രാജി ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍ രാജിക്കത്ത് സര്‍ക്കാരിലേക്ക് അയച്ചിട്ടില്ല. 2018 സെപ്റ്റംബര്‍വരെ കാലാവധി നിലനില്‍ക്കേയാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്. എന്‍ജിനീയറിങ് പഠനത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
'ഇയര്‍ ഔട്ട്' പരിഷ്‌കാരത്തില്‍ ഇളവുവരുത്താന്‍ വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
ഒന്നിടവിട്ട സെമസ്റ്ററുകളിലേക്ക് പ്രവേശിക്കാന്‍ മുന്‍ പരീക്ഷകള്‍ക്ക് നിശ്ചിത ക്രെഡിറ്റ് കിട്ടണമെന്ന വ്യവസ്ഥയാണ് ഇയര്‍ ഔട്ട്. നിശ്ചിത ക്രെഡിറ്റ് ലഭിച്ചില്ലെങ്കില്‍ അത് നേടിയിട്ടേ തുടര്‍പഠനം സാധ്യമാകൂ. നാല്, ആറ്് സെമസ്റ്ററുകളിലേക്ക് പ്രവേശിക്കാന്‍ മുന്‍ പരീക്ഷകളില്‍ നിശ്ചിത ക്രെഡിറ്റ് വേണമെന്നായിരുന്നു വ്യവസ്ഥ. നാലാം സെമസ്റ്ററില്‍ ഇത് നടപ്പാക്കുന്നതിനെതിരേ മുന്‍വര്‍ഷം വലിയ സമരം വന്നു. സമ്മര്‍ദത്തിന് വഴങ്ങിയ സര്‍ക്കാര്‍ സര്‍വകലാശാലയെക്കൊണ്ട് വ്യവസ്ഥയില്‍ ഇളവ് വരുത്തിച്ചു. നാലിനുപകരം ഇയര്‍ ഔട്ട് അഞ്ചാം സെമസ്റ്ററിലേക്ക് മാറ്റി.
ഈ വര്‍ഷമായപ്പോള്‍ ആറാം സെമസ്റ്ററില്‍ ഇയര്‍ ഔട്ട് നടപ്പാക്കുന്നതിനെതിരേയും വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. വിദ്യാഭ്യാസമന്ത്രി യോഗംവിളിച്ച് ഇയര്‍ ഔട്ടില്‍ വീണ്ടും ഇളവ് വരുത്തി. ഇയര്‍ ഔട്ട് ഏഴാം സെമസ്റ്ററിലേക്ക് മാറ്റി. എന്‍ജിനീയറിങ് പഠനത്തിന് ആഭിമുഖ്യമില്ലാത്തവര്‍ ആദ്യം തന്നെ പുറത്തുപോകട്ടേയെന്ന ഇയര്‍ ഔട്ടിന്റെ ഉദ്ദേശ്യത്തെ തകര്‍ക്കുന്നതായിരുന്നു ഈ തീരുമാനങ്ങളെന്ന് വി.സി. പറയുന്നു.
നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകള്‍ക്കടക്കം അനുമതി നല്‍കിയശേഷം തോറ്റ കുട്ടികളെ തിരഞ്ഞുപിടിച്ച് കോഴ്‌സില്‍നിന്ന് പുറത്താക്കി നിലവാരം ഉയര്‍ത്താനാകില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. കോളേജുകളുടെ അടിസ്ഥാനസൗകര്യം, അധ്യാപനം, പഠനം എന്നുതുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകേണ്ടതുണ്ട്. ഇതിന് ശ്രമിക്കാതെ തോറ്റവരെ പുറന്തള്ളി നിലവാരം മെച്ചപ്പെടുത്താനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു.
ഇങ്ങനെ തുടരുന്നതില്‍ അര്‍ഥമില്ല"വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഇങ്ങനെ തുടരുന്നതില്‍ അര്‍ഥമില്ല. അതിനാലാണ് രാജിക്കത്ത് നല്‍കിയത്. പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ എടുക്കുന്ന നടപടികള്‍ക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ല. ഗവര്‍ണര്‍ രാജിക്കത്ത് സ്വീകരിച്ചിട്ടില്ല. അതിനാല്‍ കാര്യങ്ങള്‍ വിശദമായി പറയുന്നത് ശരിയല്ല. തീരുമാനം എടുത്തുകഴിഞ്ഞു. ഇനി പിന്നോട്ടില്ല."
കുഞ്ചെറിയ പി. ഐസക്