പ്ലാസ്റ്റിക് നിരോധനം വെറുംവാക്കാവരുത്


2 min read
Read later
Print
Share

വനാന്തരത്തിലും ആഴക്കടലിലും വരെ പ്ലാസ്റ്റിക് മാലിന്യം എത്തിയെന്നത് അതിന്റെ ധാരാളിത്തത്തെ സൂചിപ്പിക്കുന്നു. പ്ലാസ്റ്റിക് ഉള്ളിൽ ചെന്ന് വന്യജീവികൾ ചത്തൊടുങ്ങുമ്പോഴും കടലിലും കായലിലും മീൻ ലഭ്യത കുറയുമ്പോഴും മൂക്കത്ത് വിരൽവെക്കുകയല്ലാതെ ആ ദുരിതത്തിന് പരിഹാരം കാണാനുള്ള ആത്മാർഥമായ ശ്രമങ്ങൾ ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ അധ്യാപകരും കുട്ടികളും പെടാപ്പാടുപെടുമ്പോൾ മതിലിനിപ്പുറം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുകയായിരുന്നു. ദോഷമാകുമെന്ന് വ്യക്തമായും അറിയാമായിരുന്നിട്ടും ഈ മാലിന്യത്തിന്റെ തോതു കുറച്ചുകൊണ്ടുവരാൻ ശ്രമങ്ങളുണ്ടായില്ല. എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനായില്ല. ഒടുവിലിപ്പോൾ, ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സംസ്ഥാനത്ത് നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. നല്ലത്. പ്രകൃതിയെയും മനുഷ്യനെയും സ്നേഹിക്കുന്ന ആർക്കും ആശ്വാസമാകുന്നതാണീ തീരുമാനം.

ഇന്ത്യൻ നഗരങ്ങൾ ദിവസം 15,000 ടൺ പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്നുണ്ട് എന്നായിരുന്നു കഴിഞ്ഞവർഷം കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ പഠനത്തിൽ കണ്ടെത്തിയത്. ഇതിൽ സംസ്കരിക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യുന്നത് 9000 ടൺ മാത്രം. ബാക്കി 6000 ടൺ റോഡിലും പറമ്പിലും ഓടകളിലും ജലാശയങ്ങളിലുമൊക്കെയാണ്. പഠനത്തിന് തിരഞ്ഞെടുത്ത അറുപത് നഗരങ്ങളിൽ കേരളത്തിൽനിന്ന് കൊച്ചിയുമുണ്ടായിരുന്നു. ദിവസം 9.43 ടൺ പ്ലാസ്റ്റിക് മാലിന്യം കൊച്ചി പുറന്തള്ളുന്നു എന്നാണ് മനസ്സിലായത്. ഇതുവരെ എത്രമാത്രം പ്ലാസ്റ്റിക് മാലിന്യമാകും ഇവിടെ കുന്നുകൂടിയിട്ടുണ്ടാവുക? അതെന്തു ചെയ്യും? കത്തിക്കുന്നത് അന്തരീക്ഷമലിനീകരണത്തിനു കാരണമാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ആഗോളതാപനത്തിന്റെ തോത് കൂട്ടാനേ അത് ഇടവരുത്തൂ. പക്ഷേ, ഇപ്പോഴും പലരും കത്തിക്കുന്നു.

ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ നിരോധനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണം കൊണ്ടുമാത്രം പ്ലാസ്റ്റിക്മാലിന്യമില്ലാതാക്കാൻ സാധിക്കില്ല എന്ന് ഈ നിരോധന തീരുമാനത്തോടെ വ്യക്തമായിരിക്കുകയാണ്. ഉപയോഗിച്ചുകഴിഞ്ഞ പ്ലാസ്റ്റിക് മുഴുവൻ പുതുക്കി വീണ്ടും ഉപയോഗിക്കാമായിരുന്നെങ്കിൽ ഇത്രയും മാലിന്യം ഉണ്ടാകുമായിരുന്നില്ലല്ലോ. പ്ലാസ്റ്റിക് ഉത്പാദകരുടെ അവകാശവാദങ്ങൾ പലതും തെറ്റായിരുന്നുവെന്നും ഈ തീരുമാനം ബോധ്യപ്പെടുത്തുന്നു. ഒരുവട്ടം മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളിൽ കാരിബാഗും മറ്റും ഒന്നോ രണ്ടോ ശതമാനമെ വരൂ. സിംഹഭാഗവും നിത്യോപയോഗ സാധനങ്ങളുടെയും ഉപകരണങ്ങളുടെയുമൊക്കെ കവറാണ്.

ഘട്ടംഘട്ടമായി പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. ആദ്യഘട്ടമായി കഴിഞ്ഞവർഷം വിനോദസഞ്ചാര,ആരോഗ്യമേഖലകളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളം ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പകരം ചില്ലുകുപ്പിയിൽ വെള്ളം വിതരണം ചെയ്യാനായിരുന്നു നിർദേശം. കഴിഞ്ഞ വർഷം ജൂൺ മുതൽ ആറുമാസത്തിനുള്ളിൽ ഈ നിരോധനം നടപ്പിൽ വരുത്താനായിരുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദേശം. പക്ഷേ, അത് പൂർണമായും നടപ്പാക്കാൻ ഇനിയും സാധിച്ചിട്ടില്ല. തീരുമാനം നടപ്പാക്കൽ വളരെ പ്രധാനമാണ്. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് നിരോധിച്ചിരിക്കുകയാണെങ്കിലും അത് എവിടെയും സുലഭം. നിരോധിച്ച കീടനാശിനികൾ എവിടെയും കിട്ടുന്ന നാടാണിത്. നിരോധനപ്രഖ്യാപനം കൊണ്ടായില്ല. നാടിനെ ബാധിക്കുന്ന ജീവൽപ്രശ്നമെന്ന നിലയിൽ ഇപ്പോഴത്തെ നിരോധനം കർശനമായി നടപ്പിൽ വരുത്തുകയാണ് വേണ്ടത്. പരിശോധനകൾ ഫലപ്രദമാകണം. നിരോധനത്തിനെതിരേ ആരെങ്കിലും പ്രവർത്തിക്കുന്നുവെന്നു കണ്ടാൽ നടപടിയെടുക്കാൻ തയ്യാറാകണം. നിരോധനം നിലവിൽ വരുന്നതിനു മുമ്പുതന്നെ പൊതുജനങ്ങളെ ബോധവത്കരിക്കണം. വിദ്യാലയങ്ങൾ വഴി പ്രചാരണം വേണം. ആരും നിർബന്ധിക്കാതെതന്നെ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ വാങ്ങില്ലെന്ന് ജനങ്ങളും തീരുമാനിക്കണം. എല്ലാവരുടെയും കൂട്ടായ യത്നം കൊണ്ടേ ഈ പ്രകൃതിയെ അതിന്റെ വിശുദ്ധിയോടെ വരുംതലമുറകൾക്ക് കൈമാറാനാവൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram