ഗതാഗത നിയമം പാലിക്കാനുള്ളതാണ്‌


2 min read
Read later
Print
Share

വഴിമുടക്കലിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആലുവ ഡിെവെ.എസ്‌.പി.യായ കെ.ബി. പ്രഫുല്ലചന്ദ്രൻ കേസെടുക്കാനായി എടത്തല പോലീസ്‌ സ്റ്റേഷനിൽ നിർദേശം നൽകി. അറസ്റ്റിലായ കാർ ഡ്രൈവറുടെ ലൈസൻസ്‌ മൂന്നുമാസത്തേക്കു റദ്ദാക്കിയിട്ടുമുണ്ട്‌.

വഴിപ്പക എന്നാണ്‌ അടുത്തകാലത്തായി കേരളത്തിലെ റോഡുകളിൽ വർധിച്ചുവരുന്ന ആ പുതിയ പെരുമാറ്റ വൈകൃതത്തെ വിളിക്കേണ്ടത്‌. ഗതാഗത നിയമങ്ങളെല്ലാം നിഷേധിച്ച്‌ അതിവേഗത്തിൽ പാഞ്ഞും മറികടക്കാൻ അനുവദിക്കാതെയും അനാവശ്യമായ തർക്കങ്ങളും അക്രമങ്ങളുമുണ്ടാക്കിയും സ്വന്തം മാത്രമല്ല, അന്യരുടെ ജീവിതവും ആപത്തിൽപ്പെടുത്തുന്ന വണ്ടിയോട്ടക്കാരുടെ എണ്ണം കൂടിവരികയാണ്‌, വാഹനപ്പെരുപ്പത്തോടൊപ്പം.

വഴക്കുണ്ടാക്കി ഗതാഗതം മുടക്കിയും വശംകൊടുക്കാതെ ബുദ്ധിമുട്ടിച്ചും കൈയൂക്ക്‌ കാണിച്ചും മര്യാദക്കാരായ യാത്രക്കാരെ ഭീതിയിലാക്കുന്ന ആ വഴിപ്പകയുടെ പ്രത്യക്ഷോദാഹരണമാണ്‌ കഴിഞ്ഞദിവസം ആലുവയ്ക്കടുത്തു നടന്നത്‌. ശ്വാസതടസ്സംമൂലം അത്യാസന്നനിലയിലായ നവജാതശിശുവുമായി ആശുപത്രിയിലേക്കു പോവുകയായിരുന്ന അച്ഛനമ്മമാരുടെ ആംബുലൻസ്‌ കടന്നുപോകാൻ അനുവദിക്കാതെ വഴിമുടക്കി കാറോടിച്ച ഒരു ചെറുപ്പക്കാരൻ കടുത്ത നിയമലംഘനവും മനുഷ്യത്വശൂന്യതയുമാണു കാണിച്ചത്‌. പെരുമ്പാവൂരിലെ ആശുപത്രിയിൽനിന്ന്‌ കളമശ്ശേരിയിലെ മെഡിക്കൽകോളേജിലേക്ക്‌ പോവുകയായിരുന്ന ആംബുലൻസ്‌ ഇരുപതു മിനിറ്റിലധികം വൈകിയാണു ലക്ഷ്യസ്ഥാനത്തെത്തിയത്‌. ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്റെ വിലയുള്ളതാണ്‌ ആ ഇരുപതു മിനിറ്റെന്ന്‌ വഴിപ്പക ബാധിച്ചയാൾ മനസ്സിലാക്കിയില്ല.


വഴിമുടക്കലിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആലുവ ഡിെവെ.എസ്‌.പി.യായ കെ.ബി. പ്രഫുല്ലചന്ദ്രൻ കേസെടുക്കാനായി എടത്തല പോലീസ്‌ സ്റ്റേഷനിൽ നിർദേശം നൽകി. അറസ്റ്റിലായ കാർ ഡ്രൈവറുടെ ലൈസൻസ്‌ മൂന്നുമാസത്തേക്കു റദ്ദാക്കിയിട്ടുമുണ്ട്‌. പോലീസിന്റെ അഭിനന്ദനീയമായ നടപടിയില്ലായിരുന്നെങ്കിൽ ആരെയും നടുക്കുന്ന ഇൗ വഴിപ്പക ചോദ്യംചെയ്യപ്പെടുമായിരുന്നില്ല. എത്ര തിരക്കേറിയ റോഡിലും നിലവിളിച്ചെത്തുന്ന ആംബുലൻസിനും രോഗികളെയുംകൊണ്ട്‌ പായുന്ന മറ്റു വാഹനങ്ങൾക്കും കടന്നുപോകാൻ ഇടമുണ്ടാക്കുന്നതാണ്‌ ലോകത്തെവിടെയുമുള്ള ശീലം. നമ്മുടെ നാട്ടിലും അതങ്ങനെയായിട്ടും ആളുകൾ വഴിമുടക്കാൻ ശ്രമിക്കുന്നത്‌ മനുഷ്യത്വമില്ലായ്മയും നിയമവ്യവസ്ഥയോടുള്ള ബഹുമാനമില്ലായ്മയും കൊണ്ടാണ്‌. ഗതാഗതനിയമങ്ങളും വഴിമര്യാദകളും ഉത്തരവാദ ഡ്രൈവിങ്ങും പാലിക്കാതിരിക്കൽ കേരളത്തിലെവിടെയും കാണാം.

ഹെൽമെറ്റ്‌ ധരിക്കാതിരിക്കലും സീറ്റ്‌ ബെൽറ്റിടാതിരിക്കലും തൊട്ടുതുടങ്ങുന്ന ആ മര്യാദാലംഘനത്തിന്റെ പരകോടികളാണ്‌ മോട്ടോർ ബൈക്കുകളുടെ മരണപ്പാച്ചിലും മറ്റുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ലംഘിക്കുന്ന ഡ്രൈവിങ്ങും.ടിപ്പർ ലോറികളും സ്വകാര്യബസുകളും വഴിയിലെവിടെയും വെട്ടിത്തിരിയുന്ന ഓട്ടോറിക്ഷകളുമെല്ലാം മരണദൂതരായി നിറഞ്ഞുനിൽക്കുന്ന നമ്മുടെ പാതകളിൽ സുരക്ഷിത യാത്രയൊരുക്കാൻ ബോധവത്‌കരണത്തിനും കർശനമായ നിയമപാലനത്തിലും മാത്രമേ കഴിയൂ. ഗതാഗതനിയമ ബോധവത്‌കരണം സ്കൂൾ ക്ലാസുകളിൽനിന്നേ തുടങ്ങേണ്ടതാണ്‌, പ്രഥമശുശ്രൂഷാ പാഠങ്ങളെന്നപോലെ.


ജീവനിൽ പേടിയില്ലാതെ നിരത്തിൽ സഞ്ചരിക്കാനും വാഹനമോടിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്‌. അത്‌ തടയുന്നത്‌ മനുഷ്യാവകാശ ലംഘനമായാണു കാണേണ്ടത്‌. ജീവനുവേണ്ടി പിടയുന്ന രോഗിയുമായി ആശുപത്രിയിലേക്കോടുന്ന ആംബുലൻസിന്‌ വാഹനമുപയോഗിച്ചു മാർഗതടസ്സമുണ്ടാക്കിയാലും അശ്രദ്ധമായ ഡ്രൈവിങ്ങിനു കേസെടുക്കാനേ നമ്മുടെ നാട്ടിൽ വകുപ്പുള്ളൂ.

താത്‌കാലികമായി ലൈസൻസ്‌ റദ്ദാക്കാനും പിഴയീടാക്കാനും മാത്രമുള്ള അധികാരമല്ല മോട്ടോർവാഹന വകുപ്പിനു വേണ്ടത്‌. ഫലപ്രദമായ എൻഫോഴ്‌സ്‌മെന്റ്‌ സംവിധാനം കേരളത്തിൽ ആ വകുപ്പിന്‌ ഇനിയുമില്ല. വഴിപ്പകയിൽ നിന്നുണ്ടാകുന്ന മാർഗതടസ്സം സൃഷ്ടിക്കലിനും അശ്രദ്ധമായ വണ്ടിയോടിക്കലിനും അതിവേഗത്തിനും കടുത്തശിക്ഷയുണ്ടാകുമെന്നു തീർച്ചയായാലേ ആലുവയിലെ ആംബുലൻസ്‌ തടസ്സപ്പെടുത്തൽ പോലുള്ള സംഭവങ്ങൾ അവസാനിക്കൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram