പ്രതീകാത്മക ചിത്രം | Photo:Mathrubhumi Archives
പ്ലസ്ടു കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്നു. സായുധസേനയിൽ ചേരാൻ എന്തുചെയ്യണം?-നന്ദു ഗോകുൽ, പാലക്കാട്
കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾകൂടി പഠിക്കുന്ന ആൺകുട്ടികൾക്ക് പ്ലസ്ടു കഴിഞ്ഞ് സായുധസേനകളിൽ ഓഫീസറാകാൻ മൂന്നു ചാനലുകൾ വഴി ശ്രമിക്കാം. ഒന്ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (എൻ.ഡി.എ. ആൻഡ് എൻ.എ.) പരീക്ഷ വഴിയാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിക്കുന്ന ആൺകുട്ടികൾക്ക് നാഷണൽ ഡിഫൻസ് അക്കാദമി വഴി ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്നു സർവീസസിലേക്കും പോകാൻ അർഹതയുണ്ട്.
അതോടൊപ്പം ഈ പരീക്ഷ വഴി നേവൽ അക്കാദമിയിൽ ചേർന്ന് ഓഫീസറാകാനും അവസരമുണ്ട്. പരീക്ഷയെപ്പറ്റിയും പ്രവേശനരീതിയെപ്പറ്റിയും അറിയാൻ https://upsc.gov.in ലെ എൻ.ഡി.എ ആൻഡ് എൻ.എ. വിജ്ഞാപനം കാണുക (എക്സാമിനേഷൻ > ആക്ടീവ് എക്സാമിനേഷൻസ്)
ഏഴിമല നാവികഅക്കാദമിയിലെ പ്ലസ്ടു ബി.ടെക്. കാഡറ്റ് എൻട്രിയാണ് രണ്ടാമത്തെ വഴി. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നുവിഷയങ്ങൾക്കുംകൂടി 70 ശതമാനം മാർക്കും ഇംഗ്ലീഷിന് പത്തിലോ പന്ത്രണ്ടിലോ 50 ശതമാനം മാർക്കും, ജെ.ഇ.ഇ. മെയിൻ പേപ്പർ ഒന്നിൽ ഒരു റാങ്കും ഉള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ഷോർട്ട് ലിസ്റ്റിങ് ജെ.ഇ.ഇ. റാങ്ക് പരിഗണിച്ചാണ്. വിശദാംശങ്ങൾക്ക് https://www.joinindiannavy.gov.in കാണുക.
മൂന്നാമത്തെ സാധ്യത ഇന്ത്യൻ ആർമിയുടെ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം ആണ്. അടുത്ത എൻട്രി വിജ്ഞാപനംമുതൽ (ജനുവരി 2022 എൻട്രി-46-ാം കോഴ്സ്) പ്രവേശനവ്യവസ്ഥയിൽ ചില മാറ്റങ്ങൾ വരുകയാണ്. ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കുംകൂടി 60 ശതമാനം മാർക്ക് വാങ്ങി പ്ലസ്ടു ജയിച്ച ആൺകുട്ടികൾക്ക് അപേക്ഷിക്കാം. ജെ.ഇ.ഇ. മെയിന്റാങ്കും വേണം. വിവരങ്ങൾക്ക് https://www.joinindianarmy.nic.in കാണണം.
ഈ മൂന്നുപ്രവേശനങ്ങൾക്കും വർഷത്തിൽ രണ്ടുതവണ വിജ്ഞാപനം ഉണ്ടാകും. ബിരുദത്തിന്റെ (വ്യത്യസ്ത മേഖലകളിൽ) അടിസ്ഥാനത്തിൽ ശ്രമിക്കാവുന്ന ഒട്ടേറെ എൻട്രികളും സായുധസേനകളിൽ ഉണ്ട്. അവയെക്കുറിച്ച് അറിയാൻ ഇവിടെ സൂചിപ്പിച്ച വെബ്സൈറ്റുകൾക്കൊപ്പം https://careerindianairforce.cdac.in കൂടി കാണുക.
Content Highlights: Opportunities for plus two computer science students in Indian Army, Ask Expert