കേരളബാങ്ക്; കരുതലോടെ വേണം ഇനിയുള്ള ചുവടുകൾ


2 min read
Read later
Print
Share

അഭിലഷണീയവും അനുപമവുമായ ഒരു സങ്കല്പമാണ് കേരളബാങ്ക് എന്നത്. പല സംസ്ഥാനങ്ങളും ഇതൊരു അനുകരണീയ മാതൃകയായിക്കണ്ട് ഇതിന്റെ പിറവിയുടെ ദശകളോരോന്നും ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്

കേരളസർക്കാരിന്റെ സുപ്രധാന വാഗ്ദാനമായ കേരളബാങ്ക് യാഥാർഥ്യത്തിലേക്കടുക്കുകയാണ്. കേരളത്തിന്റെ ബാങ്കിങ് മേഖലയുടെ മാത്രമല്ല, ഇവിടെ സക്രിയയമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ മേഖലയുടെയും മുഖച്ഛായ മാറ്റുമെന്ന് കരുതുന്ന പുതിയബാങ്കിന് റിസർവ് ബാങ്ക് തത്ത്വത്തിൽ അനുമതി നൽകിയിരിക്കുന്നു. രാഷ്ട്രീയമായ എതിർപ്പുകൾ നേരിട്ടുകൊണ്ട് ഇത്തരമൊരു ആശയത്തിന് പിന്നാലെപോയ സർക്കാരിന് ഇതൊരു നേട്ടം തന്നെയാണ്. ജനാഭിലാഷങ്ങൾക്കൊത്തുയർന്ന് പ്രവർത്തിക്കാനാവാത്തവിധം പ്രതിസന്ധികളിൽ വാണിജ്യബാങ്കുകൾ അകപ്പെട്ടിരിക്കുമ്പോൾ കേരളത്തിന് മാത്രമായൊരു ബാങ്ക് എന്നത് പലതരം പ്രതീക്ഷകളാണ് ഉയർത്തുന്നത്. കേരളത്തിൽ സഹകരണമേഖലയിൽ നിലവിലുള്ള ത്രിതലസംവിധാനം പൊളിച്ച് പ്രാഥമികസംഘങ്ങളും സംസ്ഥാന സഹകരണബാങ്കും ചേരുന്ന ദ്വിതല സംവിധാനമാണ് നിലവിൽവരാൻ പോകുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിന് പൂർണമായും പ്രയോജനപ്പെടുത്താനാവുന്ന ആയിരംകോടി രൂപയുടെ മൂലധനമുള്ള ബൃഹത്തായ ബാങ്ക് എന്നതാണ് കേരള ബാങ്ക് എന്ന ഈ ആശയം.
എന്നാൽ, ഈ ബാങ്കിനുള്ള അന്തിമ അനുമതിക്കായി റിസർവ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുള്ള വ്യവസ്ഥകൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്നത് സർക്കാരിന് ഒരു വെല്ലുവിളിയാണ്. റിസർവ് ബാങ്ക് നിർദേശിക്കുന്ന പ്രകാരമുള്ള ലയന നടപടികൾ വരുന്ന മാർച്ച് 31-നകം പൂർത്തിയാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇനിയുള്ള ചുരുക്കം ദിനങ്ങളിൽ നിർവഹിക്കാനുള്ളത്. കഷ്ടിച്ച് അഞ്ചുമാസം മാത്രമാണ് ഇതിന് ബാക്കിയുള്ളത്. ലയനത്തിന് ജില്ലാ സഹകരണബാങ്കുകളിലെ അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന കടമ്പ കടക്കാൻ ഓർഡിനൻസിലൂടെ ഒരുപക്ഷേ സർക്കാരിന് സാധിച്ചേക്കാം.

എന്നാൽ, പ്രവാസിനിക്ഷേപം കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി നേടിയെടുക്കുന്നതിനും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനും ഡേറ്റാലയനം പൂർത്തിയാക്കുന്നതിനും വിവര സങ്കേതികവിദ്യയുടെ മികച്ചരീതിയിലുള്ള ഏകോപനം സാധിക്കുന്നതിനും ശേഷിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിയുമോ എന്നത് കാത്തിരുന്ന്‌ കാണേണ്ടതാണ്. മൂലധന പര്യാപ്തത കൈവരിക്കാൻ സർക്കാരിന്റെ സഹായവും വേണ്ടിവരും. പ്രളയ ദുരിതത്തിൽ പകച്ചുനിൽക്കുന്ന കേരളത്തിന് അതിനുള്ള വിഭവം കണ്ടെത്തേണ്ടിവരുന്നത്‌ ശ്രമകരമാവും. ഇതിലൊക്കെ പ്രധാനം ലയനം നിരോധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന കോടതിവിധികളില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന റിസർവ് ബാങ്കിന്റെ വ്യവസ്ഥയാണ്.

കേരള ബാങ്കിനെ എതിർക്കുന്നവരുടെകൂടി അഭിപ്രായസമന്വയത്തിന് ശ്രമിച്ചും ഒരുവിധ സംശയങ്ങൾക്കും ഇടനൽകാത്ത സുതാര്യനടപടിക്രമങ്ങൾ പാലിച്ചും ബാങ്ക് രൂപവത്‌കരണം നടത്തേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. സഹകരണസംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന നിബന്ധനയും റിസർവ് ബാങ്ക് ഇതിനൊപ്പം മുന്നോട്ടുവെച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കേരളം എല്ലാക്കാലത്തും ഈ നിബന്ധനയെ എതിർത്തിരുന്നതാണ്.

അഭിലഷണീയവും അനുപമവുമായ ഒരു സങ്കല്പമാണ് കേരളബാങ്ക് എന്നത്. പല സംസ്ഥാനങ്ങളും ഇതൊരു അനുകരണീയ മാതൃകയായിക്കണ്ട് ഇതിന്റെ പിറവിയുടെ ദശകളോരോന്നും ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണ്. ലോകത്തിനുമുന്നിൽ കേരളം കാഴ്ചവെച്ച അനുപമമായ വികസനമാതൃക പോലെ ബാങ്കിങ് രംഗത്ത് കേരളംസൃഷ്ടിക്കുന്ന നൂതന പ്രായോഗിക മാതൃകയായി ഈ ബാങ്കിന് വളരാൻ കഴിയണം. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ചാലകശക്തിയായി മാറുന്ന, വാണിജ്യബാങ്കുകളുടെ കാര്യക്ഷമതയും സഹകരണ പ്രസ്ഥാനത്തിന്റെ നന്മകളും ഒരുമിക്കുന്ന പുത്തൻ ബാങ്കിങ് സംസ്കാരത്തിന് ഇത് നിമിത്തമാകണം. ഒപ്പം സഹകരണ മേഖലയുടെ ഘടനാപരമായ മാറ്റം കൂടി ഇത് ലക്ഷ്യമിടുന്നതിനാൽ സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ അതിജാഗ്രതയോടെ വേണം ഇനി സർക്കാരിന്റെ ഓരോ ചുവടുവെപ്പും. ഇതിനു കഴിയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram