പ്രീ സ്‌കൂളുകളില്‍ എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തരുതെന്ന് എന്‍സിഇആര്‍ടി


1 min read
Read later
Print
Share

പരീക്ഷയും ഹോംവര്‍ക്കുകളും നല്‍കുന്നരീതിയാണ് നിലവില്‍ പിന്തുടരുന്നത്

ന്യൂഡല്‍ഹി: പ്രീ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എഴുത്തുപരീക്ഷയോ, വാചാ പരീക്ഷയോ നടത്തരുതെന്ന് എന്‍.സി.ഇ.ആര്‍.ടി. (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്). പരീക്ഷ നടത്തുന്നത് കുട്ടികള്‍ക്ക് ഗുണംചെയ്യില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പ്രീ സ്‌കൂള്‍തലത്തിലെ വിലയിരുത്തല്‍ ഒരു കുട്ടി വിജയിച്ചോ, പരാജയപ്പെട്ടോ എന്ന് മുദ്രകുത്താനുള്ളതല്ലെന്ന് എന്‍.സി.ഇ.ആര്‍.ടി.യിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.

ഓരോ കുട്ടിയുടെയും പുരോഗതി നിരന്തരമായി പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ പരീക്ഷയും ഹോംവര്‍ക്കുകളും നല്‍കുന്നരീതിയാണ് പിന്തുടരുന്നത്. കുട്ടികളുടെ കളിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ പഠനമാര്‍ഗങ്ങളും സമ്പ്രദായങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയുടെയും പുരോഗതി വിലയിരുത്തണമെന്ന് നിര്‍ദേശിക്കുന്നു. അധ്യാപകര്‍ കുട്ടികളെ നിരീക്ഷിച്ച് ഓരോ കുട്ടിയെക്കുറിച്ചുമുള്ള ലഘുകുറിപ്പുകള്‍ തയ്യാറാക്കണം.

കുട്ടികള്‍ എങ്ങനെ, എവിടെ സമയം ചെലവഴിക്കുന്നു, അവരുടെ സാമൂഹിക ബന്ധങ്ങള്‍, ഭാഷയുടെ പ്രയോഗം, ആശയവിനിമയരീതികള്‍, ആരോഗ്യം, പോഷകാഹാര ശീലങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകണം. ഓരോ കുട്ടിയുടെയും ഫയല്‍ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കണം.

മറ്റൊരു പ്രീ സ്‌കൂള്‍ പ്രോഗ്രാമിലേക്കോ പ്രൈമറി സ്‌കൂളിലേക്കോ മാറുന്നതുവരെ ഈ ഫയല്‍ സൂക്ഷിക്കണം. മാതാപിതാക്കള്‍ക്ക് ഓരോ വര്‍ഷവും കുറഞ്ഞത് രണ്ടുതവണ പഠനപുരോഗതി റിപ്പോര്‍ട്ട് ലഭ്യമാക്കണം.

പ്രീ സ്‌കൂളിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും യോഗ്യതയും വേതനവും, പ്രവേശന നടപടികള്‍, രേഖകളുടെയും രജിസ്റ്ററുകളുടെയും പരിപാലനം, മേല്‍നോട്ടം തുടങ്ങിയവ സംബന്ധിച്ചും മാര്‍ഗരേഖയില്‍ നിര്‍ദേശങ്ങളുണ്ട്.

Content Highlights: NCERT directs no exams for children studying in the pre-school classes

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram