യയിലെ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണിവ. എന്‍ജിനീയറിങ് ഡിപ്ലോമ പഠനത്തിന് രണ്ടാംതരമെന്ന വേര്‍തിരിവ് ഇവിടെയില്ല. സ്‌കില്‍ സെക്ടറല്‍ കൗണ്‍സിലുകള്‍ പാഠ്യപദ്ധതിക്ക് രൂപംനല്‍കുമ്പോള്‍ നിലവാരം ഇടിയുമോയെന്ന ആശങ്കയും അക്കാദമിക രംഗത്തുള്ളവര്‍ ഉയര്‍ത്തുന്നു.

നിലവില്‍ തത്സ്ഥിതി തുടരും

പോളിടെക്‌നിക്കുകള്‍ നൈപുണ്യവികസന വകുപ്പിന്റെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും തുടര്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. നയപരമായ തീരുമാനമാണ് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയില്‍ പ്രഖ്യാപിച്ചത്. തുടര്‍നിര്‍ദേശം ലഭിക്കും വരെ സംസ്ഥാനത്ത് തത്സ്ഥിതി തുടരും.

ഡോ. ഉഷ ടൈറ്റസ്

ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us