ന്യൂഡല്‍ഹി: രാജ്യദ്രോഹ ആരോപണങ്ങളുടെ പേരില്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായ ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ പ്രവേശനം നേടാനുള്ള അപേക്ഷകള്‍ കുറഞ്ഞതായി അധികൃതര്‍. രാജ്യത്തെ പ്രശസ്തമായ കലാലയത്തിലേക്കുള്ള അപേക്ഷകള്‍ പ്രതിവര്‍ഷം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഇത്തവണ മൂവായിരത്തോളം അപേക്ഷകള്‍ കുറഞ്ഞത്.
മാര്‍ച്ച് 21 ആയിരുന്നു ജെ.എന്‍.യു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. 76,000 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. 2015 ല്‍ 79,000 അപേക്ഷകളും 2014 ല്‍ 72,000 അപേക്ഷകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഴായിരം അപേക്ഷകള്‍ കൂടുതല്‍ ലഭിച്ച സ്ഥാനത്താണ് ഈ വര്‍ഷം മൂവായിരം അപേക്ഷകളുടെ കുറവ് വന്നത്.
അഫ്‌സല്‍ ഗുരു അനുസ്മരണവും അതിന് പിന്നാലെ നടന്ന അനിഷ്ട സംഭവങ്ങളുമാണ് ജെ.എന്‍.യുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായി. ചരിത്രത്തിലിതുവരെ കേള്‍ക്കാത്ത ആരോപണങ്ങളാണ് രാഷ്ട്രീയ നേതാക്കള്‍ ജെ.എന്‍.യുവിന് നേരെ ഉന്നയിച്ചത്. ക്യാമ്പസില്‍ നിന്ന് കണ്ടെടുത്ത ഗര്‍ഭ നിരോധന ഉറകളുടെ കണക്കുകള്‍ വരെ ചില നേതാക്കള്‍ പൊതുവേദിയില്‍ നിരത്തി.
ജെ.എന്‍.യുവില്‍ വിവിധ മേഖലകളില്‍ ആകെ 2700 സീറ്റുകളാണ് ഉള്ളത്. ഇതിന്റെ 28 ഇരട്ടിയോളം അപേക്ഷകളാണ് എല്ലാവര്‍ഷവും എത്തുന്നത്. ക്യാമ്പസിലേക്ക് വരാനുള്ള വിദ്യാര്‍ത്ഥികളുടെ മത്സരമാണ് ഇത് കാണിക്കുന്നത് - അഡ്മിഷന്‍സ് ഡയറക്ടര്‍ ഭുപീന്ദര്‍ സുട്‌സി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പൊതുപ്രവേശന പരീക്ഷക്കു വേണ്ടിയുള്ള അപേക്ഷകരുടെ കണക്ക് മാത്രമാണിത്. ബയോടെക്‌നോളജി സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയും നെറ്റ്, ജെ.ആര്‍.എഫ് വിജയികളുടെ പ്രവേശന പരീക്ഷയും വരാനുണ്ട്.