പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്ലസ്വൺ വിദ്യാർഥിനിയാണ്. സി.എ. പഠിക്കാൻ എന്തു ചെയ്യണം -അഞ്ജലി, തൃശ്ശൂർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) നടത്തുന്ന മൂന്നുഘട്ട പ്രോഗ്രാമാണ് ചാർട്ടേഡ് അക്കൗണ്ടൻസി (സി.എ.) പ്രോഗ്രാം. ഫൗണ്ടേഷൻ, ഇന്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് ഘട്ടങ്ങൾ. ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശനതല പ്രോഗ്രാം. പത്താംക്ലാസ് ജയിച്ചശേഷവും പന്ത്രണ്ടാം ക്ലാസ്/തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും രജിസ്റ്റർചെയ്യാം. എപ്പോൾ രജിസ്റ്റർചെയ്താലും പ്ലസ്ടുതല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. കൂടാതെ, ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർചെയ്തശേഷം കുറഞ്ഞത് നാലുമാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരുവർഷം ജൂൺ 30-നകം രജിസ്റ്റർചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31-നകം രജിസ്റ്റർ ചെയ്യുന്നവർക്ക് മേയിലെ പരീക്ഷയും അഭിമുഖീകരിക്കാം. ഫൗണ്ടേഷൻ കോഴ്സിന് നാലുപേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ് രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽകേണ്ടതാണ്.
പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടീസ് ഓഫ് അക്കൗണ്ടിങ്, ബിസിനസ് ലോ ആൻഡ് ബിസിനസ് കറസ്പോണ്ടൻസ് ആൻഡ് റിപ്പോർട്ടിങ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻഡ് ലോജിക്കൽ റീസണിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് ഇക്കണോമിക്സ് ആൻഡ് ബിസിനസ് ആൻഡ് കൊമേഴ്ഷ്യൽ നോളജ് (രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിങ്ങിൽ ഓരോ പേപ്പറിലും 40-ഉം നാലിലുംകൂടി 50-ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.
ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് മൂന്നുവർഷത്തെ സാധുതയുണ്ട്. അധിക ഫീസടച്ച് മൂന്നുവർഷത്തേക്കുകൂടി എത്രതവണ വേണമെങ്കിലും ഇത് റീ-വാലിഡേറ്റ് ചെയ്യാം. ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇന്റർ മീഡിയറ്റ് ഘട്ടത്തിനും അതിന്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർചെയ്യാം.
ബിരുദമെടുത്ത ശേഷം നേരിട്ട് ഇന്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. വിശദാംശങ്ങൾക്ക് https://www.icai.org/ -ൽ സ്റ്റുഡന്റ്സ് ലിങ്ക് കാണുക.
Content Highlights: Chartered accountancy admission and exam