പുതിയ പോരാട്ടത്തിന്‌ സമയമായി


2 min read
Read later
Print
Share

സ്ത്രീധനനിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണമായി പരാജയപ്പെട്ടെന്ന ഭരണപരിഷ്കരണ കമ്മിഷന്റെ വിലയിരുത്തൽ സ്ത്രീധനത്തിനെതിരേയുള്ള പുത്തൻ പോരാട്ടത്തിന് സമയമായെന്ന് ഓർമിപ്പിക്കുന്നതാണ്. ഇതിന് പുതിയ ആയുധങ്ങൾ വേണം; കരുത്തുള്ള നിയമവും ഊർജിതമായ ബോധവത്കരണവും വേണം

സ്ത്രീധനമെന്ന ദുരാചാരത്തിന്റെമുന്നിൽ പരാജയപ്പെട്ട് മുഖം കുനിച്ചുനിൽക്കുകയാണ് കേരളം. നമ്മുടെ സാമൂഹിക ജീവിതത്തിനുമേൽ നീരാളിപ്പിടിത്തമിട്ടിരിക്കുന്ന ഈ വിപത്തിനെ പിഴുതെറിയാൻ ദശകങ്ങളായി ശ്രമം നടക്കുന്നുവെന്നാണ് അവകാശവാദം. എന്നാൽ, കാലംചെല്ലുന്തോറും ആ തിന്മ കൂടുതൽ വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ പിന്തുണയില്ലാത്തതിനാൽ സ്ത്രീധനത്തിനെതിരായ ബോധവത്കരണശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. നിയമംകൊണ്ടും ഈ ദുരാചാരത്തിന് ഒരു ചെറുപോറൽ പോലും ഏൽപ്പിക്കാനായിട്ടില്ല. സ്ത്രീധനനിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണമായി പരാജയപ്പെട്ടെന്ന ഭരണപരിഷ്കരണ കമ്മിഷന്റെ വിലയിരുത്തൽ സ്ത്രീധനത്തിനെതിരേയുള്ള പുത്തൻ പോരാട്ടത്തിന് സമയമായെന്ന് ഓർമിപ്പിക്കുന്നതാണ്. ഇതിന് പുതിയ ആയുധങ്ങൾ വേണം; കരുത്തുള്ള നിയമവും ഊർജിതമായ ബോധവത്കരണവും വേണം.

പെൺകുട്ടികളുള്ള കുടുംബങ്ങൾക്ക് സാമ്പത്തികബാധ്യതയുണ്ടാക്കുന്ന സമ്പ്രദായമെന്ന നിലയ്ക്കുമാത്രമല്ല ഇന്ന് സ്ത്രീധനത്തെ വിലയിരുത്തേണ്ടത്. നീതിയുടെ പല തലങ്ങളിൽനിന്ന് അതിനെ സമീപിക്കേണ്ടതുണ്ട്. സ്ത്രീയോട് സമൂഹം കാട്ടുന്ന ലിംഗപരമായ അനീതിയുടെ ഏറ്റവും അപകടകരമായ പ്രത്യക്ഷരൂപമാണ് സ്ത്രീധനസമ്പ്രദായം. സ്ത്രീയെ രണ്ടാംതരമാക്കാനും അവരെ കെട്ടിയിടാനുമുള്ള ഒളിയായുധംകൂടിയാണ് ഇന്ന് സമൂഹത്തിനത്. സ്ത്രീക്ക് വിലയിടുന്ന ഈ അനീതിക്കെതിരായ പോരാട്ടത്തിന് നീണ്ട ചരിത്രമുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ട, ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടിവന്ന പതിനായിരക്കണക്കിന് സ്ത്രീകളുടെ രക്തസാക്ഷിത്വമുണ്ട് ഈ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ. 1961-ൽത്തന്നെ സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിൽ വന്നിരുന്നു. പിന്നീട് അനുബന്ധമായ പലവിധ നിയമപരിഷ്കാരങ്ങളുമുണ്ടായി. എന്നാൽ, കേരളത്തിൽ കഴിഞ്ഞ പത്തുവർഷത്തെ ചിത്രമെടുത്താൽ ഈ നിയമത്തിന്റെ നടത്തിപ്പ് നിശ്ചലാവസ്ഥയിലാണ്. ഇക്കാലത്ത് സംസ്ഥാനത്ത് സ്ത്രീധനനിരോധന നിയമപ്രകാരം എടുത്ത കേസുകൾ 49 മാത്രമാണെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സ്ഥിതിവിവരം. എന്നാൽ, ഈകാലയളിൽ സ്ത്രീധനപീഡനത്തിൽ മരിച്ചത് 209 പേരാണ്. കൊലപാതകങ്ങളിലും ആത്മഹത്യകളിലും എത്തുന്നതുവരെ സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരാതികൾപോലുമാവുന്നില്ല എന്നതാണ് കേരളത്തിലെ സാഹചര്യം. ഈ വിപത്ത് നമ്മെ അത്രയ്ക്ക് നിസ്സഹായരാക്കിയിരിക്കുന്നു. എന്തിനാണ് ഇങ്ങനെയൊരു നിയമമെന്നുപോലും ചോദിക്കേണ്ടിവരുന്നു.

സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും നിയമത്തിലെതന്നെ വൈരുധ്യങ്ങളും സ്ത്രീധനത്തിനെതിരായ പോരാട്ടത്തെ ദുർബലമാക്കുന്നുവെന്ന് ഭരണപരിഷ്കരണ കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത് പ്രസക്തമാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ ശിക്ഷയുള്ള കുറ്റകൃത്യമാകുമ്പോൾ സ്വാഭാവികമായും ആരും പരാതിപ്പെടാൻ തയ്യാറാവില്ല. അതിനാൽ സ്ത്രീധനം നൽകുന്നവരെ ഇരകളായി കണക്കാക്കി ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്. സമ്മാനം എന്ന പേരിലൊക്കെ സ്ത്രീധനത്തെ മറ്റൊരുതരത്തിൽ സാധൂകരിക്കുന്ന തരത്തിലുള്ള നിയമത്തിലെ വൈരുധ്യങ്ങളും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. കമ്മിഷന്റെ ഈ നിർദേശം നിയമരംഗത്തുള്ളവരും നയവിദഗ്ധരും പൊതുപ്രവർത്തകരുമൊക്കെ ചർച്ച ചെയ്യേണ്ടതുണ്ട്. ഒപ്പം സ്ത്രീധന സമ്പ്രദായം നമ്മുടെ സാമൂഹിക ജീവിതത്തെ എത്രത്തോളം പിന്നോട്ടടിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ബോധവത്കരണവും പുതുതായി തുടങ്ങേണ്ടതുണ്ട്. നവോത്ഥാനത്തെപ്പറ്റിയുള്ള ചർച്ചകൾ കൂടുതൽ പ്രസക്തമാകുന്നത് ഇത്തരം സാമൂഹികദുരാചാരങ്ങൾ ഇല്ലായ്മ ചെയ്യുന്നതുകൂടി ലക്ഷ്യമിടുമ്പോഴാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

കടലിന്റെ മക്കളുടെ അന്നംമുട്ടിക്കരുത്

Dec 13, 2019


mathrubhumi

2 min

പാട്ടിന്റെ അവകാശികൾ

Mar 20, 2017