പതിനെട്ടുമലകൾ തീർക്കുന്ന പൂങ്കാവനത്തിലാണ് ശബരിമലയിലെ പുണ്യക്ഷേത്രം. കാടും മേടും കയറി അയ്യപ്പന്മാരെത്തുന്ന പ്രശാന്തമായ ആരണ്യതീർഥം. കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്തെ പല രാത്രികളും പകലുകളും പക്ഷേ, സംഘർഷഭരിതമായിരുന്നു. പമ്പാതീരവും പരിസരങ്ങളും പ്രശ്‌നങ്ങളാൽ കലുഷിതമായി. നീതിയുടെ വ്യാഖ്യാനങ്ങൾക്കും അദമ്യമായ ഭക്തിക്കുമിടയിൽ സമവായമില്ലാെതപോയി. ശരണമന്ത്രങ്ങൾ മുഴങ്ങേണ്ട ശബരിമല സംഘർഷഭൂമിയായി. തീർഥാടകർ വരാൻ ഭയപ്പെട്ടു. തീർഥാടനനൈരന്തര്യത്തിന് തടസ്സം നേരിട്ടു. വരുമാനം ഇടിഞ്ഞു. അത്തരമൊരവസ്ഥ ഇനി ഉണ്ടായിക്കൂടാ. ശബരിമല വിഷയത്തിൽ ഉണ്ടായ സുപ്രീംകോടതി നിരീക്ഷണങ്ങളെ, വ്യാഖ്യാനങ്ങൾ പലതാണെങ്കിലും, എല്ലാവരും സ്വാഗതംചെയ്തിട്ടുണ്ട്. പക്ഷേ, ഒരു വ്യാഖ്യാനവും ശബരിമലയെയോ തീർഥാടനത്തെയോ അലോസരപ്പെടുത്തുന്നതാകരുത്. ദൈവവും ഭക്തരും ഒരു പേരിൽത്തന്നെ വിളിക്കപ്പെടുന്ന ആചാരക്രമമാണ് ശബരിമലയിലേത്. പുരുഷന്മാർ അയ്യപ്പന്മാരും സ്ത്രീകൾ മാളികപ്പുറങ്ങളും കുട്ടികൾ മണികണ്ഠന്മാരുമാണ്. അത്രമേൽ ദൈവം ഭക്തരിൽനിന്ന് അഭിന്നനായിരിക്കുന്നു. ഒരുതരത്തിൽ ഭക്തരിലെ ഈശ്വരത്വത്തെ കണ്ടെത്തുന്ന പ്രകൃതിയോടുചേർന്നുള്ള തീർഥയാത്രയാണത്. മനസ്സും ശരീരവും ശുദ്ധമാക്കി വ്രതംനോറ്റ്, കല്ലുംമുള്ളും ചവിട്ടി സകലതിലും സ്വാമിയെക്കണ്ട്, ഇരുമുടിയേന്തി പതിനെട്ടു പടികടന്ന് അയ്യനെക്കണ്ട് തിരിച്ചുപോരുന്നതിലെ ആത്മീയസാഫല്യം അവാച്യമാണ്, അലൗകികവും.
തീർഥാടനം ശബരിമലയിലേക്കാണെങ്കിലും ദേശാന്തരങ്ങളിൽ അതിന്റെ പ്രതിഫലനങ്ങളുണ്ട്, തയ്യാറെടുപ്പുകളുണ്ട്. തീർഥാടനകാലം പ്രകൃതിയുടെയും മനസ്സുകളുടെയും ഉണർവിന്റെ കാലമാണ്. അത് നിലനിന്നുപോവേണ്ടതുണ്ട്. തീർപ്പുകൾ എന്തായാലും അത് തീർഥാടനത്തെ ബാധിക്കരുത്. കോടിക്കണക്കിന് ഭക്തരുടെ ആത്മീയമായ ഉന്നതിക്കുപുറമേ ഈ തീർഥാടനത്തെ ആശ്രയിച്ചു ജീവിച്ചുപോരുന്ന ധാരാളം മനുഷ്യരുമുണ്ട്. പമ്പയിലും സന്നിധാനത്തും എരുമേലിയിലും ശരണപാതകളിലും തീർഥാടകർ സഞ്ചരിക്കുന്ന വഴികളിലുമെല്ലാം അവരെമാത്രം പ്രതീക്ഷിച്ച് ഉയരുന്ന കടകളുണ്ട്. തീർഥാടനത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി സാധനസാമഗ്രികൾ എത്തിക്കുന്നവരുണ്ട്. അസംഖ്യം തൊഴിലാളികളുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചലനമുണ്ടാക്കുന്ന കാലംകൂടിയാണ് മണ്ഡലകാലം. സുപ്രീംകോടതിവിധിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അവരവരുടെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ ശബരിമലയിൽ സമാധാനപരമായ തീർഥാടനവും അന്തരീക്ഷവും പുലരാൻ ഒന്നിച്ചു യത്നിക്കണം. മദമാത്സര്യങ്ങളെ പുറത്തുനിർത്തുന്നതാണ് അയ്യപ്പധർമം. ശബരിമലയിലേക്കുള്ള ശരണയാത്ര, ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നടത്തുന്ന സഞ്ചാരം മാത്രമല്ല. ഭക്തൻ അവനവനെത്തന്നെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിനടത്തുന്ന യാത്രകൂടിയാണ്. ശബരിമല തീർഥാടനവുമായി ആരെല്ലാം ഏതൊക്കെ തരത്തിൽ ബന്ധപ്പെടുന്നുവോ അവരെല്ലാം തിരിച്ചറിയേണ്ടതാണിത്. ജോലിക്കായാലും അല്ലെങ്കിലും ശബരിമലയിലെത്തുന്ന എല്ലാവരും തീർഥാടകരാണ്. ഒരുപാടുപേരുടെ മനസ്സിനെയും ജീവിതത്തെയും
ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള തീർഥാടനം അതിന്റെ സമഗ്രശോഭയോടും ഐശ്വര്യത്തോടും നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യംകൂടിയാണ്. പ്രകൃതിയുടെ മനസ്സിന് ഒരു പരിക്കുമേൽക്കാതെ നോക്കണം, മനുഷ്യമനസ്സിനും.
Content Highlights: Sabarimala Malayalam news, Sabarimala Women Entry,Sabarimala supreme court verdict