ചാര്‍ട്ടേഡ് അക്കൗണ്ടിങ് പഠിക്കാം: ജോലി ഉറപ്പ്


ഡോ. ബൈജു രാമചന്ദ്രന്‍

3 min read
Read later
Print
Share

പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് സിഎ പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. ബിരുദധാരികളും ബിരുദാനന്തര ബിരുദം കഴിഞ്ഞവരും പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. നേരിട്ട് ഐപിസിസിയിലേക്കു കടക്കാം

രോ ദിവസം കഴിയുമ്പോഴും പുതിയ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ നിലവില്‍ വരികയാണ്. ഈ സ്ഥാപനങ്ങളിലെല്ലാം അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്‌സേഷന്‍ വര്‍ക്കുകള്‍ ചെയ്യാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ വേണം. ചാര്‍ട്ടേഡ് അക്കൗണ്ടിങ് (സി.എ) കഴിഞ്ഞ് ജോലി ഇല്ലാത്ത ഒരാളെയെങ്കിലും കാണാന്‍ പറ്റുമോ ?, ഇല്ല. സി.എ കോഴ്‌സ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് കൂടി നല്ല ജോലി ലഭിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ഈ കോഴ്‌സിന്റെ ഡിമാന്‍ന്റ് എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാം.

ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സി.എ പഠിച്ചവര്‍ക്ക് വന്‍ സാധ്യതയാണുള്ളത്. ആദായ നികുതി നിയമപ്രകാരവും കമ്പനി നിയമപ്രകാരവും അക്കൗണ്ടുകള്‍ ഓഡിറ്റു ചെയ്യേണ്ടത് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌

സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എഴുതുകയും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് അക്കൗണ്ടിംഗ്, കമ്പനികളുടെയും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ ഷിപ്പുകളുടെയും രൂപവത്കരണം, ലിക്വഡേഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികളും ആദായ നികുതി, വില്‍പന നികുതി, സേവനനികുതി, റിട്ടേണുകള്‍ തയ്യാറാക്കുന്നതടക്കമുള്ള ടാക്‌സേഷന്‍ ജോലികള്‍, ഓഡിറ്റിങ് തുടങ്ങി വിപുലവും വൈവിധ്യങ്ങളുമായ സേവനങ്ങളാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ നല്‍കുന്നത്.

പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക നിയമപ്രകാരം 1949 ല്‍ രൂപീകൃതമായ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സ് നടത്തുകയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ തൊഴില്‍പരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ന്യൂഡല്‍ഹി ആസ്ഥാനമായ ഈ ഇന്‍സ്റ്റിറ്റ്യൂട്ടാണ്‌.

മെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സുകളെപ്പോലെ പത്താം ക്ലാസ് കഴിയുമ്പോള്‍ തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സിനുള്ള തയ്യാറെടുപ്പ് തുടങ്ങാം. പക്ഷെ പ്ലസ്ടു പരീക്ഷ കഴിഞ്ഞവര്‍ക്കു മാത്രമേ പ്രവേശനപരീക്ഷ (കോമണ്‍ പ്രൊഫിഷന്‍സി ടെസ്റ്റ് അഥവാ സി.പി.റ്റി) എഴുതാന്‍ സാധിക്കൂ.

പ്ലസ്ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാവുന്നതാണ്. ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ക്കും (കോമേഴ്‌സുകാര്‍ക്ക് 55%) പ്രവേശനപരീക്ഷ എഴുതേണ്ടതില്ല നേരിട്ട് ഐ.പി.സി.സി.യിലേക്കു കടക്കാം. ബെയ്‌സിക്ക് അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, ബിസിനസ് ലോ, മാത്തമാറ്റിക്‌സ് എന്നിവയാണ് വിഷയങ്ങള്‍. 6000 രൂപയാണ് സി.പി.റ്റിയുടെ കോഴ്‌സ് ഫീസ്. 200 മാര്‍ക്കിനാണ് പരീക്ഷ. 100 മാര്‍ക്ക് ലഭിച്ചാല്‍ വിജയിക്കും. ഓരോ വിഷയത്തിനും 50 ശതമാനം നിര്‍ബന്ധമല്ല.

പ്രവേശന പരീക്ഷ അഥവാ സി.പി.റ്റി. പാസായാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം. ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ കോംപീറ്റന്‍സി കോഴ്‌സ് (ഐ.പി.സി.സി.) എന്നാണ് ഈ ഘട്ടത്തിനെ വിളിക്കുന്നത്. ഈ ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്.

ആദ്യ ഗ്രൂപ്പില്‍ നാലു വിഷയങ്ങളും (1. അക്കൗണ്ടിംഗ്, 2. ബിസിനസ് ലോ, എത്തിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, 3. കോസ്റ്റ് അക്കൗണ്ടിംങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, 4. ടാക്‌സേഷന്‍), രണ്ടാമത്തെ ഗ്രൂപ്പില്‍ മൂന്ന് വിഷയങ്ങളുമാണ് ഉള്ളത് (1. അഡ്വാന്‍സ്ഡ് അക്കൗണ്ടിംഗ്, 2. ഓഡിറ്റിംഗ് ആന്‍ഡ് അഷ്വറന്‍സ്, 3. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റ്).

കൂടാതെ 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒന്നാമത്തെ ഗ്രൂപ്പ് പൂര്‍ത്തിയായാല്‍ മൂന്നു വര്‍ഷ കാലാവധിയുള്ള ആര്‍ട്ടിക്കിള്‍ഷിപ്പ് പരിശീലനം ആരംഭിക്കാം. ഒരു പ്രാക്ടീസിങ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കീഴിലാണ് ഈ പരിശീലനം ചെയ്യേണ്ടത്. ഐ.പി.സി.സി.യ്ക്ക് 9000 രൂപയും ആര്‍ട്ടിക്കില്‍ ഷിപ്പിന് 2000 രൂപയുമാണ് ഫീസ്.

വിവരങ്ങള്‍ക്ക്‌

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ട്. ഈ ഓഫീസുകള്‍ വഴി കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം. കൂടാതെ സൗജന്യമായി 'റിഫ്രഷ്ണര്‍ ഓണ്‍ സി.എ.' എന്ന പുസ്തകവും ലഭിക്കും. 100 രൂപ നല്‍കിയാല്‍ വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസും ലഭ്യമാണ്. കൂടുകല്‍ വിവരങ്ങള്‍ www.icai.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ആര്‍ട്ടിക്കിള്‍ഷിപ്പ് രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ മൂന്നാംഘട്ട പരീക്ഷ എഴുതുവാന്‍ സാധിക്കൂ. ഫൈനല്‍ കോഴ്‌സ് എന്നാണ് ഈ ഘട്ടത്തിനെ വിളിക്കുന്നത്. ഈ ഘട്ടത്തിലും രണ്ട് ഗ്രൂപ്പുകള്‍ പഠിക്കാനുണ്ട്. ഒരു ഗ്രൂപ്പില്‍ നാലുവിഷയങ്ങളും (1. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ്, 2. സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, 3. അഡ്വാന്‍സ്ഡ് ഓഡിറ്റിംഗ് ആന്‍ഡ് പ്രൊഫഷണല്‍ എത്തിക്‌സ്, 4. കോര്‍പ്പറേറ്റ് ആന്‍ഡ് അലൈഡ് ലോ), മറ്റേതില്‍ 4 വിഷയങ്ങളുണ്ട്. (1. അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ്, 2. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് കണ്‍ട്രോള്‍ ആന്‍ഡ് ഓഡിറ്റ്, 3. ഡയറക്ട് ടാക്‌സ് ലോ, 4. ഇന്‍ഡയറക്ട് ടാക്‌സ് ലോ) കോഴ്‌സ് ഫീസ് 10,000 രൂപയാണ്.

ഫൈനല്‍ പരീക്ഷകള്‍ പാസാവുകയും ആര്‍ട്ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്ക് സി.എ. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗത്വത്തിന് അപേക്ഷിക്കാം. ഇതിനുമുമ്പായി ജനറല്‍ മാനേജ്‌മെന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് (ജി.എം.സി.എസ്.) എന്ന കോഴ്‌സും കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് അംഗത്വം ലഭിച്ചാല്‍ ഫിനാന്‍സ് ഹെഡ് ആയി ജോലി നോക്കാം. അതല്ലെങ്കില്‍ സ്വന്തമായി പ്രാക്ടീസ് ചെയ്യുകയുമാവാം. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ നാലുവര്‍ഷം കൊണ്ട് സി.എ.പരീക്ഷകള്‍ പൂര്‍ത്തിയാക്കാറുണ്ട്. എല്ലാവര്‍ഷവും ജൂണ്‍ ഡിസംബര്‍ മാസങ്ങളില്‍ പ്രവേശനപരീക്ഷകളും മെയ് നവംബര്‍ മാസങ്ങളില്‍ മറ്റു പരീക്ഷകളും നടത്തുന്നു.

സി.എ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുകളുടെ ഫോണ്‍ നമ്പരുകള്‍:

  • തിരുവനന്തപുരം - 04712323789
  • കൊല്ലം - 04742750583
  • കോട്ടയം - 0481 2343057
  • ആലപ്പുഴ - 0477 2261458
  • എറണാകുളം - 04842369238
  • തൃശ്ശൂര്‍ - 04872253400
  • പാലക്കാട് - 04912576450
  • കോഴിക്കോട് - 0495 2770124
  • കണ്ണൂര്‍ - 0497 1766555

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram