ഈ ദുഷ്‌കൃത്യത്തിന്‌ അറുതിവരുത്തണം


2 min read
Read later
Print
Share

രിഷ്‌കൃതരെന്ന്‌ അവകാശപ്പെടുന്ന മനുഷ്യർ നടത്തുന്ന ഏറ്റവും നിഷ്ഠുരമായ കുറ്റകൃത്യങ്ങളിലൊന്നാണ്‌ മനുഷ്യക്കടത്ത്‌. നൂറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്നതും ആധുനികലോകം അവസാനിപ്പിച്ചതുമായ അടിമക്കച്ചവടംതൊട്ട്‌ തൊഴിലിന്റെയും കുടിയേറ്റത്തിന്റെയും സംരക്ഷണത്തിന്റെയും പേരിൽ ഇക്കാലത്തും നിലനിൽക്കുന്ന തട്ടിപ്പുകൾ വരെ നീളുന്നതാണ്‌ ആ മനുഷ്യചൂഷണത്തിന്റെ ചരിത്രം.

ബാലവേലയ്ക്കും ഭിക്ഷാടനത്തിനും അടിമപ്പണിക്കും വേശ്യാവൃത്തിക്കുമൊക്കെ മനുഷ്യരെ കടത്തിക്കൊണ്ടുപോയി വിൽക്കുന്ന ഈ നരാധമത്വത്തെ ചെറുക്കാനുള്ള ധീരമായ നടപടിയാണ്‌ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചിരിക്കുന്ന മനുഷ്യക്കടത്ത്‌ നിരോധന-സംരക്ഷണ-പുനരധിവാസ ബിൽ. നിയമലംഘകർക്ക്‌ ജീവപര്യന്തം തടവുവരെ ശിക്ഷയും ഉയർന്ന പിഴയും ശുപാർശചെയ്യുന്ന ബിൽ നിയമമാകുന്നത്‌ മനുഷ്യക്കടത്തിനു വിധേയരാവുന്ന ഇരകൾക്ക്‌ വലിയ ആശ്വാസമാകും.

ഏറ്റവും കൂടുതൽ മനുഷ്യക്കടത്തു നടക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ, നിലവിലുള്ള നിയമങ്ങളിൽ ഒട്ടേറെ പഴുതുകളുള്ളതുകൊണ്ടാണ്‌ പുതിയ നിയമം വരുന്നത്‌. മനുഷ്യാവകാശത്തിനും ബാലാവകാശത്തിനും വേണ്ടി നിലകൊള്ളുന്ന സന്നദ്ധപ്രവർത്തകരും സംഘടനകളും വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്‌ മനുഷ്യക്കടത്തു തടയാനുള്ള സമഗ്രനിയമം.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കൈലാസ്‌ സത്യാർഥി 2017 സെപ്‌റ്റംബർ 11-ന്‌ കന്യാകുമാരിയിൽനിന്ന്‌ ആരംഭിച്ച ഭാരതയാത്രയുടെ ലക്ഷ്യംതന്നെ ഇന്ത്യയിലെ ശിശുക്കടത്തിനെയും ശിശുലൈംഗികചൂഷണത്തെയുംകുറിച്ചുള്ള പൊതുജനാവബോധം സൃഷ്ടിക്കലായിരുന്നു. ഇന്ത്യയിലെ മനുഷ്യക്കടത്തിന്റെ യഥാർഥ ചിത്രം വ്യക്തമാക്കുന്ന വിശ്വസനീയമായ വിവരങ്ങൾ ലഭ്യമല്ല എന്നതാണു വാസ്തവം.

ഇന്ത്യക്കകത്തേക്കും പുറത്തേക്കും മാത്രമല്ല, ഒരു സംസ്ഥാനത്തുനിന്നു മറ്റൊന്നിലേക്കും മനുഷ്യക്കടത്തു നടക്കുന്നുണ്ട്‌. സ്ത്രീകളും കുട്ടികളുമാണ്‌ ഇതിന്റെ പ്രധാന ഇരകൾ. ലൈംഗികവ്യാപാരം, നിർബന്ധിത വിവാഹം, അടിമപ്പണി തുടങ്ങിയ പലതരം ആവശ്യങ്ങൾക്കുവേണ്ടിയാണ്‌ മനുഷ്യക്കടത്തു നടക്കുന്നത്‌. ഇതു തടയാൻ ഇന്ത്യയിൽ പലതവണ ക്രിമിനൽ നിയമങ്ങൾ ഭേദഗതിചെയ്തിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലവത്താകാതെ പോയതാണ്‌ പുതിയ നിയമം ആവശ്യമാക്കിയിരിക്കുന്നത്‌.

തൊഴിലിന്റെയും അനാഥസംരക്ഷണത്തിന്റെയുമൊക്കെ മറവിൽ നടക്കുന്ന നിഷ്ഠുരമായ മനുഷ്യവ്യാപാരവും ഭയങ്കരമായ ചൂഷണവും തടയുന്നതിൽ വലിയ മാറ്റം സൃഷ്ടിക്കാൻ നിയമത്തിനു കഴിയുമെന്നാണ്‌ പ്രതീക്ഷ.
മനുഷ്യക്കടത്തുകാരുടെ താത്‌പര്യമേഖലകളിലൊന്നാണ്‌ കേരളം. ഉയർന്ന കൂലിയും മെച്ചപ്പെട്ട സാമൂഹികസാഹചര്യവുംകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ ഒട്ടേറെപ്പേർ കേരളത്തിൽ ജോലിചെയ്യാൻ എത്തുന്നുണ്ട്‌. കൂട്ടത്തോടെ ആണും പെണ്ണുമായ തൊഴിലാളികളെ കൊണ്ടുവരുന്നതിനു പിന്നിൽ മാഫിയകളുടെ പ്രവർത്തനമുണ്ട്‌.

കേരളത്തിൽനിന്നു പുറത്തേക്ക്‌, വിശേഷിച്ചും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക്‌ മെച്ചപ്പെട്ട തൊഴിൽ വാഗ്ദാനംചെയ്ത്‌ ആളെക്കടത്തുന്നതും പതിവാണ്‌. 2016-ൽ സംസ്ഥാനത്തുനിന്ന്‌ 176 സ്ത്രീകൾ മനുഷ്യക്കടത്തിനിരയായെന്നാണ്‌ പോലീസിന്റെ കണക്ക്‌. 2017-ൽ ഒമാനിലെ ഒരു സെക്സ്‌ റാക്കറ്റിന്റെ പിടിയിലായിരുന്ന 67 മലയാളിസ്ത്രീകളിൽ 14 പേരെ കേരള പോലീസ്‌ രക്ഷിച്ചിരുന്നു. 2016-ൽ 83 കുട്ടികളെ കേരളത്തിൽനിന്നു വിറ്റുവെന്നാണ്‌ മറ്റൊരു കണക്ക്‌.

അനാഥാലയങ്ങളിൽ സംരക്ഷിക്കാനായി കൊണ്ടുവരുന്ന കുട്ടികളിൽ പലരും മനുഷ്യക്കടത്തിന്റെ ഇരകളാണ്‌. സമഗ്രമായ നിയമവും വ്യക്തമായ നിർവചനവും ചട്ടങ്ങളുമില്ലാത്തതുമൂലം പല സംഭവങ്ങളും മനുഷ്യക്കടത്തായി പരിഗണിച്ച്‌ കേസെടുക്കാനാവാത്ത സാഹചര്യവുമുണ്ട്‌. പുതിയ നിയമനിർമാണം ഇതിന്‌ അറുതിവരുത്തുമെന്നാശിക്കാം.

വീട്ടുേവലക്കാരായും മറ്റും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്ന ഒട്ടേറെ ഇന്ത്യൻ സ്ത്രീകൾ അടിമവേലയ്ക്കും തടവിനു തുല്യമായ ജീവിതത്തിനും വിധേയരായതിന്റെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌. പലരും ലൈംഗികചൂഷണത്തിനും ശാരീരികപീഡനങ്ങൾക്കും ഇരയാവുന്നു. നേപ്പാൾ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽനിന്ന്‌ കുട്ടികളെ ഇന്ത്യയിലേക്ക്‌ അടിമവേലയ്ക്കായി കൊണ്ടുവരുന്നതും പതിവാണ്‌.

തൊഴിൽ റിക്രൂട്ട്‌മെന്റ്‌ എന്ന പേരിലുള്ള തട്ടിപ്പിലൂടെ മനുഷ്യനെ വിൽക്കുന്ന ഈ ആധുനിക അടിമക്കച്ചവടത്തെ പുതിയ മനുഷ്യാവകാശസങ്കല്പങ്ങളുടെ വെളിച്ചത്തിൽ വീക്ഷിക്കുന്ന ഒട്ടേറെ വകുപ്പുകൾ നിർദിഷ്ട ബില്ലിലുണ്ട്‌. അഞ്ചുവർഷത്തിനിടെ മൂന്നുലക്ഷം കുട്ടികളെ കാണാതായെന്നും അതിൽ ഒരുലക്ഷം പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർതന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ, ബിൽ ഉടനടി അംഗീകരിച്ചു നിയമമാക്കുകയും ചട്ടങ്ങൾ രൂപപ്പെടുത്തുകയും വേണം. എങ്കിൽ മാത്രമേ ഭയാനകമായ ഈ ദുഷ്‌കൃത്യത്തിന്‌ അറുതിവരുത്താനാവൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram