അഞ്ചുകൊല്ലത്തെ മഹാപ്രക്രിയയ്ക്കൊടുവിൽ അസമിലെ 19 ലക്ഷത്തിലേറെപ്പേർ ദേശീയ പൗരത്വ പട്ടികയിൽ(എൻ.ആർ.സി.)നിന്ന് പുറത്തായിരിക്കുന്നു. ഇന്ത്യക്കാരെന്നു തെളിയിക്കാൻ അവർ ഇനിയും ഏറെനാൾ കാലുവെന്തു നടക്കണം. ഇതുവരെ കാണിച്ചതിനെക്കാൾ വ്യക്തവും കൃത്യവുമെന്ന് അധികൃതർക്കു ബോധ്യപ്പെടുന്ന സാക്ഷ്യപത്രങ്ങളുമായി ഫോറിനേഴ്‌സ് ട്രിബ്യൂണലിൽ വരിനിൽക്കണം. അവിടെത്തോറ്റാൽ ഗുവാഹാട്ടി ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ കനിവിനായി കാത്തിരിക്കണം.
ആരും കനിഞ്ഞില്ലെങ്കിൽ ലോകത്തെ അനേകകോടി രാജ്യമില്ലാ ജനതതിയുടെ ഭാഗമായി നീറണം. എന്തൊരു ഭീഷണമായ അവസ്ഥയാണത്? ഇക്കാലമത്രയും ഇന്ത്യയിൽ പാർത്തവരിൽ പരദേശികളായി മുദ്രകുത്തപ്പെടാൻ വിധിക്കപ്പെട്ടവരിൽ എം.എൽ.എ. അനന്തകുമാർ മാലോയുണ്ട്, വീരചക്രം ലഭിച്ച ബ്രിഗേഡിയർ കെ.പി. ലാഹിരിയുടെ കുടുംബമുണ്ട്, കരസേനയിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസറായിരുന്ന മുഹമ്മദ് സനൗള്ളയും മക്കളുമുണ്ട്, അസമിലെ ആദ്യ പട്ടുവ്യവസായി രാധാകൃഷ്ണ സരസ്വതിയുടെ കുടുംബാംഗങ്ങളുണ്ട്. 1220 കോടി രൂപമുടക്കി, 60 കോടി രേഖകൾ പരിശോധിച്ച് നടപ്പാക്കിയ എൻ.ആർ.സി. പുതുക്കലിലെ മനുഷ്യപ്പറ്റില്ലാത്ത യാന്ത്രികത ബോധ്യപ്പെടാൻ ഈ ഉദാഹരണങ്ങൾ ധാരാളം. ഇവരുടെ കാര്യം ഇതാണെങ്കിൽ പള്ളിക്കൂടത്തിന്റെ പടികണ്ടിട്ടില്ലാത്ത, ജനനത്തീയതിക്കു തെളിവായി അവിടെനിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കാനില്ലാത്ത ആയിരക്കണക്കിനു നിരക്ഷരർ എൻ.ആർ.സി.യിൽ ഇടംനേടിയില്ലെങ്കിൽ അതിശയിക്കാനില്ല. പിഴവുകളുണ്ടെന്ന് പ്രത്യക്ഷത്തിൽ വെളിപ്പെടുന്ന രേഖവെച്ച് വലിയൊരു ജനസഞ്ചയത്തിനു പൗരത്വം നിഷേധിക്കുന്ന നടപടി അംഗീകരിക്കാനാവുന്നതല്ല.
ഇന്ത്യാവിഭജനത്തിനും ബംഗ്ലാദേശ് രൂപവത്കരണത്തിനും പിന്നാലെ അസമിൽ കുടിയേറിയ മറുനാട്ടുകാരെ കണ്ടെത്തിയൊഴിവാക്കാൻ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (ആസു) നടത്തിയ ആറുകൊല്ലത്തെ പ്രക്ഷോഭത്തിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ എൻ.ആർ.സി. വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ എൻ.ആർ.സി. തയ്യാറാക്കണമെന്ന അസം പബ്ലിക് വർക്‌സിന്റെ (എ.പി.ഡബ്ല്യു.) ഹർജി പരിഗണിച്ച സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് 2013-ൽ തുടങ്ങിയ പ്രക്രിയയാണ് വലിയൊരു മാനുഷികപ്രതിസന്ധിക്കു വഴിതുറന്നുകൊണ്ട് അവസാനിച്ചിരിക്കുന്നത്. അതിൽ പിഴവുപറ്റിയിട്ടുണ്ടെന്നതിൽ ആസുവും അസം ഭരിക്കുന്ന ബി.ജെ.പി.യുമുൾപ്പെടെയുള്ള രാഷ്ട്രീയപ്പാർട്ടികൾക്കും എ.പി.ഡബ്ല്യു.വിനും തർക്കമില്ല. പിഴവിനെ ഓരോരുത്തരും അവരവരുടെ താത്പര്യത്തെ മുൻനിർത്തി വ്യാഖ്യാനിക്കുന്നിടത്താണ് അപകടം പതിയിരിക്കുന്നത്. 1980-തുകളിലെ ആസുവിന്റെ കുടിയേറ്റവിരുദ്ധ പ്രക്ഷോഭത്തിൽ മതമൊരു ഘടകമല്ലായിരുന്നുവെങ്കിൽ, ഇന്ന് ഹിന്ദുക്കളായ കുടിയേറ്റക്കാരെ പട്ടികയിൽനിന്നൊഴിവാക്കാൻ ഗൂഢാലോചന നടന്നു എന്നാരോപിക്കുന്ന എൻ.ഇ.ഡി. എ. കൺവീനർ ഹിമന്ത ബിശ്വ ശർമയെപ്പോലുള്ളവർ അതിൽ മതത്തെ കടത്തിവിടുന്നു.
അസമിലെ ദേശീയവാദികളാകട്ടെ, പട്ടികയിൽനിന്നു പുറത്താക്കപ്പെട്ടവരുടെ എണ്ണം കുറഞ്ഞുപോയതിൽ പരിഭവിക്കുകയാണ്. ഉടൻ വിദേശികളായി മുദ്രയടിക്കപ്പെടില്ലെങ്കിലും സ്വന്തം പൗരത്വം തെളിയിക്കാൻ ഇനിയും നെട്ടോട്ടമോടേണ്ടിവരുന്നവരുടെ ആധി മനസ്സിലാക്കാൻ ഇവരാരും ശ്രമിക്കുന്നില്ല. മെക്‌സിക്കോയിൽനിന്നുള്ള കുടിയേറ്റക്കാരെ തടയാൻ മതിലുകെട്ടണമെന്നു പറയുന്ന അമേരിക്കൻ പ്രസിഡന്റും അഭയാർഥികളുമായെത്തിയ കപ്പലിനു തുറമുഖം നിഷേധിച്ച ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മത്തേയോ സാൽവിനിയുമൊക്കെ ഉൾപ്പെടുന്ന നവലോക ജനപ്രിയതാവാദികളുടെ കൂട്ടത്തിലാണ് ഇവരുടെയും സ്ഥാനം. ഇവർക്ക് മനുഷ്യത്വം ശബ്ദകോശത്തിലെ വെറുമൊരു വാക്കുമാത്രമാണ്.
അന്തിമപട്ടികയ്ക്കു പുറത്തായ 19,06,657 പേർക്കും പൗരത്വം തെളിയിക്കാൻ 120 ദിവസത്തിനകം ഫോറിനേഴ്‌സ് ട്രിബ്യൂണലിനെ സമീപിക്കാമെന്നാണ് അധികാരികൾ അറിയിച്ചിരിക്കുന്നത്. സ്വാഭാവികനീതി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ മുമ്പ് പലപ്പോഴും വിമർശനം കേട്ടിട്ടുള്ളവയാണ് ഈ ട്രിബ്യൂണലുകൾ. ഇവിടെയും പുറന്തള്ളപ്പെടുന്നവർക്ക് അന്തിമാഭയമായി കോടതികളുണ്ട്. ആറുകൊല്ലമായി എൻ.ആർ.സി. പ്രക്രിയകൾക്കു മേൽനോട്ടം വഹിക്കുന്ന സുപ്രീംകോടതി, അസമിലെ പൗരരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നു പ്രതീക്ഷിക്കാം. എങ്കിലും ആദ്യരണ്ടു കരടുപട്ടികയിലും പേരില്ലാതിരുന്നതിൽ നിരാശരും ആർത്തരുമായി അസമിൽനിന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് പലായനംചെയ്ത 3.8 ലക്ഷം പേരുൾപ്പെടെ ഒരുവിഭാഗമാളുകൾ എൻ.ആർ.സി.യിൽ കടന്നുകൂടാനുള്ള സാധ്യത വിദൂരമാണ്.
വോട്ടവകാശമല്ലാതെ ഇന്ത്യൻ പൗരരനുഭവിക്കുന്ന മറ്റെന്തൊക്കെ അവകാശങ്ങളാവും അവർക്ക് നിഷേധിക്കപ്പെടുക? അവരെ എക്കാലത്തേക്കും തടവിൽവെക്കുമോ? പൗരത്വം നഷ്ടപ്പെട്ട് രാജ്യമില്ലാതാകുന്നവരോട് എന്തുസമീപനം സ്വീകരിക്കണമെന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ ചട്ടമില്ലെന്നാണറിവ്. ‘തൊഴിൽ പെർമിറ്റ്’ എന്ന സാധ്യതയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത്. പട്ടികയിൽപ്പെടാൻ നിശ്ചയിച്ച കാലപരിധിയായ 1971 മാർച്ച് 25-നുശേഷം ഇന്ത്യയിൽ പിറന്നവരുടെ മക്കളും പുറത്തായവരിലുണ്ട്. കാലക്രമേണയെങ്കിലും ഇവരെ ഇന്ത്യൻ പൗരരായി അംഗീകരിക്കാനുള്ള സൗമനസ്യമുണ്ടാകണം. അസമിലെ എൻ.ആർ.സി.യുടെ ചുവടുപിടിച്ച് വിവിധസംസ്ഥാനങ്ങളിൽ ഇത്തരം പട്ടികയുണ്ടാക്കണമെന്ന ആവശ്യമുയർന്നുകഴിഞ്ഞു. ദേശീയവാദിപ്പാർട്ടികളായ ബി.ജെ.പി.യിലെയും ശിവസേനയിലെയും നേതാക്കളാണ് ഈ ആവശ്യവുമായെത്തിയിരിക്കുന്നത്. എൻ.ആർ.സി.യിൽപ്പെടാത്ത ‘ഹിന്ദു അഭയാർഥി’കൾക്കു പൗരത്വം നൽകാനായി പ്രത്യേക ബിൽ കൊണ്ടുവരുമെന്നു പറഞ്ഞത് കേന്ദ്ര ആഭ്യന്തരമന്ത്രിയാണ്. ‘മണ്ണിന്റെ മക്കൾവാദ’വും വർഗീയവാദവും പലരൂപത്തിലും ഭാവത്തിലുമുയരുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന ഖ്യാതിപേറുന്ന ഇന്ത്യയ്ക്കു ഭൂഷണമല്ല. ഉൾക്കൊള്ളലിന്റെ പാരമ്പര്യമാണ് ഇന്ത്യയുടേത്, പുറന്തള്ളലിന്റേതല്ല എന്നതു മറക്കാതിരിക്കാം.