കൊച്ചി: പ്രാഥമിക വിദ്യാഭ്യാസത്തിന് വിദ്യാർഥി-അധ്യാപക അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ തന്നെയാണ് നിർണയിക്കേണ്ടതെന്ന് ഹൈക്കോടതി. അധ്യാപക പാക്കേജ് സംബന്ധിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാറും മറ്റും നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അധ്യാപക പാക്കേജിനെതിരായ ഹർജികളിൽ 2015 ഡിസംബർ 17-ലെ സിംഗിൾ ബെഞ്ച് വിധിയിൽ ക്ലാസ് അടിസ്ഥാനത്തിൽ അനുപാതം നിർണയിക്കാൻ നിർദേശിച്ചിരുന്നു. വിധിയിലെ ആ വ്യവസ്ഥയെയാണ് അപ്പീലിൽ ചോദ്യം ചെയ്തത്. വിദ്യാർഥി-അധ്യാപക അനുപാതം സ്കൂളിലെ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കണമെന്ന് സർക്കാർ വാദിച്ചു.
എന്നാൽ ക്ലാസ് അടിസ്ഥാനത്തിൽ വേണമെന്ന് അപ്പീലിലെ എതിർകക്ഷികൾ വാദിച്ചു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി വാദങ്ങളിലെ ന്യായം പരിശോധിച്ചത്.
ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിൽ അറുപത് കുട്ടികൾക്ക് രണ്ട് അധ്യാപകർ എന്ന രീതിയിലാണ് നിയമത്തിന്റെ ഷെഡ്യൂളിൽ അനുപാതം നിശ്ചയിക്കുന്നത്.
ആറ് മുതൽ എട്ട് വരെയുള്ള വിഭാഗത്തിലും ക്ലാസ് അടിസ്ഥാനത്തിലാണ് അനുപാതം നിർണയിച്ചിട്ടുള്ളത്. അതിനാൽ, സ്കൂളിലെ ആകെ വിദ്യാർഥികളുടെ എണ്ണം നോക്കിയല്ല അനുപാതം നിശ്ചയിക്കേണ്ടതെന്ന് കോടതി വിലയിരുത്തി. ഈ അനുപാതം സ്കൂൾ അടിസ്ഥാനത്തിലാണെന്ന് വ്യാഖ്യാനിച്ചാൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായി സ്കൂളിലെ 60 കുട്ടികൾക്ക് രണ്ട് അധ്യാപകർ മതിയാവും. അത് പ്രായോഗികമല്ല. രണ്ട് അധ്യാപകർക്ക് ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ നടത്താനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.