ദ്രവീകൃത പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയ്‌ൽ) കേരളത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരേ ഒരുവിഭാഗം ജനങ്ങൾ നടത്തുന്ന പ്രതിഷേധസമരം അക്രമത്തിലും അടിച്ചൊതുക്കലിലും എത്തിയിരിക്കുകയാണിപ്പോൾ. കോഴിക്കോട്ടെ മുക്കത്ത് ഒരുമാസമായി നടക്കുന്ന സമരം, കഴിഞ്ഞദിവസം ലാത്തിയടിയിലും വാഹനങ്ങൾ തകർക്കലിലും കലാശിച്ചു. ഒട്ടേറെ സമരക്കാരെ അറസ്റ്റുചെയ്തിട്ടുമുണ്ട്. ഇപ്പോൾത്തന്നെ ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്കു വേഗംകൂട്ടണമെന്ന കർശന നിർദേശമാണ് കേന്ദ്രസർക്കാർ ഗെയിലിനു നൽകിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെയും നിലപാട് അതാണ്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ സ്ഥലം നൽകുന്നവർക്ക് സംസ്ഥാന സർക്കാർ നിർദേശിക്കുന്ന നഷ്ടപരിഹാരം നൽകാമെന്നും പദ്ധതികൊണ്ട് ഒരുതരത്തിലുള്ള അപകടവും ഉണ്ടാകുന്നില്ലെന്നും ഗെയ്‌ൽ അധികൃതർ ഉറപ്പുനൽകുന്നു. എന്നാൽ, ഗെയ്‌ൽവിരുദ്ധ സമരം ഏറ്റെടുക്കുമെന്നും പദ്ധതി നിർത്തിെവച്ച് സമരം ചെയ്യുന്നവരുമായി ചർച്ചചെയ്യണമെന്നും പ്രതിപക്ഷമായ യു.ഡി.എഫ്. പറയുന്നു. കേരളം വലിയ പ്രതീക്ഷയർപ്പിച്ചിട്ടുള്ള ദ്രവീകൃത പ്രകൃതിവാതകക്കുഴൽ പദ്ധതി ഇത്തരമൊരു പ്രതിസന്ധിയിൽ എത്തിനിൽക്കുന്നത് ആശാസ്യമല്ല. പലതരം ആശങ്കകൾ പുലർത്തുന്ന ജനങ്ങളിൽ ആത്മവിശ്വാസം വളർത്താൻ വേണ്ട ചർച്ചകൾ നടത്തിയും നടപടികൾ കൈക്കൊണ്ടും പദ്ധതി നടപ്പാക്കുകയാണു വേണ്ടത്. ആധുനികജീവിതത്തിനും വ്യവസായവികസനത്തിനും അനിവാര്യമാണ് വാതകക്കുഴൽ പദ്ധതിയെങ്കിലും അതു നടപ്പാക്കുന്നത് ആശങ്കയും എതിർപ്പും പ്രകടിപ്പിക്കുന്നവരുടെ സ്വരം കേൾക്കാതെയാകരുത്.
കൊച്ചിയിലെ പുതുവൈപ്പിനിൽ പെട്രോനെറ്റ് എൽ.എൻ.ജി. വഴി ഇറക്കുമതിചെയ്യുന്ന പ്രകൃതിവാതകം, 915 കിലോമീറ്റർ നീളത്തിൽ മണ്ണിനടിയിൽ സ്ഥാപിക്കുന്ന വമ്പൻ കുഴലുകളിലൂടെ കർണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും കൊണ്ടുപോകുന്ന പദ്ധതിയാണിത്. കൊച്ചിയിൽനിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടേക്കും അവിടെനിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ വഴി മംഗളൂരുവിലേക്കും ബെംഗളൂരുവിലേക്കും വാതകക്കുഴൽ നീളും. പാലക്കാടു വഴി തമിഴ്‌നാട്ടിലേക്കും ഒരു ലൈൻ നീളും. ഇതോടെ കേരളത്തിലെ ഏഴു വടക്കൻ ജില്ലകളും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പത്തു ജില്ലകളും ദേശീയവാതക ശൃംഖലയുമായി ബന്ധിതമാകും.
കേരളത്തിലെ പ്രധാന നഗരങ്ങളിൽ കുഴൽ വഴിയുള്ള പാചകവാതക വിതരണത്തിനും ഗതാഗതരംഗത്ത് മലിനീകരണരാഹിത്യ ഇന്ധനത്തിന്റെ വിതരണത്തിനും ഈ പദ്ധതി സഹായിക്കും. വൻകിട ശീതീകരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ സഹായിക്കുക വഴി കാർഷികോത്‌പന്നസംഭരണത്തിനും വാതകക്കുഴൽ പദ്ധതി പ്രയോജനപ്പെടും. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉപയോഗം ഗതാഗതമേഖലയ്ക്കു വലിയ ലാഭമുണ്ടാക്കും. കെ.എസ്.ആർ.ടി.സി.ക്കു നഷ്ടത്തിൽനിന്നു കരകയറാനും അതു സഹായിക്കും. വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണത്തിനും ദ്രവീകൃത പ്രകൃതിവാതകം പരിഹാരമാർഗമാണ്. 600 ലിറ്റർ വാതകം ഒരു ലിറ്റർ ദ്രാവകമാക്കി ചുരുക്കി കുഴലുകളിലൂടെ കൊണ്ടുപോയി പിന്നീട് വാതകമാക്കി മാറ്റി വിതരണംചെയ്യുന്നതാണ് ഗെയ്‌ലിന്റെ പദ്ധതി.
പ്രകൃതിവാതകക്കുഴൽ പദ്ധതിയോട് ഏറ്റവും വലിയ എതിർപ്പുള്ളത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. സ്ഥലമെടുപ്പാണ് എതിർപ്പിന്റെ പ്രത്യക്ഷകാരണം. കുഴലിടുന്നതിനുവേണ്ടി 20 മീറ്റർ വീതിയുള്ള സ്ഥലമാണ് ഗെയ്‌ലിന് ഉടമകൾ നൽകേണ്ടത്. ഉടമസ്ഥാവകാശം നൽകേണ്ടതില്ല. പൈപ്പ് കടന്നുപോകുന്ന സ്ഥലങ്ങൾക്കു മുകളിൽ വൻകിട കെട്ടിടനിർമാണങ്ങളോ വൻ മരങ്ങളോ പാടില്ലെന്നുണ്ട്. ആഴത്തിൽ വേരിറങ്ങാത്ത ചെറുകിട കൃഷികൾ ആകാം. ജനവാസമേഖലകൾ ഒഴിവാക്കി കൃഷിയിടങ്ങൾക്കിടയിലൂടെയാവും കുഴലുകൾ പോകുന്നത്. മതിയായ നഷ്ടപരിഹാരം നൽകാമെന്ന് ഇപ്പോൾ ഗെയ്‌ൽ സമ്മതിച്ചിട്ടുണ്ട്. ജനങ്ങൾക്കുള്ള അപകടശങ്ക പരിഹരിച്ചും നഷ്ടപരിഹാരത്തുക കൃത്യമായി നൽകിയും മുന്നോട്ടുപോയാൽ പദ്ധതി വേഗത്തിൽ യാഥാർത്ഥ്യമാക്കാനാവും.
ശരിയായ ബോധവത്‌കരണവും ആശങ്കയകറ്റാനുള്ള തുറന്ന ചർച്ചകളും വഴി വേണം സമരം ചെയ്യുന്നവർ ഉയർത്തിക്കാട്ടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടത്. കോടിക്കണക്കിനു രൂപ മുടക്കിക്കഴിഞ്ഞ പദ്ധതി ഉപേക്ഷിക്കുന്നത് രാജ്യത്തിന്റെ ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കും. രാഷ്ട്രീയമുതലെടുപ്പിനു വിട്ടുകൊടുത്ത് ഒരു ബൃഹദ്‌പദ്ധതി ഇല്ലാതാക്കുന്നതു നല്ലകാര്യമല്ല. ജനങ്ങളുടെ എതിർപ്പു കണ്ടില്ലെന്നു നടിക്കുന്നതാകട്ടെ ജനാധിപത്യവിരുദ്ധതയുമാവും. എതിർക്കുന്നവരിൽ വിശ്വാസം ജനിപ്പിക്കുന്ന തരത്തിലുള്ള രമ്യപരിഹാരത്തിനാണ് സംസ്ഥാനസർക്കാരും ഗെയ്‌ലും ശ്രമിക്കേണ്ടത്.