സ്വകാര്യസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പാട്ടത്തിന് നൽകിയ സർക്കാർ ഭൂമിയുടെ പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുമെന്ന് മാറിമാറിവന്ന സർക്കാരുകൾ പലപ്പോഴായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഈയിനത്തിൽ ഇനിയും സർക്കാരിന് കിട്ടാനുള്ളത് 495 കോടിരൂപ. മുൻ പ്രഖ്യാപനങ്ങളെല്ലാം അധരവ്യായാമം ആയിരുന്നുവെന്നതിന് ഇതിൽപ്പരം തെളിവൊന്നും വേണ്ടതില്ലല്ലോ. ചെറിയതുക വായ്പക്കുടിശ്ശിക വരുത്തുന്ന നിർധനരുടെ കിടപ്പാടംപോലും വിട്ടുവീഴ്ചയില്ലാതെ ജപ്തി ചെയ്യുകയും അവരെ ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന ശക്തമായ നിയമസംവിധാനമുള്ള നാട്ടിലാണ് സർക്കാരിന്റെ ഭൂമി കൈവശംവെച്ച് ദശകങ്ങളായി പാട്ടക്കുടിശ്ശിക നൽകാതെ വ്യക്തികളും സ്ഥാപനങ്ങളും പലവിധ സംരംഭങ്ങളിലൂടെ ലാഭം കൊയ്യുന്നതെന്ന് ഓർക്കണം.
ഈ കുടിശ്ശിക ഈടാക്കുമെന്ന പ്രഖ്യാപനം ഒരിക്കൽക്കൂടി സർക്കാർ ആവർത്തിച്ചിരിക്കുന്നു. പണമടച്ചില്ലെങ്കിൽ പാട്ടക്കരാർ റദ്ദാക്കി ഭൂമിയും അതിലെ നിർമിതികളും എത്രയുംവേഗം സർക്കാരിലേക്ക് തിരിച്ചെടുക്കണമെന്നാണ് റവന്യൂ മന്ത്രി നൽകിയ നിർദേശം. പ്രളയാനന്തര പുനർനിർമാണത്തിന് വൻതോതിൽ പണം ആവശ്യമുള്ളതിനാൽ ഇത്തവണയെങ്കിലും കുടിശ്ശിക പിരിച്ചെടുക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാവണം. തുക സ്വമേധയാ ഒടുക്കുന്നവർക്ക് പ്രത്യേക കിഴിവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാനും. കോടതികളെ സമീപിച്ചും മറ്റ് സാങ്കേതികവാദങ്ങൾ ഉന്നയിച്ചും പലരും ബാധ്യതകളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് മുൻകാലത്തൊക്കെ കണ്ടത്. ഇത് ഇത്തവണയും ആവർത്തിക്കാം. നിയമപരമായ തടസ്സങ്ങൾ നേരിടാൻ സർക്കാർ സജ്ജമായിരിക്കണം. പാട്ടഭൂമിയിൽ പൊതു ആവശ്യങ്ങൾക്കല്ലാതെ പ്രവർത്തിക്കുന്ന ക്ലബ്ബുകൾക്കും ഈ ഭൂമി പ്രയോജനപ്പെടുത്തി വാണിജ്യസംരംഭങ്ങൾ നടത്തുന്നവർക്കും ഇളവിനും സാവകാശത്തിനും അർഹതയില്ലെന്ന കർശന നിലപാടുതന്നെ സർക്കാർ സ്വീകരിക്കണം.
പ്രളയത്തിൽ തകർന്ന അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാനും നഷ്ടപ്പെട്ട ജീവിതോപാധികൾ വീണ്ടെടുക്കാനും കേരളത്തിന് 31,000 കോടിരൂപ വേണമെന്നാണ് ഐക്യരാഷ്ട്ര സംഘനയുടെ റിപ്പോർട്ട്. ദുരിതാശ്വാസത്തിന് ലോകമെങ്ങുംനിന്ന് വലിയ സഹായമാണ് കേരളത്തിന് ലഭിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മലയാളികളും ഇതരനാട്ടുകാരായ മനുഷ്യസ്നേഹികളും ത്യാഗമനോഭാവത്തോടെയാണ് സഹായിച്ചത്. എന്നാൽ, കിട്ടാനുള്ള വരുമാനം പിരിച്ചെടുക്കാതെ വൻകിടക്കാർക്ക് അനർഹമായ ആനൂകൂല്യം നൽകുമ്പോൾത്തന്നെ നാടിന്റെ ആവശ്യങ്ങൾ നിവർത്തിക്കാൻ സർക്കാർ ജനങ്ങളോട് സഹായാഭ്യർഥന നടത്തുന്നതിൽ അധാർമികതയുണ്ട്. അതുകൊണ്ട്, പാട്ടക്കുടിശ്ശിക മാത്രമല്ല, മറ്റ് നികുതികളുടെ കുടിശ്ശിക ഉൾപ്പെടെ എല്ലാതരം വരുമാനവും യുദ്ധകാലാടിസ്ഥാനത്തിൽ പിരിച്ചെടുക്കേണ്ടതുണ്ട്. ഇപ്പോൾ മാത്രമല്ല, വരുംവർഷങ്ങളിലും സർക്കാരിന്റെ വരുമാനം കാര്യമായി വർധിച്ചാലേ നവകേരളം യാഥാർഥ്യമാവൂ. നികുതി, നികുതിയേതര വരുമാനങ്ങൾ കുടിശ്ശികയില്ലാതെ പിരിച്ചെടുക്കാനുള്ള കുറ്റമറ്റ സംവിധാനംകൂടി ഏർപ്പെടുത്തേണ്ട സമയമാണിത്. കിട്ടേണ്ടത് പിരിച്ചെടുക്കുന്നതിൽ വീഴ്ചവരുത്തി കുടിശ്ശിക കുമിഞ്ഞുകൂടിയശേഷം എന്തെങ്കിലും കിട്ടിക്കോട്ടെ എന്നമട്ടിൽ നിസ്സഹായമായി ഇളവുകൾ പ്രഖ്യാപിക്കേണ്ടിവരുന്നത് ഭരണ തന്ത്രജ്ഞതയല്ല, കഴിവുകേടാണെന്ന് ഓർക്കണം.