നിയമങ്ങളും ആചാരങ്ങളും: ജെഎന്‍യുവില്‍നിന്ന് കേംബ്രിജിലെത്തുമ്പോള്‍


ദീപക് രാജു

3 min read
Read later
Print
Share

'നിയമങ്ങള്‍ വായിച്ച് തുടങ്ങിയ ഞാന്‍ ഞെട്ടി. ആറേ ആറ് നിയമങ്ങളാണ് ഉള്ളത്...'

റ്റവും കൂടുതല്‍ നൊബേല്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ളത് കേംബ്രിജ് സര്‍വകലാശാലയില്‍ നിന്നുള്ളവരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രത്തലവന്മാരെ വാര്‍ത്തെടുത്ത സ്ഥാപനവും കേംബ്രിജ് ആണെന്ന് തോന്നുന്നു. പലരും പ്രസിദ്ധീകരിക്കുന്ന യൂണിവേഴ്സിറ്റി റാങ്കിങ്ങുകള്‍ കാണുമ്പോള്‍ അത് വിശ്വസനീയമാണോ എന്നറിയാന്‍ കേംബ്രി്ജ് ഒന്നാമതും ഓക്‌സ്‌ഫോഡ് രണ്ടാമതും ആണോ എന്ന് നോക്കിയാല്‍ മതി എന്ന് ഞങ്ങള്‍ പറയും; ഓക്‌സ്‌ഫോര്‍ഡുകാര്‍ തിരിച്ചും.

കേംബ്രിജിലും ഓക്‌സ്‌ഫോഡിലും പല കോളേജുകള്‍ ഉണ്ട്. ഇന്ത്യയിലെ യൂണിവേഴ്സിറ്റിയും കോളേജുകളും തമ്മിലുള്ള ബന്ധമല്ല അവിടെ. പഠിപ്പീരും പരീക്ഷയും ഒക്കെ ഏതാണ്ട് പൂര്‍ണമായിത്തന്നെ യൂണിവേഴ്സിറ്റിയുടെ പണിയാണ്. വിദ്യാര്‍ഥികളും അധ്യാപകരും താമസിക്കുന്ന, ആഹാരം കഴിക്കുന്ന, സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമാണ് കോളേജ്. ഒരര്‍ഥത്തില്‍ നമ്മുടെ ഹോസ്റ്റലുകളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന സ്ഥാപനങ്ങളാണ് കോളേജുകള്‍. ഒരു കോളേജില്‍ അംഗത്വം കിട്ടിയ ആള്‍ ആജീവനാന്തം അംഗമാണ്, പല തലമുറകളിലായി കിടക്കുന്ന ആ കോളേജ് അംഗങ്ങളുടെ ഒരു കൂട്ടായ്മയുടെ ഭാഗമാണ്.

ഞാന്‍ എല്‍.എല്‍.എം ചെയ്തത് കേംബ്രിജിലാണ്. അവിടെ, ഡാര്‍വിന്‍ കോളേജിലാണ് എനിക്ക് അംഗത്വം കിട്ടിയത്. ചാള്‍സ് ഡാര്‍വിന്‍ താമസിച്ചിരുന്ന വീട് പിന്നീട് ഒരു കോളേജായി രൂപപ്പെടുത്തിയതാണ്. ഡാര്‍വിന്‍ കോളേജില്‍ എത്തി മുറിയുടെ താക്കോല്‍ വാങ്ങാന്‍ പോയപ്പോള്‍ തന്നെ നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചിരുന്ന അവിടുത്തെ നിയമങ്ങള്‍ ശ്രദ്ധിച്ചു. അക്കാദമികമായി ഇത്രയും മുന്നില്‍ നില്‍ക്കുന്ന ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കര്‍ശനമായ നിയമങ്ങളും അച്ചടക്കവും ഒക്കെ ഉണ്ടായിരിക്കുമല്ലോ. ഏതൊക്കെ ദിവസം യൂണിഫോം ഇടണം, എത്ര ശതമാനം അറ്റന്‍ഡന്‍സ് വേണം, എവിടെയൊക്കെ മലയാളത്തില്‍ സംസാരിക്കാം എന്നൊക്കെ നിയമങ്ങള്‍ ഉണ്ടാകുമല്ലോ.

നിയമങ്ങള്‍ വായിച്ച് തുടങ്ങിയ ഞാന്‍ ഞെട്ടി. ആറേ ആറ് നിയമങ്ങളാണ് ഉള്ളത്. അവ കോളേജ് വെബ്സൈറ്റില്‍ നിന്ന് എടുത്ത് മലയാളത്തില്‍ ആക്കി താഴെ കൊടുക്കുന്നു.

1. സ്വകാര്യ ജീവിതം എല്ലാ അംഗങ്ങളുടെയും അവകാശമാണ്. അംഗങ്ങള്‍ സഹായം ചോദിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒഴികെ കോളേജ് അംഗങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടില്ല. സഹായം ചോദിച്ചാല്‍ അംഗത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് സഹായിക്കാന്‍ അധികാരികള്‍ സന്നദ്ധരാണ്.

2. മറ്റുള്ളവരുടെ ജീവിതത്തെ ശല്യം ചെയ്യരുത്. ഉദാഹരണത്തിന്, ആളുകള്‍ ഉറങ്ങുന്ന സമയത്ത് വലിയ ശബ്ദമുള്ള പാര്‍ട്ടികള്‍ നടത്താന്‍ പാടില്ല; പൊതു ഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.

3. താമസിക്കാനുള്ള മുറി ഒരാള്‍ക്ക് വേണ്ടിയാണ് തന്നിട്ടുള്ളത്. സന്ദര്‍ശകര്‍ വരുന്നതിനും രാത്രി ചിലവഴിക്കുന്നതിനും തടസമില്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മറ്റുള്ളവരെ താമസിപ്പിക്കാന്‍ പാടില്ല.

4. അംഗങ്ങള്‍ ഉള്‍പ്പെട്ട നിയമ നടപടികളില്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഒഴികെ, കോളേജ് ഇടപെടില്ല.

5. മറ്റ് അംഗങ്ങള്‍ക്കോ, സ്റ്റാഫിനോ, കോളേജിന്റെയോ മറ്റ് അംഗങ്ങളുടെയോ വസ്തുവകകള്‍ക്ക് നേരെയോ ഉള്ള കായികമായ അക്രമങ്ങള്‍ അനുവദിക്കില്ല.

6. സ്റ്റുഡന്റ് യൂണിയന്‍ റഫറണ്ടം വഴി കോളേജില്‍ പുകവലി നിരോധിച്ചിരിക്കുന്നു.

കഴിഞ്ഞു. ഇത്രേയുള്ളൂ.

അപ്പൊ, രാത്രി എപ്പോ മുറിയില്‍ കയറണം? തോന്നിയാല്‍, തോന്നുമ്പോള്‍, കയറാം. അപ്പൊ പിള്ളേര് കള്ള് കുടിച്ചാലോ? കുടിക്കേണ്ടവര്‍ക്കായി കോളേജ് വക ബാറുണ്ട്, അവിടെയാണ് സാധനം ഏറ്റവും വില കുറഞ്ഞ് കിട്ടുന്നത്. ഡി.എന്‍.എയുടെ ഘടന കണ്ടുപിടിച്ച വാട്ട്‌സനും ക്രിക്കും ആ കണ്ടുപിടുത്തം ലോകത്തോട് വിളിച്ചു പറഞ്ഞത് കേംബ്രിജിലെ പ്രശസ്തമായ ഈഗിള്‍ പബ്ബില്‍ ആണ്.

ഇതൊക്കെയാണേലും, ആണ്‍പിള്ളേരും പെണ്‍പിള്ളേരും... കോളേജ് വക വീട്ടില്‍ ഞങ്ങള്‍ പല നാട്ടുകാരായ നാല് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഒന്നിച്ചായിരുന്നു. ആകാശം ഇടിഞ്ഞു വീണിട്ടില്ല. എല്ലാവര്‍ക്കും കൂടി ഒരു ബാത്ത് റൂം ആയിരുന്നു. എന്നിട്ടും ആകാശം ഇടിഞ്ഞു വീണില്ല.

അപ്പൊ ആചാരങ്ങള്‍? കേംബ്രിഡ്ജിലെ പഴയ ആചാരം അനുസരിച്ച് മുട്ടുകുത്തി നിന്നാണ് ഡിഗ്രി സ്വീകരിക്കേണ്ടത്. ക്രിസ്ത്യന്‍ ത്രിത്വത്തിന്റെ പേരിലാണ് ഡിഗ്രി തരുന്നത്. പക്ഷെ, കോണ്‍വൊക്കേഷന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു ഫോം കിട്ടും. മുട്ടുകുത്താന്‍ താത്പര്യം ഇല്ലാത്തവര്‍ക്ക് നിന്നുകൊണ്ട് ഡിഗ്രി സ്വീകരിക്കും എന്ന് ആ ഫോം വഴി അറിയിക്കാം. ദൈവനാമം ഒഴിവാക്കേണ്ടവര്‍ക്ക് അതും ആകാം. കാരണമൊന്നും കാണിക്കേണ്ടതില്ല.

എന്നാലും നമ്മുടെ ആര്‍ഷഭാരത സംസ്‌കാരം? കേംബ്രിജ് യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ട് എണ്ണൂറ് വര്‍ഷമായി. തുടക്കത്തില്‍ പഠന വിഷയം ദൈവശാസ്ത്രം ആയിരുന്നു. അന്നുള്ള രീതികളല്ല കേംബ്രിജില്‍ ഇന്നുള്ളത്. കേംബ്രിജ് സ്ഥാപിച്ച് പിന്നെയും അറുന്നൂറ് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ട് ഭരിച്ച വിക്ടോറിയ രാജ്ഞിയുടെ, ഇംഗ്ലണ്ട് പണ്ടേ കാറ്റില്‍ പറത്തിയ, സദാചാര ബോധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്കുണ്ടോ എന്നുകൂടെ ആലോചിക്കണം.

കേംബ്രിജില്‍ നിന്നുള്ള ഒരോര്‍മ ഫ്രാന്‍സിലെ തീവ്ര വലതുപക്ഷ നേതാവായ മറീന്‍ ലെ പെന്‍ പ്രസംഗിക്കാന്‍ വന്നതാണ്. ഞങ്ങള്‍ കുറെ വിദ്യാര്‍ഥികള്‍ പ്ലക്കാഡുകളുമായി പ്രതിഷേധിക്കാന്‍ പോയി. അച്ചടക്കത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ 'പ്രൊവോസ്റ്റിനോട്' ഈ വിഷയത്തില്‍ യൂണിവേഴ്സിറ്റി നയം എന്താണെന്ന് പത്രക്കാര്‍ ചോദിച്ചു. 'പ്രാസംഗികയ്ക്ക് തടസം കൂടാതെ പ്രസംഗിക്കാനും, പ്രതിഷേധക്കാര്‍ക്ക് തടസം കൂടാതെ പ്രതിഷേധിക്കാനും സൗകര്യം ഒരുക്കുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രായപൂര്‍ത്തിയായ വിദ്യാര്‍ഥികളെ സദാചാരം പഠിപ്പിക്കാനും സംസ്‌കാരം കാത്ത് സൂക്ഷിക്കാനും വിനിയോഗിക്കുന്ന ഊര്‍ജം ക്രിയാത്മകമായി വിനിയോഗിക്കുക മാത്രം ചെയ്താല്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ യൂണിവേഴ്സിറ്റി എന്നെങ്കിലും ആദ്യ നൂറില്‍ വന്നേക്കും. അതുവരെ ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സദാചാരക്കുറവിനെക്കുറിച്ച് നമുക്ക് പരിതപിക്കാം.

(സ്വിറ്റ്സ്വര്‍ലന്‍ഡില്‍ അഭിഭാഷകനാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Content Highlights: Laws and Customs: A Comparison Between JNU and Cambridge

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram