Representational image | Photo: gettyimages.in
പ്ലസ് ടു വിദ്യാര്‍ഥിയാണ്. 2022-ലെ ജെ. ഇ.ഇ., നീറ്റ് യു.ജി. എന്നിവയ്ക്ക് അപേക്ഷ വിളിക്കാറായോ? പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാവുന്ന മറ്റേതെങ്കിലും പരീക്ഷകളുടെ വിജ്ഞാപനം വന്നിട്ടുണ്ടോ?
-പ്രവീണ്‍, പാലക്കാട്
പ്ലസ്ടു യോഗ്യത അടിസ്ഥാനമാക്കിയുള്ള വിജ്ഞാപനങ്ങള്‍, തൊട്ടുതലേ അക്കാദമിക് വര്‍ഷം ഓഗസ്റ്റ്/സെപ്റ്റംബര്‍ മാസങ്ങള്‍ മുതല്‍ വരാറുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ പരീക്ഷകളുടെ സമയക്രമത്തെപ്പറ്റി കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥയുണ്ട്.
ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ 2020 പ്രവേശനത്തിനുള്ള വിജ്ഞാപനം 2019 സെപ്റ്റംബറിലാണ് വന്നത്. എന്നാല്‍, 2021 പ്രവേശനത്തിനുള്ള വിജ്ഞാപനം വന്നത് 2020 ഡിസംബറിലായിരുന്നു. പരീക്ഷകളുടെ രണ്ടു സെഷനുകളുടെ സമയക്രമം പ്രഖ്യാപിച്ചിരുന്നത് പിന്നീട് മാറ്റിയിരുന്നു. 2021-ലെ ജെ.ഇ.ഇ. മെയിന്‍ അടിസ്ഥാനമാക്കിയുള്ള ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് ഒക്ടോബറിലാണ് നടന്നത്. നവംബര്‍/ഡിസംബറിലാണ് ജോസ/സിസാബ് വഴിയുള്ള അലോട്ട്‌മെന്റ് പൂര്‍ത്തിയായത്. 2022 പ്രവേശനത്തിനുള്ള വിജ്ഞാപനം വന്നിട്ടില്ല.
2020 പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. വിജ്ഞാപനം 2019 ഡിസംബറില്‍ വന്നു. എന്നാല്‍, 2021 പ്രവേശനത്തിനുള്ള വിജ്ഞാപനം വന്നത് 2021 ജൂലായിലായിരുന്നു. ഫലം നവംബര്‍ ഒന്നിന് പ്രഖ്യാപിച്ചു. എന്നാല്‍, പ്രവേശന നടപടികള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. 2022 ലെ വിജ്ഞാപനം വന്നിട്ടില്ല.
2021-ലെ ജെ.ഇ.ഇ. പ്രവേശനം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ 2022 പ്രവേശനത്തിനുള്ള വിജ്ഞാപനം താമസിയാതെ വന്നേക്കും. നീറ്റ് യു.ജി. വിജ്ഞാപനം 2021-ലെ പ്രവേശനനടപടികഴിഞ്ഞ് വരുമോ അതോ മുന്‍ വര്‍ഷത്തെപ്പോലെ മാത്രമേ വരികയുള്ളോയെന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. ബോര്‍ഡ് പരീക്ഷകളുടെ സമയക്രമവും കോവിഡ് സാഹചര്യംവും ഇക്കാര്യത്തില്‍ പരിഗണിക്കപ്പെടാവുന്ന ഘടകങ്ങളാണ്.
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന 2022 പ്രവേശനത്തിനുള്ള പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളുടെ വിജ്ഞാപനങ്ങള്‍ ഇതിനകം വന്നിട്ടുണ്ട്. ഐ.ടി./ഐ.ഐ. ഐ.ടി.ഡി.എം. ബാച്ചലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിനുള്ള അണ്ടര്‍ ഗ്രാജുവേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ടി.) ബി.ഡിസ്. പ്രവേശനത്തിനുള്ള ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡാറ്റ്), ബി.ഡിസ്./ബി.എഫ്.ടി. പ്രവേശനത്തിനു ള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷ എന്നിവയാണ് അവ.
യുസീഡ്, എന്‍.ഐ.ഡി. ഡാറ്റ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു. നിഫ്റ്റ് പ്രവേശനപരീക്ഷയ്ക്ക് ജനുവരി 17 വരെ അപേക്ഷിക്കാം. ലേറ്റ് ഫീ അടച്ച് 22 വരെയും.
ദേശീയ നിയമ സര്‍വകലാശാലകളിലെ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം പ്രവേശനത്തി നുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) 2022 മേയ് എട്ടിനും ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ലോ പ്രോഗ്രാം പ്രവേശനത്തിനുള്ള ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് ടെസ്റ്റ് (എ.ഐ.എല്‍.ഇ.ടി. 2022 മേയ് ഒന്നിനുംനടത്തും. രണ്ടിന്റെയും അപേക്ഷ നല്‍കാന്‍ ആയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിജ്ഞാപനങ്ങള്‍ പ്രതീക്ഷിക്കാം.
Content Highlights: does applications for J.E.E , NEET U.G are open