എം.ബി.ബി.എസിന് അടുത്ത അധ്യയനവര്‍ഷം നീറ്റ് യു.ജി. 2020 വഴി പ്രവേശനം നടത്തുന്ന എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്), ജിപ്മര്‍ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) എന്നീ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്താണ്? - രേഷ്മ, തിരുവനന്തപുരം
2020 പ്രവേശനം മുതല്‍ എയിംസ്, ജിപ്മര്‍ എന്നീ സ്ഥാപനങ്ങളിലെ എം.ബി.ബി.എസ്. പ്രവേശനത്തിനായി പ്രത്യേകം പ്രവേശനപരീക്ഷകള്‍ ഉണ്ടാകില്ല. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. അടിസ്ഥാനമാക്കിയാകും ഇവയിലെ പ്രവേശനം.
എയിംസ്, ജിപ്മര്‍ എന്നീ രണ്ടുസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും സ്ഥാപനത്തില്‍ 2020- ല്‍ എം.ബി.ബി.എസ്. പ്രവേശനം അഗ്രഹിക്കുന്നവര്‍ നീറ്റ് യു.ജി. 2020- ന് രജിസ്റ്റര്‍ചെയ്ത് പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത നേടേണ്ടതുണ്ട്. എയിംസ്, ജിപ്മര്‍ എന്നീ രണ്ടുസ്ഥാപനങ്ങള്‍ക്കു മാത്രമായി പ്രത്യേകം രജിസ്‌ട്രേഷന്‍ നടപടികളൊന്നുമില്ല. നീറ്റിന് അപേക്ഷിക്കുമ്പോള്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍/പ്രവേശന പ്രക്രിയകള്‍ ഒന്നുംതന്നെ അറിയിക്കേണ്ടതുമില്ല.
നീറ്റ് യു.ജി. ഫലം വന്ന ശേഷം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) വിവിധ വിഭാഗം കോളേജുകളിലേക്കുള്ള അലോട്ടുമെന്റുകള്‍ നടത്തും. എയിംസ്, ജിപ്മര്‍ എന്നീ രണ്ടു സ്ഥാപനങ്ങളിലേക്കുള്ള അലോട്ട്‌മെന്റും ഈ പ്രക്രിയയില്‍ ഉള്‍പ്പെടും. ഇവയിലേക്കും താത്പര്യമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും മുന്‍ഗണന നിശ്ചയിച്ച് ഓപ്ഷന്‍/ചോയ്‌സ് നല്‍കുമ്പോള്‍ ഇവയിലേക്കുമുള്ള ചോയ്‌സും ഉള്‍പ്പെടുത്തിയാല്‍ മതി. ചോയ്‌സ് നല്‍കുന്ന അപേക്ഷകരെ അര്‍ഹതയ്ക്കുവിധേയമായി പരിഗണിക്കും. ഇതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി പ്രസിദ്ധപ്പെടുത്തും.
ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert