Image: PTI
നിഥിന്‍, പാലക്കാട്
ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷനിലേക്ക് നയിക്കുന്ന 10+2 ടെക്‌നിക്കല്‍ എന്‍ട്രി കോഴ്‌സിലെ 2022 ജനുവരി സെഷനിലേക്ക് വിളിച്ച അപേക്ഷപ്രകാരം വേണ്ട യോഗ്യത ഇപ്രകാരമാണ് * അവിവാഹിതായ ആണ്‍കുട്ടികള്‍ ആയിരിക്കണം • കോഴ്‌സ് തുടങ്ങുന്ന 1. 1. 2022ന് പ്രായം പതിനാറരവയസ്സില്‍ താഴെ. പത്തൊന്‍പതര വയസ്സ് കവിയരുത്. 2002 ജൂലായ് രണ്ടിനോ മുമ്പോ 2005 ജൂലായ് ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കരുത് • അപേക്ഷാര്‍ഥി അംഗീകൃതബോര്‍ഡില്‍നിന്നും 10+2/തുല്യപരീക്ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാംക്ലാസില്‍ മൂന്നിനുംകൂടി മൊത്തം 60 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം • അപേക്ഷാര്‍ഥിക്ക് 2021ലെ ജോയന്റ്് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ ബി.ഇ/ബി.ടെക്. പേപ്പറില്‍ റാങ്ക് ഉണ്ടായിരിക്കണം • മെഡിക്കല്‍/ഫിസിക്കല്‍ സ്റ്റാന്‍ഡേഡ്‌സ് തൃപ്തിപ്പെടുത്തണം (www.joinindianarmy.nic.in കാണുക).
തീരുമാനിക്കപ്പെടുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷകരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. അന്തിമ തിരഞ്ഞെടുപ്പ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂ, മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
ക്ലാസ് 12 പരീക്ഷയുടെ മാര്‍ക്ക്, ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പേപ്പര്‍ ഒന്നിലെ റാങ്ക് എന്നിവ അപേക്ഷിക്കാന്‍ നിര്‍ബന്ധമാണ്. അതിനാല്‍ 202122ല്‍ പ്ലസ്ടു കോഴ്‌സില്‍ പന്ത്രണ്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് 2022 ജനുവരി സെഷനിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല. വിശദമായ വിജ്ഞാപനം www.joinindianarmy.nic.inല്‍ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മിലിറ്ററി പരിശീലനം നല്‍കും. ഒപ്പം നാലുവര്‍ഷ എന്‍ജിനിയറിങ് പഠനവും ഉണ്ടാകും. ബേസിക് മിലിറ്ററി ട്രെയിനിങ് ഒരുവര്‍ഷമാണ്. ടെക്‌നിക്കല്‍ ട്രെയിനിങ് രണ്ടു ഘട്ടങ്ങളിലായി നാലുവര്‍ഷമാണ്. ആദ്യഘട്ടം മൂന്നുവര്‍ഷംനീളുന്ന പ്രീ കമ്മിഷന്‍ ട്രെയിനിങ്ങാണ്. പോസ്റ്റ് കമ്മിഷന്‍ ട്രെയിനിങ് ദൈര്‍ഘ്യം ഒരുവര്‍ഷവും.
കോഴ്‌സില്‍ നാലുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് റാങ്കോടെ സ്ഥിരം കമ്മിഷന്‍ അനുവദിക്കും. നാലുവര്‍ഷത്തെ എന്‍ജിനിയറിങ് കോഴ്‌സ് അന്തിമപരീക്ഷ ജയിക്കുന്നവര്‍ക്ക് എന്‍ജിനിയറിങ് ബിരുദവും കിട്ടും. 2022 ജനവരി സെഷനിലേക്ക് നവംബര്‍ എട്ടു വരെ അപേക്ഷിക്കാം.
Content Highlights: Details About Army Technical entry