ന്യൂഡല്‍ഹി: 2005 മുതല്‍ പിന്തുടര്‍ന്നുവരുന്ന ദേശീയ പാഠ്യപദ്ധതി 14 വര്‍ഷത്തിനുശേഷം പരിഷ്‌കരിക്കാനൊരുങ്ങി നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമാകും ഇതിനായുള്ള കമ്മിറ്റിയെ നിയമിക്കുകയെന്ന് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഋഷികേശ് സേനാപതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ ആരംഭിച്ചതായി ഋഷികേശ് സേനാപതി അറിയിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ബുദ്ധിജീവികള്‍ തുടങ്ങി വിവിധ മേഖലകളിലെ 72000-ത്തോളം പേരില്‍ നിന്നായി ഒരുലക്ഷത്തിലേറെ നിര്‍ദേശങ്ങള്‍ ഇതിനായി സമാഹരിച്ചതായി സേനാപതി വ്യക്തമാക്കി. വിശദമായ പഠത്തിനായി കമ്മിറ്റിയെ രൂപവത്കരിക്കലാണ് അടുത്ത ഘട്ടം.
പരിഷ്‌കരണങ്ങളുടെ ഭാഗമായി 2019 ഡിസംബറിനകം 42 ലക്ഷത്തോളം സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും എന്‍.സി.ഇ.ആര്‍.ടി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി ത്രിപുരയിലെ 31000 അധ്യാപകര്‍ക്ക് മൂന്ന് മുതല്‍ നാല് മാസം വരെ ദൈര്‍ഘ്യമുള്ള പരിശീലനം നല്‍കിയിരുന്നു. 284 വിദഗ്ധരെയായിരുന്നു ഇതിനായി കൗണ്‍സില്‍ നിയോഗിച്ചത്.
ദേശീയ പാഠ്യപദ്ധതി
എന്‍.സി.ഇ.ആര്‍.ടി സ്‌കൂള്‍ സിലബസും പാഠപുസ്തങ്ങളും തയ്യാറാക്കുന്നതും, അധ്യാപക പരിശീലനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും ദേശീയ പാഠ്യപദ്ധതി പ്രകാരമാണ്. 1975, 1988, 2000, 2005 വര്‍ഷങ്ങളില്‍ ഇതില്‍ വിവിധ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അധ്യാപകരില്‍നിന്ന് മാറി വിദ്യാര്‍ഥി കേന്ദ്രീകൃതമായ പാഠ്യപദ്ധതിക്കാണ് 2005-ല്‍ രൂപം നല്‍കിയത്.
യു.ജി.സി മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ യശ്പാലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയായിരുന്നു 2005-ല്‍ ദേശീയ പാഠ്യപദ്ധതിക്ക് രൂപം നല്‍കിയത്. കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയെന്നതായിരുന്നു കമ്മിറ്റി സ്വീകരിച്ച പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതുതായി വരാനിരിക്കുന്ന പരിഷ്‌കരണം ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ നയരൂപീകരണത്തില്‍ ഏറ്റവും നിര്‍ണായകമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
Content Highlights: National Curriculum Framework, NCERT, School Education Policy, UGC, School Syllabus