പ്രതീകാത്മക ചിത്രം | Pic Credit: Getty Images
സ്വയം സംരംഭകരാവാന്‍ ആഗ്രഹിക്കുന്ന ബയോടെക്‌നോളജി മേഖലയിലെ ഗവേഷകര്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും ബയോടെക്‌നോളജി ഇഗ്‌നീഷന്‍ ഗ്രാന്റ് (ബിഗ്) പദ്ധതിയുമായി ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബിറാക്).
മേഖലകള്‍
ആശയത്തിനു സാധൂകരണംനല്‍കാനും അതു നടപ്പാക്കാനാവശ്യമായ സഹായധനം, മാര്‍ഗനിര്‍ദേശം എന്നിവ നല്‍കാനും പദ്ധതി വിഭാവനംചെയ്യുന്നു. ഹെല്‍ത്ത്‌കെയര്‍, ലൈഫ് സയന്‍സസ്, ഡയഗ്‌ണോസ്റ്റിക്‌സ്, മെഡിക്കല്‍ ഡിവൈസസ്, ഡ്രഗ്‌സ്, വാക്‌സിന്‍, ഡ്രഗ് ഫോര്‍മുലേഷന്‍സ് ആന്‍ഡ് ഡെലിവറി സിസ്റ്റംസ്, ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി, അഗ്രിക്കള്‍ച്ചര്‍, സെക്കന്‍ഡറി അഗ്രിക്കള്‍ച്ചര്‍, വേസ്റ്റ് മാനേജ്‌മെന്റ്, സാനിറ്റേഷന്‍, ക്ലീന്‍ എനര്‍ജി, ബന്ധപ്പെട്ട മേഖലകള്‍ എന്നിവയിലെ നൂതന ആശയങ്ങള്‍ പരിഗണിക്കപ്പെടും.
വ്യക്തിക്കോ, കമ്പനിക്കോ, ശാസ്ത്രമേന്‍മയുള്ളതും വാണിജ്യവത്കരണ സാധ്യതയുള്ളതുമായ ഒരു ആശയം നിര്‍ദേശിക്കാനോ, ഇതുവരെ കൈകാര്യം ചെയ്യാതെപോയ ഒരു ദേശീയ ആവശ്യകത അഭിസംബോധന ചെയ്യാനോ കഴിയുമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന പ്രൊപ്പോസലുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. ഇവ ബിറാക് മുന്നാകെ അവതരിപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗ്രാന്റ് ഇന്‍ എയ്ഡ് വഴി 50 ലക്ഷം രൂപ വരെ ഫണ്ടിങ് ലഭിക്കാം.
ഇവര്‍ക്ക് അപേക്ഷിക്കാം
പിഎച്ച്.ഡി. സ്‌കോളര്‍മാര്‍, ബി.ടെക്., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഫാര്‍മസി, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വ്യക്തികള്‍ക്ക് അപേക്ഷിക്കാമെങ്കിലും ഒരുസംഘത്തിന്റെ അപേക്ഷകള്‍ക്ക് മുന്‍ഗണനയുണ്ട്. സംഘത്തിന്റെ മൂന്നില്‍ രണ്ടുപേര്‍ ലൈഫ് സയന്‍സസ് മേഖലയില്‍ നിന്നുമാണെങ്കില്‍ എം.ബി.എ.ക്കാര്‍ക്കും അപേക്ഷിക്കാം.
പ്രോജക്ട് കാലാവധി പരമാവധി 18 മാസം. അപേക്ഷ https://birac.nic.in/big.php വഴി ഫെബ്രവരി 15- നകം രജിസ്റ്റര്‍ ചെയ്യണം.
Content Highlights: Biotechnology Ignition Grant Scheme for Startups