കേരളബാങ്കിന് വഴിതുറക്കുമ്പോൾ


2 min read
Read later
Print
Share

പ്രാഥമിക സഹകരണ ബാങ്കുകൾക്കാകെ 4500 ശാഖകളുണ്ട്. ഇതിലൂടെയും കേരളബാങ്കിന്റെ സേവനങ്ങൾ നൽകാനായാൽ, കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന വിളിപ്പേര് കേരളബാങ്കിന്റെ കാര്യത്തിൽ പൂർണമായും അന്വർഥമാകും. എന്നാൽ, റിസർവ് ബാങ്കിന്റെ അനുമതിയിലൂടെ മാത്രം പൂർണമാകുന്നതല്ല ഈ ലക്ഷ്യങ്ങളൊന്നും. അതിന് കരുതലും ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്

ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്തതും നടപ്പാക്കാൻ മൂന്നുവർഷത്തിലേറെയായി സർക്കാർ നിരന്തരമായി ശ്രമിക്കുന്നതുമായ ഒന്നാണ് കേരള ബാങ്ക്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിന്റെ ഒപ്പം ചേർന്നില്ല. എങ്കിലും 13 ജില്ലാ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനാണ് ഇപ്പോൾ റിസർവ് ബാങ്ക് പച്ചക്കൊടി കാട്ടിയിട്ടുള്ളത്.

കേരളബാങ്കിൽ റിസർവ് ബാങ്ക്‌ വരുത്തുന്ന പരിഷ്കാരം അത്ര ലളിതമല്ല എന്ന തിരിച്ചറിവുകൂടി ഈ ഘട്ടത്തിൽ നമുക്കുണ്ടാകേണ്ടതുണ്ട്. അർബൻ ബാങ്കുകൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള അതേ മാതൃകയിൽ ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്നാണ് ഇതിലൊന്ന്. സഹകരണബാങ്കുകളിൽ സംസ്ഥാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്നതും റിസർവ് ബാങ്കിന്റെ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുമായി റിസർവ് ബാങ്ക് മുൻ ഡയറക്ടർ വൈ.എച്ച്. മാലേഗം അധ്യക്ഷനായ സമിതിയാണ് 2011-ൽ ‘ബോർഡ് ഓഫ് മാനേജ്‌മെന്റ്’ എന്ന പരിഷ്കാരം ശുപാർശ ചെയ്തത്. ഇന്ത്യയിൽ സഹകരണ ബാങ്കിങ് മേഖലയിൽ അർബൻ ബാങ്കുകളാണ് ശക്തർ എന്നതുകൊണ്ടാണ്, അവർക്കുവേണ്ടി ഈ പരിഷ്കാരം നിർദേശിച്ചത്. മേൽനോട്ട ചുമതലയല്ലാതെ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ എല്ലാ അധികാരങ്ങളും ബോർഡ് ഓഫ് മാനേജ്‌മെന്റിന് കൈമാറുന്നതാണ് പുതിയ സംവിധാനം. ബോർഡ് ഓഫ് മാനേജ്‌മെന്റ് റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരിക്കും. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സഹകരണ ബാങ്കിന് ബോർഡ് ഓഫ് മാനേജ്‌മെന്റ് വ്യവസ്ഥ ഏർപ്പെടുത്തുന്നത്, കേരളബാങ്കിലൂടെ കേരളത്തിലാണ്. സഹകരണബാങ്കുകളുടെ നിയന്ത്രണം റിസർവ് ബാങ്ക്‌ കൈയടക്കാൻ ശ്രമിക്കുന്നത് അതിന്റെ ജനായത്ത സ്വഭാവം ഇല്ലാതാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻമുമ്പ് പറഞ്ഞത്. ആ അപകടം ഇവിടെ ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് നമ്മൾ ജാഗ്രതയോടെ കാണേണ്ടത്. കേരളബാങ്ക് പൂർണമായും പ്രൊഫഷണൽ രീതിയിലേക്ക് മാറണമെന്നതാണ് ഇതിന്റെ അപകടങ്ങൾ ഒഴിവാക്കാനുള്ള പരിഹാരം. തിരിച്ചടവ് ഉറപ്പുവരുത്താനാവാത്ത വായ്പകൾ നൽകിയതാണ് നേരത്തേ സംസ്ഥാന സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ആ രീതി ഇനി സാധ്യമാവില്ല. കിട്ടാക്കടം കൂടിയാൽ റിസർവ് ബാങ്ക് നേരിട്ട് ഇടപെടും. പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്കിനുണ്ടായ അനുഭവം നമ്മൾ കണ്ടതാണ്. പ്രാഥമിക സഹകരണബാങ്കുകളുടെ അപ്പക്സ് ബാങ്ക് എന്ന നിലയിൽ കേരളബാങ്കിലുണ്ടാകുന്ന ഏത് നിയന്ത്രണവും സംസ്ഥാനത്തെ സഹകരണ മേഖലയെ മൊത്തത്തിൽ ബാധിക്കും. ഒമ്പത്‌ ശതമാനം മൂലധന പര്യാപ്തത ഉറപ്പുവരുത്തണമെന്ന ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണ് റിസർവ് ബാങ്ക് നൽകിയിരുന്നത്. അതിനാൽ, മൂലധന പര്യപ്തതയിൽ കുറവുവന്നാൽ സാമ്പത്തിക സഹായം നൽകേണ്ട ബാധ്യത സർക്കാരിനാകും.

ഇതൊക്കെ പരിഗണിക്കുമ്പോൾ, നിലവിലെ സഹകരണ ബാങ്കുകളിൽനിന്നെല്ലാം വ്യത്യസ്തമായി വാണിജ്യബാങ്കുകളോട് മത്സരിക്കാനുള്ള തയ്യാറെടുപ്പാണ് കേരളബാങ്കിന് വേണ്ടത്. ശക്തമായ സാമ്പത്തിക കെട്ടുറപ്പ്, സാങ്കേതിക മികവ്, പ്രൊഫഷണൽ മാനേജ്‌മെന്റ് ഇവ ഉറപ്പുവരുത്തേണ്ടിവരും. ശമ്പളം-പെൻഷൻ വിതരണം, കെ. എസ്.ആർ.ടി.സി., മെട്രോ തുടങ്ങിയവയിലെ യാത്രയ്ക്ക് ഡിജിറ്റൽ കാർഡ് അങ്ങനെ സർക്കാരിന്റെ എല്ലാ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും ഡിജിറ്റൽ ഓൺലൈൻ ബാങ്കിങ് പാർട്ണറായി കേരളബാങ്കിന് മാറാനാകണം.

കേരളബാങ്ക് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നതിൽ തർക്കമില്ല. 2.10ലക്ഷം കോടി രൂപ നിക്ഷേപമുള്ള സഹകരണ ബാങ്കിങ് മേഖലയുടെ നായകത്വമാണ് കേരളബാങ്കിൽ വന്നുചേരുന്നത്. സംസ്ഥാനത്തെ വൻകിട പദ്ധതികൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കാനുള്ള അടിത്തറ കേരളബാങ്കിനുണ്ടാകും. 820 ശാഖകളുള്ള ബാങ്കായി കേരളബാങ്ക് മാറും. പ്രാഥമിക സഹകരണ ബാങ്കുകൾ കൂടി കേരളബാങ്കിന്റെ കണ്ണിയായാൽ ഗ്രാമീണ മേഖലയിലടക്കം സ്വാധീനമുറപ്പിക്കാനാകും. പ്രാഥമിക സഹകരണ ബാങ്കുകൾക്കാകെ 4500 ശാഖകളുണ്ട്. ഇതിലൂടെയും കേരളബാങ്കിന്റെ സേവനങ്ങൾ നൽകാനായാൽ, കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന വിളിപ്പേര് കേരളബാങ്കിന്റെ കാര്യത്തിൽ പൂർണമായും അന്വർഥമാകും. എന്നാൽ, റിസർവ് ബാങ്കിന്റെ അനുമതിയിലൂടെ മാത്രം പൂർണമാകുന്നതല്ല ഈ ലക്ഷ്യങ്ങളൊന്നും. അതിന് കരുതലും ജാഗ്രതയും നിരന്തര പരിശ്രമവും അനിവാര്യമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram