തീർഥാടക സൗകര്യം ഉറപ്പാക്കണം


2 min read
Read later
Print
Share

ശബരിമല മുന്നൊരുക്കം എന്ന വാക്കിന് ഇപ്പോൾ ഒരു വിലയും ഇല്ലാതായ മട്ടുണ്ട്. മുന്നൊരുക്കം തുടങ്ങുക മിക്കപ്പോഴും വൃശ്ചികം ഒന്നിനുതലേന്ന് നട തുറക്കുന്നു എന്ന് പൊടുന്നനേ ഓർക്കുമ്പോഴാണ്. ശബരിമലയിൽ മുന്നൊരുക്കമല്ല, സൗകര്യമൊരുക്കലിന്റെ തുടർച്ചയാണ് വേണ്ടത്

ല്ലും മുള്ളും കാലുക്ക് മെത്തയെന്ന് ശരണം വിളിക്കുന്ന തീർഥാടനകേന്ദ്രത്തിലേക്ക് പോകുന്നവർ സുഖസൗകര്യങ്ങൾ മോഹിക്കുന്നില്ല. പക്ഷേ, ഈ ആരാധനാലയത്തിൽ വരുന്നവർ ഇന്നത്തേക്കാൾ കൂടുതൽ പരിഗണനയും സൗഹൃദഭാവവും അർഹിക്കുന്നവരാണെന്നതിൽ രണ്ടുപക്ഷമില്ല. കേരളത്തിൽനിന്ന് മാത്രമല്ല രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റുരാജ്യങ്ങളിൽനിന്നും തീർഥാടകർ ശബരിമലയെന്ന പുണ്യസങ്കേതം തേടിവരുന്നു. അവർ നമ്മുടെ അതിഥികളാണ്. അവർക്ക് എല്ലാ അടിസ്ഥാനസൗകര്യവും ഉറപ്പാക്കേണ്ടതുണ്ട്. 42 രാജ്യങ്ങളിൽ നിന്നുള്ളവർ പോയ വർഷങ്ങളിൽ ഇവിടെ എത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വിവരം.

ശബരിമല മുന്നൊരുക്കം എന്ന വാക്കിന് ഇപ്പോൾ ഒരു വിലയും ഇല്ലാതായ മട്ടുണ്ട്. മുന്നൊരുക്കം തുടങ്ങുക മിക്കപ്പോഴും വൃശ്ചികം ഒന്നിനുതലേന്ന് നട തുറക്കുന്നു എന്ന് പൊടുന്നനേ ഓർക്കുമ്പോഴാണ്. ശബരിമലയിൽ മുന്നൊരുക്കമല്ല, സൗകര്യമൊരുക്കലിന്റെ തുടർച്ചയാണ് വേണ്ടത്. ഓരോ മകരവിളക്കിനുശേഷവും നട അടയ്ക്കുമ്പോൾതന്നെ അടുത്ത തീർഥാടനകാലത്തേക്കുള്ള ആലോചനകൾ വരണം. നടപടി തുടങ്ങണം. പക്ഷേ, ഇതൊന്നും ഇപ്പോഴില്ല. ഇക്കുറി നട തുറക്കാൻ ഇനി ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ ശബരിമലയിലും പരിസരത്തും ഉത്രാടപ്പാച്ചിലാണ് കാണുന്നത്. ഭക്ഷണം, കുടിവെള്ളം, ശൗചാലയം, മാലിന്യസംസ്‌കരണം, വഴിപാട് നടത്തിപ്പ് എന്നിവയിൽ അനിശ്ചിതത്വം ബാക്കിയാണ്. ഇവയിലെ ലേലം പലവട്ടം മുടങ്ങിയതാണ് കാരണം.
24 മണിക്കൂറും അന്നദാനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡും സർക്കാരും ഉറപ്പുനൽകുന്നുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇതുണ്ടാകും. പക്ഷേ, വൃത്തിയുള്ള അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും ഉണ്ടാകേണ്ടതുണ്ട്. അവ പ്രവർത്തിപ്പിക്കാനാകണം. ഏതുസമയത്തും ഭക്ഷണം ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. പുഷ്പാഭിഷേകം പോലുള്ള പ്രധാന വഴിപാടുകൾക്കുള്ള സാമഗ്രികൾ ഒരുകാരണവശാലും മുടങ്ങുന്ന സ്ഥിതിയുണ്ടാകരുത്. അരവണ പ്രസാദത്തിനുള്ള അസംസ്‌കൃതവസ്തുക്കളും ശേഖരിച്ചുവെക്കണം. നട തുറക്കുമ്പോൾ 20 ലക്ഷം ടിൻ അരവണ ഉണ്ടാകുമെന്ന് ബോർഡ് ഉറപ്പുനൽകുന്നുണ്ട്. തുടർന്നും കരുതൽ ശേഖരം ഉറപ്പാക്കണം.

നിലയ്ക്കൽ, പമ്പ, ശരണപാത, സന്നിധാനം എന്നിവിടങ്ങളിൽ കുടിവെള്ളം യഥേഷ്ടം കിട്ടണം. ചൂടുവെള്ളമാണ് ഭക്തർ ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത്. ടാപ്പിൽ ശുദ്ധീകരിച്ച വെള്ളം നൽകുന്നുണ്ട്. പക്ഷേ, ഇത് ഇപ്പോഴും പൂർണമനസ്സോടെ എല്ലാ ഭക്തരും കുടിക്കാൻ ആശ്രയിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഔഷധകുടിവെള്ളവിതരണം ശക്തമാക്കണം. 24 മണിക്കൂറും കുടിവെള്ളവിതരണത്തിന് 400 ജീവനക്കാർ വരുമെന്നത് സ്വാഗതാർഹമാണ്. ശൗചാലയങ്ങൾ നിലയ്ക്കലും സന്നിധാനത്തും കൃത്യമായി വൃത്തിയാക്കണം. ഇവിടങ്ങളിലേക്കുള്ള വെള്ളവിതരണവും ഉറപ്പാക്കണം. പോയ സീസണിൽ പമ്പയിലും നിലയ്ക്കലിലും കരാറുകാർ ശൗചാലയനടത്തിപ്പിൽ വീഴ്ചവരുത്തിയെന്ന് കേന്ദ്രമന്ത്രിതന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. നിലയ്ക്കൽ ഒരേസമയം ലക്ഷം അയ്യപ്പന്മാർവരെ തമ്പടിക്കുന്ന ഇടമായതിനാൽ അവിടെ വെള്ളം, വെളിച്ചം, മാലിന്യസംസ്‌കരണം എന്നിവ മുടങ്ങാൻപാടില്ല. പലപ്പോഴും ഇവിടെ ജലവിതരണം മുടങ്ങുന്നതുകാണാം. ശൗചാലയം അടച്ചിടുന്നതും പതിവ്. ഉയർന്ന റവന്യൂ ഉദ്യോഗസ്ഥനെ ഇവിടെ ഏകോപനത്തിന് നിയമിക്കണം.

നിലയ്ക്കൽ-പമ്പ യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. ഇടവേളയില്ലാതെ ഓടിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. പോയ സീസണിൽ സുരക്ഷയുടെപേരിൽ വണ്ടിസർവീസ് മുടക്കിയതും വഴിയിൽ തടഞ്ഞിട്ടതും ഭക്തരെ വലച്ചു. ഇത് ആവർത്തിക്കാൻ പാടില്ല. തിരക്കേറുമ്പോൾ വണ്ടികൾ നിർത്തിയിടണമെങ്കിൽ അത് കാടിന് മധ്യത്തിൽ ആകരുതെന്ന പ്രാഥമികപരിഗണന മറക്കരുത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram