നായയോ നയങ്ങളോ; ഏതാണ് വില്ലൻ?


2 min read
Read later
Print
Share

ദുരന്തങ്ങളുണ്ടായാൽ ഒന്ന്‌ ഞെട്ടിയുണരുക. കുറച്ചുനേരം ഒച്ചവെക്കുക. പിന്നെയും കൂർക്കംവലിച്ചുറങ്ങുക. സാമൂഹികപ്രശ്നങ്ങളിൽ ഇത്തരമൊരു അലസസമീപനമാണ് കേരളത്തിലെ എല്ലാ തലങ്ങളിലുമുള്ള ഭരണസംവിധാനങ്ങൾ സ്വീകരിക്കുന്നത്. പുല്ലുവിളയിലെ കടപ്പുറത്ത് സിലുവമ്മ എന്ന 65-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് ചോരവാർന്ന്‌ മരിക്കുന്നതുവരെ പൊതുസമൂഹത്തിന്റെ മുറവിളികളൊന്നും കേൾക്കാതെ തദ്ദേശഭരണസ്ഥാപനങ്ങളും സർക്കാറും ഉറക്കത്തിലായിരുന്നു. തെരുവുനായ്ക്കൾ കടിച്ചുപറിച്ച്‌ ചോരവാർന്ന കുഞ്ഞുമുഖങ്ങൾപോലും ഇവിടെ ആരുടെയും ഉറക്കംകെടുത്തിയില്ല. ഇപ്പോൾ വാർത്തകളുടെ സമ്മർദത്തിൽ സർക്കാർസംവിധാനങ്ങൾ വീണ്ടും ഉണർന്നിരിക്കുന്നു. ഇനിയെങ്കിലും ചെയ്യാനാവുന്നത്‌ ചെയ്യാതെ ഉറങ്ങിപ്പോയാൽ കേരളം മനുഷ്യന്‌ ജീവിക്കാൻപറ്റാത്ത ഇടമായിമാറും.

തെരുവുനായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്നതിനെപ്പറ്റി ചർച്ചചെയ്യുമ്പോഴെല്ലാം നായ്ക്കളെയൊട്ടാകെ കൊന്നൊടുക്കണമെന്ന അപ്രായോഗികവും ക്രൂരവുമായ ആവശ്യമാണ് പല കേന്ദ്രങ്ങളും ഉന്നയിക്കുന്നത്. കേരളത്തിനുമാത്രമായി ഒരു നിയമം ഉണ്ടാക്കാനാവില്ലെന്ന് എല്ലാവർക്കുമറിയാം. നായ്ക്കളെ കൊല്ലാൻ കേന്ദ്രനിയമവും സുപ്രീംകോടതിയുടെ വിധിയുമെല്ലാം ലംഘിക്കണം. ഇതിന് ഒരു സംസ്ഥാനത്തെയും സർക്കാറിന്‌ കഴിയില്ല. എന്നാൽ, നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട് ചെയ്യാനാകുന്നതുചെയ്യാൻ ഇത്രകാലത്തിനിടയ്ക്ക് കഴിഞ്ഞോയെന്നത് സ്വയംവിമർശത്തോടെ ആലോചിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനസർക്കാറും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തിൽ വലിയ വീഴ്ചവരുത്തിയെന്നതാണ് യാഥാർഥ്യം. നായ്ക്കൾ പെറ്റുപെരുകുന്നത്‌ തടയാൻ ഊർജിതമായ വന്ധ്യംകരണം നടത്താൻ സംസ്ഥാനത്തിന് പണംപോലും തടസ്സമല്ല. കേന്ദ്രസഹായം ആവശ്യത്തിന് ലഭിക്കും. തദ്ദേശസ്ഥാപനങ്ങളാണ് ഇതുനടത്തേണ്ടത്. എന്നാൽ, എത്ര തദ്ദേശസ്ഥാപനങ്ങൾ ഇത്‌ വീഴ്ചവരുത്താതെ ചെയ്തു? വല്ലപ്പോഴും ഏതെങ്കിലും പ്രദേശത്ത് ചെയ്തിട്ട് കാര്യമില്ല. കുറഞ്ഞത് മൂന്നുവർഷമെങ്കിലും ഒരു പ്രദേശത്ത് നിരന്തരമായി വന്ധ്യംകരണം നടത്തണം. ഇതിനായി നായ്ക്കളെ പിടിക്കാൻ പരിശീലനംകിട്ടിയവർ വേണം. നായ്ക്കളെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകാനും തിരിച്ച് അവ ജീവിക്കുന്ന സ്ഥലങ്ങളിൽ എത്തിക്കാനും വാഹനങ്ങൾ വേണം. ശസ്ത്രക്രിയനടത്താൻ ആവശ്യത്തിന് വെറ്ററിനറി ഡോക്ടർമാർ വേണം. കേരളത്തിൽ ഇല്ലാത്തതും ഇതുവരെ ഉണ്ടാക്കാൻ ശ്രമിക്കാത്തതും ഇത്തരമൊരു സംവിധാനമാണ്. ആക്രമണകാരികളായ നായ്ക്കളെ മാനദണ്ഡങ്ങൾ പാലിച്ച് കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിന് വെറ്ററിനറി ഡോക്ടറും മൃഗക്ഷേമബേർഡിന്റെ പ്രതിനിധികളുമൊക്കെ ഉൾപ്പെടുന്ന സമിതി സാക്ഷ്യപ്പെടുത്തണം. എന്നാൽ, ഇതിനൊന്നും നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ തയ്യാറല്ല. നിയമവിധേയമായ പരിഹാരമാർഗങ്ങളെക്കുറിച്ചുള്ള ബോധ്യമില്ലാതെ, നിയമവിരുദ്ധമായ മാർഗങ്ങൾക്ക് വാദിച്ചിട്ടെന്തുകാര്യം? നായ്ക്കളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടത്താനുള്ള സംവിധാനത്തിന് സർക്കാർ ഉടൻ രൂപംനൽകണം. ഇത് തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സർക്കാർ വകുപ്പുകൾക്ക് പുറത്തുള്ള വെറ്ററിനറി ഡോക്ടർമാരുടെയും സഹായംതേടണം. സർക്കാറിതര സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തണം. ഇതിനായി ഊർജിതമായ പദ്ധതിതന്നെ സർക്കാർ പ്രഖ്യാപിക്കണം.

കേരളത്തിൽ തെരുവുനായ്ക്കളുടെ എണ്ണം പെരുകുന്നതും അവ മനുഷ്യരെ ആക്രമിക്കുന്നതും ജന്തുലോകത്തിൽ നടക്കുന്ന എന്തെങ്കിലും ഗൂഢാലോചനയുടെ ഫലമല്ല. നമ്മുടെ നിരത്തുകളിൽ കുമിഞ്ഞുകൂടുന്ന ഭക്ഷ്യമാലിന്യങ്ങൾ, പ്രത്യേകിച്ച് മാംസാവശിഷ്ടങ്ങളാണ് ഇതിന്‌ പ്രധാനകാരണം. നിരത്തുകളിൽ മാലിന്യം നിറഞ്ഞതോടെയാണ് നായ്ക്കൾ ഇത്രയും പെരുകിയതെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പച്ചമാംസത്തിന്റെ അവശിഷ്ടങ്ങൾ നാടുനീളെ വലിച്ചെറിഞ്ഞിട്ട്, അവ നീക്കംചെയ്യാൻ തയ്യാറാകാതെ നായ്ക്കൾ പെരുകുന്നുവെന്ന് വിലപിച്ചിട്ട് എന്തുകാര്യം? ആഹാരം കിട്ടിയാൽ നായ്ക്കൾ പെറ്റുപെരുകും. പച്ചമാസം തിന്നുശീലിച്ച നായ്ക്കൾ ചെറുജീവികളെ കൊന്നുതിന്നാൻ തുടങ്ങും. പറ്റമായി ആക്രമിക്കുന്ന സ്വഭാവമാണ് നായ്ക്കൾക്ക്. പറ്റത്തിന്റെ വലിപ്പം കൂടുന്തോറും അവ വലിയ ജീവികളെ ആക്രമിക്കാൻ തുടങ്ങും. അങ്ങനെയാണ് കുഞ്ഞുങ്ങളെയും മുതിർന്ന മനുഷ്യരെയുമൊക്കെ ആക്രമിക്കുന്നത്. കേരളത്തിൽ മാലിന്യസംസ്കരണം പരാജയപ്പെട്ടപ്പോൾ സൂറത്തിലെന്നപോലെ പ്ലേഗ് ഉണ്ടാകുമെന്നായിരുന്നു പലരും പ്രവചിച്ചത്. എന്നാൽ, ഈ മാലിന്യം കഴിച്ച്‌ പെറ്റുപെരുകുന്ന തെരുവുനായ്ക്കളാണ് ഇന്ന്‌ നമുക്ക് വെല്ലുവിളിയുയർത്തുന്നത്. ഈ ദുരിതത്തെ നിയന്ത്രിക്കാൻ ആദ്യം വേണ്ടത് മാലിന്യനിർമാർജനത്തിനുള്ള അശ്രാന്തപരിശ്രമമാണ്. ഇതും കാര്യക്ഷമമായ വന്ധ്യംകരണവും നടപ്പാക്കിയാൽ പ്രശ്നത്തിന് കുറേയെങ്കിലും പരിഹാരം കാണാനാവും. അല്ലെങ്കിൽ കേരളം വൈകാതെ തെരുവുനായ്ക്കളുടെ സ്വന്തം നാടായിമാറും. മാലിന്യവും രോഗങ്ങളും തെരുവുനായ്ക്കളും എല്ലാം ചേർന്ന് മനുഷ്യജീവന് വിലയില്ലാതെവരുന്ന പ്രാകൃതമായ ഈ അവസ്ഥ അവസാനിപ്പിച്ചേതീരൂ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram