പ്രവർത്തനമികവും വിശ്വാസ്യതയും കാര്യക്ഷമമായ ജനാധിപത്യഭരണക്രമവുമാണ് കേരളത്തിലെ സഹകരണമേഖല ശക്തമാകാൻ കാരണം. സഹകരണം, വ്യവസായം, ക്ഷീരം, ഫിഷറീസ് എന്നീ വകുപ്പുകൾക്കുകീഴിലായി ഇരുപതിനായിരത്തിലേറെ സഹകരണസംഘങ്ങൾ കേരളത്തിലുണ്ട്. എണ്ണംകൊണ്ട് കേരളത്തെക്കാളേറെ സഹകരണസ്ഥാപനങ്ങൾ മറ്റുപല സംസ്ഥാനത്തുമുണ്ട്. എന്നാൽ, നിയതമായ ഭരണക്രമവും ജനകീയ ഇടപെടലും സാധ്യമാകുന്ന സംഘങ്ങൾ കേരളത്തിലാണുള്ളത്. അതാണ് അതിന്റെ വിശ്വാസ്യതയും. രാഷ്ട്രീയമായ ഇടപെടലാണ് കേരളത്തിലെ സഹകരണമേഖലയെ ശക്തിപ്പെടുത്തിയതെന്ന് നിസ്സംശയം പറയാം. സഹകരണവകുപ്പിന്റെ മേൽനോട്ടം ഇതിന് ദിശാബോധം പകർന്നിട്ടുണ്ട്. അതുകൊണ്ടാണ് കർണാടക സംസ്ഥാനസർക്കാർ കേരളത്തിലെ സഹകരണമാതൃക പഠിക്കാനെത്തിയതും നടപ്പാക്കാൻ ശ്രമിക്കുന്നതും. പക്ഷേ, കേരളബാങ്ക് രൂപവത്കരിക്കാനുള്ള സർക്കാർ തീരുമാനം ഈ മേഖലയിൽ രാഷ്ട്രീയബലാബലത്തിന് വഴിയൊരുക്കിയെന്നത് വസ്തുതയാണ്. ആ മത്സരം സഹകരണരംഗത്തെ ഇതുവരെയുള്ള കേരളത്തിന്റെ മുന്നേറ്റത്തെ ബാധിക്കുന്ന തരത്തിലാകാതിരിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയപ്പാർട്ടികൾക്കും അതിലുപരി സർക്കാരിനുമുണ്ട്.
കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് സഹകരണ ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നാണ് കേരളബാങ്കിനെ എതിർക്കുന്ന പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ വാദം. ഇത് ലോകമാകെയുള്ള സഹകരണകാഴ്ചപ്പാടാണ്. കേരളബാങ്ക് കേന്ദ്രീകൃത ഭരണസംവിധാനം ഒരുക്കലല്ല, മറിച്ച് ശക്തമായ നായകബാങ്കിനെ സൃഷ്ടിച്ച് അംഗബാങ്കുകളെ ശക്തിപ്പെടുത്തുകയാണെന്നതാണ് സർക്കാർ നിലപാട്. ഇത് ബോധ്യപ്പെടുത്താൻ സർക്കാരിനായില്ലെന്നതാണ് മലപ്പുറം ജില്ലാബാങ്ക് ലയനതീരുമാനം തള്ളിയതിനും കോട്ടയം, എറണാകുളം, ഇടുക്കി, വയനാട് ജില്ലാബാങ്കുകളിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിന്റെയും കാരണം. സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ ലയനത്തിന് മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ പൊതുയോഗം അംഗീകരിക്കണമെന്ന വ്യവസ്ഥ റിസർവ് ബാങ്കിന്റേതാണ്. ഇത് സഹകരണബാങ്കുകൾക്കുമാത്രമല്ല, ബാങ്കിങ് കമ്പനികൾക്കടക്കം ബാധകമാക്കിയിട്ടുള്ള പൊതു വ്യവസ്ഥയാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
കേരളസഹകരണനിയമം ഭേദഗതിചെയ്ത് ലയനപ്രമേയത്തിന് കേവലഭൂരിപക്ഷത്തിന്റെ അംഗീകാരംമതിയെന്ന വ്യവസ്ഥ ഉൾപ്പെടുത്തി റിസർവ് ബാങ്ക് നിർദേശത്തെ മറികടക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. അങ്ങനെവന്നാൽ സർക്കാരിന്റെ മുന്നിലുള്ള മാർഗം മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിച്ച ഒമ്പത് ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കുകയെന്നതാണ്. ഇങ്ങനെയാണ് കേരളബാങ്ക് പ്രാവർത്തികമാകുന്നതെങ്കിൽ അത് സർക്കാർ ലക്ഷ്യമിട്ട രീതിയിലാവില്ല. അഞ്ച് ജില്ലകളിൽ ജില്ലാബാങ്ക് നിലനിൽക്കുകയും ഒമ്പത് ജില്ലകളിൽ അതില്ലാതെയുമുള്ള സഹകരണ വായ്പാഘടന കേരളത്തിലെ സഹകരണമേഖലയെ പ്രതികൂലമായി ബാധിക്കും.
ഛത്തീസ്ഗഢിലെ ധൻബാദ് ജില്ലാ സഹകരണബാങ്ക് സംസ്ഥാന സഹകരണബാങ്കിൽ ലയിക്കാതെ പ്രവർത്തിക്കുന്നുണ്ടെന്നതാണ് ഇതിനുള്ള മാതൃക. പക്ഷേ, ഛത്തീസ്ഗഢ് പോലെയല്ല കേരളം. ലാഭമോ മെച്ചപ്പെട്ട മൂലധനശേഷിയോ ഇല്ലാത്തതാണ് അവിടത്തെ ജില്ലാബാങ്കുകളും പ്രാഥമിക കാർഷികവായ്പാസംഘങ്ങളും. ഒറ്റച്ചരടിൽ കോർത്ത ശൃംഖലയാണ് കേരളത്തിന്റെ സഹകരണാടിത്തറ ശക്തമാക്കിയത്. മാത്രവുമല്ല, കേരളബാങ്കിലും ജില്ലാബാങ്കിലും പ്രാഥമിക സഹകരണബാങ്കുകൾ അംഗങ്ങളാകുമ്പോഴുള്ള ആശയക്കുഴപ്പം, പ്രാഥമിക സഹകരണബാങ്കുകളുടെ നിക്ഷേപവും കരുതൽധനവും എവിടെ നൽകണമെന്ന അനിശ്ചിതത്വം ഇതൊക്കെ നിലനിൽക്കും. അവിടെയും രാഷ്ട്രീയബലാബലം നടക്കും. ഇത്തരം കാര്യങ്ങളെല്ലാം സർക്കാരിന് നിയന്ത്രിക്കാനാകുമെന്നതിനാൽ ലയിക്കാത്ത ജില്ലാബാങ്കുകൾക്ക് പ്രവർത്തനബുദ്ധിമുട്ടുണ്ടാകും. ഇതൊന്നും സഹകരണമേഖലയ്ക്ക് ഭൂഷണമല്ല.
കെ.എസ്.ആർ.ടി.സി പെൻഷൻ, ക്ഷേമപെൻഷൻ ഇവയെല്ലാം നൽകാൻ പണം നൽകിയത് കേരളത്തിലെ സഹകരണസംഘങ്ങളാണ്. സാമ്പത്തികപ്രതിസന്ധിയിലായ സർക്കാരിന് ഇപ്പോൾ 5000 കോടി നൽകാനൊരുങ്ങുന്നതും സഹകരണസ്ഥാപനങ്ങളാണ്. ഇതിനൊക്കെ കഴിയുന്നത് ഈ മേഖലയുടെ സാമ്പത്തിക അടിത്തറകൊണ്ടാണ്. അതുണ്ടായത് വിശ്വാസ്യതയും ജനകീയതയും കൊണ്ടാണ്. അതിന് ഇളക്കമുണ്ടാക്കുന്ന നടപടി രാഷ്ട്രീയബലാബലത്തിന്റെ പേരിൽ സ്വീകരിക്കുമ്പോൾ തകരുന്നത് സഹകരണമേഖലയാകെയാകും. അതിനാൽ, തുറന്നമനസ്സോടെയുള്ള രാഷ്ട്രീയസമവായവും സഹകാരികളുടെ സഹകരണവും ഉറപ്പാക്കിയാവണം കേരളബാങ്കിന്റെ രൂപവത്കരണമുണ്ടാകേണ്ടത്.