പരിതാപകരമായ സ്ഥിതിയിലാണിപ്പോൾ സംസ്ഥാനത്തെ റോഡുകൾ. ദേശീയ, സംസ്ഥാന പാതകളിലെപ്പോലെയല്ല ഉൾനാടൻ പാതകളുടെ അവസ്ഥ. എണ്ണിയാൽത്തീരാത്ത കുഴികളും ടാറും കല്ലുമിളകലും പൊട്ടിപ്പൊളിയലുംകൊണ്ട് തകർന്ന റോഡുകളിലെ യാത്ര ആളുകളുടെ നടുവൊടിക്കുന്നു, വാഹനങ്ങൾക്കു സാരമായ കേടുപാടുകൾ സൃഷ്ടിക്കുന്നു. മഴ വന്നതോടെയാണ് സ്ഥിതി കൂടുതൽ വഷളായിരിക്കുന്നത്. കനത്ത മഴയിൽ സംസ്ഥാനത്തെ നാല്പതുശതമാനം റോഡുകളും തകർന്നുവെന്ന് പൊതുമരാമത്തുമന്ത്രിതന്നെ പറയുന്നു. വെള്ളപ്പൊക്കമുണ്ടായ അപ്പർ കുട്ടനാട്ടിലെ ഏതാണ്ടെല്ലാ റോഡുകളും നശിച്ചു. സംസ്ഥാനത്തെ റോഡുകൾ മുഴുവൻ നന്നാക്കാൻ മൂവായിരം കോടി രൂപ വേണ്ടിവരുമെന്നും പക്ഷേ, പൊതുമരാമത്തുവകുപ്പിന്റെ കൈവശം അഞ്ഞൂറുകോടി രൂപ മാത്രമേയുള്ളൂവെന്നും മന്ത്രി പറയുന്നു. തകർന്ന റോഡുകൾ സെപ്റ്റംബർ മാസത്തോടെ ഗതാഗതയോഗ്യമാക്കുമെന്ന അദ്ദേഹത്തിന്റെ വാക്കു വിശ്വസിച്ചാലും പിന്നെയും ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ റോഡുകൾ എല്ലാക്കാലത്തും ഇങ്ങനെയാവുന്നത് എന്നതാണ് ഏറ്റവും മുഖ്യമായ ചോദ്യം.
ഇടവപ്പാതിയും തുലാവർഷവുമുള്ള കേരളത്തിൽ വെള്ളക്കുത്തിലൊലിച്ചുപോവാത്ത റോഡുകളാണാവശ്യമെന്ന് ആർക്കാണറിയാത്തത്. കാലാവസ്ഥ കണക്കിലെടുത്ത് ഉറപ്പുള്ള റോഡുണ്ടാക്കുന്നതിനു പകരം ഓരോ വർഷവും തകർന്നു പടുകുഴിയും ചെളിക്കുളവുമാകുന്ന റോഡുണ്ടാക്കലാണ് കാലാകാലമായി കേരളത്തിലെ പതിവ്. ഓവർസിയർമാരും എൻജിനീയർമാരുമടങ്ങുന്ന സാങ്കേതികവിദഗ്‌ധരുടെ പടയും മറ്റു സംവിധാനങ്ങളുമെല്ലാമുണ്ടെങ്കിലും റോഡ് നിർമാണവും ടാറിടലും കേടുതീർക്കലുമെല്ലാം ഇപ്പോഴും ‘വെള്ളാനകളുടെ നാട്ടി’ലെ മട്ടിലാണ്. ബജറ്റിൽ നീക്കിവയ്ക്കുന്ന തുകയ്ക്കു പുറമേ അതിന്റെ ഇരട്ടിയോളംകൂടി ചെലവാക്കുന്ന സർക്കാർ വകുപ്പാണ് പൊതുമരാമത്ത്. 2018-ലെ ബജറ്റിൽ 1454 കോടി രൂപയാണ് റോഡിനും പാലത്തിനുമായി നീക്കിവെച്ചിട്ടുള്ളത്. ഖജനാവിലെ പണത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുന്ന പൊതുമരാമത്തുവകുപ്പിനെക്കുറിച്ചുള്ള ഏറ്റവും വലിയ ആരോപണം അടിമുടിനിറഞ്ഞ അഴിമതിയായിരുന്നു. ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയനേതാക്കളുമൊക്കെ പങ്കാളികളായ അഴിമതിയിൽനിന്ന് വകുപ്പിനെ ശുദ്ധീകരിക്കാൻ ഇപ്പോഴത്തെ മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ ആത്മാർഥമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും റോഡ് നിർമാണവും പരിപാലനവും പഴയപടി തന്നെ തുടരുന്നു.
പൊതുമരാമത്തു മന്ത്രിക്കുതന്നെ റോഡിലിറങ്ങി കുഴിയെണ്ണേണ്ടിവരുന്ന സ്ഥിതി ഒഴിവാകുന്ന ഒരു റോഡ് നിർമാണപദ്ധതിയും സംസ്‌കാരവുമാണ് കേരളത്തിനാവശ്യം. വർഷംതോറും പണം വാരിക്കോരി ചെലവഴിക്കുന്ന റോഡ് നിർമാണോത്സവത്തിനു പകരം കാലാവസ്ഥയുടെ പ്രാതികൂല്യം ചെറുത്തുനിൽക്കാൻ ശേഷിയുള്ള റോഡുകൾ നിർമിക്കാനാണു ശ്രമിക്കേണ്ടത്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക, വെള്ളം ഒഴുകിപ്പോകാൻ സഹായിക്കുന്ന ഓടകൾ നിർമിക്കുക, നിലവിലുള്ള ഓടകൾ കൃത്യമായി പരിരക്ഷിക്കുക, റോഡ് വെട്ടിപ്പൊളിക്കൽ പരമാവധി ഒഴിവാക്കുക, വെട്ടിപ്പൊളിച്ചാൽത്തന്നെ അത് പഴയ അതേ നിലവാരത്തിൽ പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കേരളത്തിലെ റോഡുകളെ മൊത്തത്തിലെടുത്ത് ഒരു സമഗ്രപദ്ധതി തയ്യാറാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കാലാവസ്ഥകൂടി കണക്കിലെടുത്ത് ഗവേഷണാടിസ്ഥാനത്തിൽ തയ്യാറാക്കേണ്ട ആ മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യം അടുത്ത രണ്ടുപതിറ്റാണ്ടു കാലത്തേക്കെങ്കിലും തകർച്ച പറ്റാത്ത റോഡ് എന്നതായിരിക്കണം.