നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.) നടത്തുന്ന ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കാനും അവരുടെ അക്കാദമിക, സാമൂഹിക- വൈകാരിക, ധാര്‍മിക പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാനും മാര്‍ഗനിര്‍ദേശകരുടെ നൈപുണികളും പ്രാപ്തിയും വര്‍ധിപ്പിക്കുക എന്നതാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്.
അധ്യാപകര്‍, അധ്യാപക പരിശീലകര്‍, സ്‌കൂള്‍ഭരണാധികാരികള്‍, പരിശീലനം നേടാത്ത ഗൈഡന്‍സ് പ്രവര്‍ത്തകര്‍ എന്നിവരെയൊക്കെ ഉദ്ദേശിച്ചുനടത്തുന്ന ഈ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. വിദൂരപഠനം (ആറുമാസം), മുഖാമുഖ സമ്പര്‍ക്കക്ലാസ് (മൂന്നുമാസം) എന്നീ രീതികള്‍ കോര്‍ത്തിണക്കിക്കൊണ്ടുനടത്തുന്ന പ്രോഗ്രാമില്‍ അപേക്ഷാര്‍ഥിയുടെ സ്വന്തം നാട്ടിലെ ഇന്റേണ്‍ഷിപ്പും (മൂന്നുമാസം) ഉള്‍പ്പെടുന്നു.
യോഗ്യത
ഇന്‍സര്‍വീസ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ബിരുദവും അധ്യാപനബിരുദവും വേണം. ഇപ്പോള്‍ ജോലിചെയ്യാത്ത, കുറഞ്ഞത് രണ്ടുവര്‍ഷത്തെ അധ്യാപന/സമാന പരിചയമുള്ള ബിരുദവും അധ്യാപന ബിരുദവും ഉള്ളവര്‍ക്കും അപേക്ഷിക്കാം. സൈക്കോളജി/ എജ്യുക്കേഷന്‍/സോഷ്യല്‍ വര്‍ക്ക്/ചൈല്‍ഡ് ഡെവലപ്‌മെന്റ്/സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ എന്നിവയിലെ പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഇവരില്‍, കുറഞ്ഞത് ഒരുവര്‍ഷത്തെ അധ്യാപന/സമാന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. എല്ലാ അപേക്ഷകര്‍ക്കും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്കുവേണം.
അപേക്ഷ
ആറുകേന്ദ്രങ്ങളിലായി കോഴ്‌സ് നടത്തും. ന്യൂഡല്‍ഹിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷണല്‍ സൈക്കോളജി ആന്‍ഡ് ഫൗണ്ടേഷന്‍സ് ഓഫ് എജ്യുക്കേഷന്‍ (ഡി.ഇ.പി.എഫ്.ഇ.), അജ്‌മേര്‍, ഭോപാല്‍, ഭുവനേശ്വര്‍, മൈസൂര്‍, ഷില്ലോങ് എന്നീ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ (ആര്‍.ഐ.ഇ.) എന്നിവിടങ്ങളില്‍ 50 വീതം പേര്‍ക്ക് പ്രവേശനം നല്‍കും.
അപേക്ഷാഫോം www.ncert.nic.in ലെ പ്രോഗ്രാം വിജ്ഞാപനത്തിന്റെ ലിങ്കില്‍ ഉണ്ട്. കേരളത്തിലെ അപേക്ഷകര്‍ മൈസൂര്‍ ആര്‍.ഐ.ഇ.യിലേക്ക് (തപാലിലും ഇ-മെയില്‍ വഴിയും) അപേക്ഷ അയക്കണം. അവസാനതീയതി: നവംബര്‍ 15.
Content Highlights: Diploma in Guidance and Counselling; Apply by 15 November