തിരുത്തലുകൾക്ക് അതീതമല്ല ഒരു ചരിത്രവും. മുൻ അറിവുകളെ അപ്രസക്തമാക്കുന്ന പുതിയ കണ്ടെത്തലുകൾ ഉണ്ടാകുമ്പോൾ തിരുത്തിക്കൊണ്ടാണ് ചരിത്രം അറിവിന്റെയും പ്രയോഗത്തിന്റെയും പാതയെ മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ, എഴുതപ്പെട്ട ഏതുചരിത്രവും കാലത്താൽ ബന്ധിതമാണ്. അതിന്റെ മറ്റൊരു പരിമിതി അത് ആരുടെ കാഴ്ചപ്പാടിൽ എഴുതപ്പെട്ടു എന്നതാണ്. അധികാരത്തിന്റെയും പുരുഷന്റെയും പക്ഷത്ത് നിന്നുകൊണ്ട് എഴുതപ്പെട്ടവ തിരസ്‌കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും കാഴ്ചപ്പാടുകൾകൊണ്ട് തിരുത്തപ്പെടുന്നു. അവളുടെ ചരിത്രം തന്നെ ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്നാണ് സ്ത്രീവാദത്തിന്റെ അടിസ്ഥാന നിലപാട്. ചരിത്രത്തിലും വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും പുതിയ വനിതാ പഠനകേന്ദ്രങ്ങൾ തുടങ്ങാനുള്ള യു.ജി.സി. പദ്ധതി ഇത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടും സ്വാഗതാർഹമാണ്. സ്ത്രീകളുടെ ലിംഗപദവി ഉയർത്താനും തുല്യത ഉറപ്പാക്കി സ്ത്രീശാക്തീകരണം സാധ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള അടിസ്ഥാന വികസനത്തിന് ബൃഹദ് സഹായം നൽകാനും യു.ജി.സി.ക്ക് പരിപാടിയുണ്ട്.
സ്ത്രീകളെ സ്വാഭിമാനത്തോടെ ജീവിക്കാൻ പഠിപ്പിക്കുന്നതിലൂടെമാത്രമേ സാമൂഹിക വികാസത്തിന് വിത്തിടാനാവൂ എന്നാണ് യു.ജി.സി. പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാൽ, ഇതിന് കടകവിരുദ്ധമാണ് കേരള ചരിത്രത്തിലെ സ്ത്രീകളുടെ മാറുമറയ്ക്കൽ പ്രക്ഷോഭത്തെ പാഠപുസ്തകത്തിൽനിന്ന് നീക്കിക്കൊണ്ടുള്ള എൻ.സി.ഇ.ആർ.ടി.(നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്)യുടെ നടപടി. ഒമ്പതാം ക്ലാസിലെ 'ഇന്ത്യയും സമകാലീന ലോകവും-ഒന്ന്' എന്ന പാഠപുസ്തകത്തിലെ 'വസ്ത്രധാരണം: ഒരു സാമൂഹിക ചരിത്രം' എന്ന എട്ടാം അധ്യായത്തിലെ ജാതിസംഘർഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് ചാന്നാർ ലഹള എന്ന മാറുമറയ്ക്കൽ സമരം വിവരിച്ചിട്ടുള്ളത്. ഇത് നീക്കപ്പെട്ടിരിക്കുകയാണ്. പാഠ പുസ്തകത്തിന്റെ ഭാരം ലഘൂകരിക്കുന്നതിനാണിതെന്ന വിചിത്ര ന്യായമാണ് എൻ.സി.ഇ.ആർ.ടി.യുടേത്. 2016 മുതൽ ഈ പാoഭാഗം പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതിനൊപ്പം 2017 മുതൽ ഈ ഭാഗത്തുനിന്ന് ചോദ്യങ്ങളുണ്ടാകരുതെന്നും നിർദേശിച്ചിരുന്നു. എന്നിട്ടും ഈ ഭാഗം പാഠപുസ്തകത്തിൽ തുടരുകയായിരുന്നു. അതാണിപ്പോൾ നീക്കാൻ തീരുമാനിച്ചത്.
ചരിത്രത്തിലിടം നേടിയ സ്ത്രീസമരത്തെ പുതിയ തലമുറയുടെ അറിവിൽനിന്ന് തമസ്‌കരിക്കുന്ന രീതിയാണിത്. ചരിത്ര വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഈ തീരുമാനത്തിൽ ഒത്തിണങ്ങുന്നു. അത് ചരിത്രത്തെ മുന്നോട്ടുനയിക്കലല്ല, പിറകോട്ട് വലിക്കലാണ്.
ചരിത്രപാഠപുസ്തകങ്ങളിൽനിന്ന് നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയതിനെതിരേ മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. അധ്യാപകരിൽനിന്ന് മാത്രമല്ല, ചരിത്രബോധമുള്ള കേരളത്തിലെ പൊതുസമൂഹത്തിൽനിന്നും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. രാഷ്ട്രീയമായ ഹ്രസ്വദൃഷ്ടികൾക്കനുസരിച്ച് ചരിത്രം തമസ്‌കരിച്ചുതുടങ്ങിയാൽ ഇല്ലാതാകുന്നത് ചരിത്രം തന്നെയാണ്. സ്ത്രീകളുടെ അതിജീവന പോരാട്ടങ്ങൾ അതുകൊണ്ട് ഇല്ലാതാക്കാനാവില്ല. മറിച്ച് ചരിത്രബോധമില്ലാത്ത ഒരുകൂട്ടത്തെ ഇവിടെ സൃഷ്ടിക്കാൻമാത്രമേ അത് ഇടയാക്കൂ. അതിന് വഴിയൊരുക്കരുത്. അത് ആത്മഹത്യാപരമാണ്.